വിശപ്പു മാറ്റാതെ സമാധാനവും വികസനവും വരില്ല: പി.ജെ.കുര്യന്‍
വിശപ്പു മാറ്റാതെ സമാധാനവും വികസനവും വരില്ല: പി.ജെ.കുര്യന്‍
Friday, September 4, 2015 11:13 PM IST
പ്രത്യേക ലേഖകന്‍

ന്യൂയോര്‍ക്ക്: വിശപ്പും ദാരിദ്യ്രവും പോഷകാഹാരക്കുറവും പരിഹരിക്കുകയാണ് ആഗോള സമാധാനത്തിനും സുസ്ഥിര വികസനത്തിനും അനിവാര്യമെന്നു രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍. വികസിത രാജ്യങ്ങള്‍ തങ്ങളുടെ മൊത്ത ദേശീയ വരുമാനത്തിന്റെ 0.7 ശതമാനം വികസ്വര രാജ്യങ്ങള്‍ക്കു ഔദ്യോഗിക വികസന സഹായമായി നല്‍കണമെന്ന ഉറപ്പു പാലിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തെ ജനറല്‍ അസംബ്ളി ഹാളില്‍ നടന്ന ലോകരാജ്യങ്ങളിലെ പാര്‍ലമെന്റ് സ്പീക്കര്‍മാരുടെ നാലാമത് ആഗോള സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രഫ. കുര്യന്‍. ജനങ്ങള്‍ ആഗ്രഹിക്കുന്ന ലോകം സൃഷ്ടിക്കുന്നതിനും സമാധാനത്തിനും സുസ്ഥിര വികസനത്തിനുമായുള്ള സേവനത്തില്‍ ജനാധിപത്യത്തെ സമര്‍പ്പിക്കുക എന്ന വിഷയത്തിലായിരുന്നു സമ്മേളനം. ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജനും സമ്മേളനത്തില്‍ പങ്കെടുത്തു. ഇരുവരും പിന്നീട് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തി.

സുസ്ഥിര വികസന ലക്ഷ്യത്തിനായുള്ള എല്ലാ മേഖലകളിലും വനിതകളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും പ്രഫ. കുര്യന്‍ നിര്‍ദേശിച്ചു. ഇന്ത്യയിലെ ത്രിതല പഞ്ചായത്തുകളില്‍ വനിതകള്‍ക്കു സംവരണം ഏര്‍പ്പെടുത്തിയതിലൂടെ 10 ലക്ഷത്തോളം സ്ത്രീകളാണു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സമിതികളിലെത്തിയത്. സ്ത്രീശാക്തീകരണത്തെ തന്റെ അഹിംസാ പൊതുജനമുന്നേറ്റത്തിന്റെ സുപ്രധാന ഘടകമായാണു മഹാത്മാഗാന്ധി കണ്ടിരുന്നത്. സുസ്ഥിര വികസനത്തിനുള്ള പ്രധാന ഘടകമായി റിയോ ഉച്ചകോടി ഊന്നല്‍ നല്‍കിയതും സ്ത്രീ, പുരുഷ സമത്വത്തിനാണെന്നു കുര്യന്‍ ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷണത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളിയും പട്ടിണിയാണ്. പരിസ്ഥിതിയെ ഏറ്റവും മലിനപ്പെടുത്തുന്ന ദാരിദ്യ്രവും മനുഷ്യന്റെ ആവശ്യങ്ങളുമാണെന്നു 1972ലെ സ്റോക്ഹോമില്‍ നടന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉന്നയിച്ച ചോദ്യം ഇന്നും പ്രസക്തമാണ്. ഇന്ദിരാ ഗാന്ധിയുടെ ഈ ചോദ്യമാണ് ആഗോളതലത്തില്‍ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ ജനകഥയായി മാറിയത്. പാവപ്പെട്ടവരുടെയും അധസ്ഥിതരുടെയും ആവശ്യങ്ങള്‍ക്കു പ്രാമുഖ്യം നല്‍കാതെ സുസ്ഥിരവികസനം സാധ്യമാകില്ലെന്നും പ്രഫ. കുര്യന്‍ ഓര്‍മിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.