ദക്ഷിണചൈനാക്കടലിലെ ചൈനയുടെ പ്രവര്‍ത്തനത്തില്‍ ആശങ്കയെന്ന് ഓസ്ട്രേലിയ
Thursday, September 3, 2015 12:06 AM IST
കാന്‍ബറെ/ന്യൂഡല്‍ഹി: ദക്ഷിണ ചൈനാക്കടലില്‍ ചൈന നടത്തുന്ന സൈനിക വിന്യാസത്തില്‍ ഓസ്ട്രേലിയ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യാ സന്ദര്‍ശനം നടത്തുന്ന ഓസ്ട്രേലിയന്‍ പ്രതിരോധമന്ത്രി കെവിന്‍ ആന്‍ഡ്രൂസ് ന്യൂഡല്‍ഹിയിലെ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റഡീസ് ആന്‍ഡ് അനാലിസിസില്‍ നടത്തിയ പ്രഭാഷണത്തിലാണു ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ ഇടപെടലുകളിലും നിര്‍മാണപ്രവര്‍ത്തനങ്ങളിലും ആശങ്ക പ്രകടിപ്പിച്ചത്.

ഇന്ത്യന്‍ മഹാസമുദ്രപ്രദേശത്തു നടക്കുന്ന പ്രശ്നപരിഹാരത്തിന് ഇന്ത്യക്കു പ്രധാനപങ്കുവഹിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തിതര്‍ക്കങ്ങള്‍ രാജ്യങ്ങളുടെ ആശങ്കയും അസ്ഥിരതയും വര്‍ധിപ്പിക്കുകമാത്രമാണു ചെയ്തിട്ടുള്ളത്. ദക്ഷിണ ചൈനാക്കടലില്‍ ചൈന നിര്‍മിക്കാന്‍ പോകുന്ന സൈനിക വിമാനത്താവളം പ്രദേശത്തിന്റെ സുരക്ഷയ്ക്ക് ഒരുവിധത്തിലും സഹായകമാവില്ല. ഇക്കാര്യത്തില്‍ ചൈന നയം വ്യക്തമാക്കണം - കെവിന്‍ ആന്‍ഡ്രൂസ് പറഞ്ഞു.


വിയറ്റ്നാമും ഫിലിപ്പൈന്‍സുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവകാശമുന്നയിക്കുന്ന സ്ഥലത്താണ് ചൈന നിര്‍മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.