മുല്ലാ ഉമറിനെ സംരക്ഷിച്ചത് ഐഎസ്ഐ
മുല്ലാ ഉമറിനെ സംരക്ഷിച്ചത് ഐഎസ്ഐ
Wednesday, September 2, 2015 10:24 PM IST
വാഷിംഗ്ടണ്‍: യുഎസ് സൈനികാക്രമണത്തെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍നിന്നു പലായനം ചെയ്ത താലിബാന്‍ നേതാവ് മുല്ലാ ഉമറും സംഘവും പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സംരക്ഷണയിലാണു കഴിഞ്ഞിരുന്നതെന്നു വ്യക്തമാക്കുന്ന തെളിവു പുറത്തുവന്നു. ഹില്ലരി ക്ളിന്റണു ലഭിച്ച ഇ മെയില്‍ സന്ദേശത്തിലാണ് ഈ വിവരം ഉള്ളത്.

ഹില്ലരി സ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്ത് ലഭിച്ചതും അവര്‍ അയച്ചതുമായ ഇ-മെയിലുകളില്‍ 7000 എണ്ണംകൂടി കഴിഞ്ഞ ദിവസം സ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് പുറത്തുവിട്ടു. 2010 ഓഗസ്റ് 25നു ഹില്ലരിക്കു വന്ന ഇ മെയിലിലാണ് മുല്ലാ ഉമറിനെക്കുറിച്ചു പരാമര്‍ശമുള്ളത്.

മുല്ലാ ഉമര്‍ രണ്ടുവര്‍ഷംമുമ്പ് കറാച്ചിയിലെ ആശുപത്രിയില്‍ മരിച്ച കാര്യം ഈയിടെയാണു താലിബാന്‍ സ്ഥിരീകരിച്ചത്. മുല്ലാ തങ്ങളുടെ സംരക്ഷണയിലായിരുന്നുവെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴൊക്കെ പാക്കിസ്ഥാന്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍ അമേരിക്കയ്ക്ക് ഇക്കാര്യം അറിവുണ്ടായിരുന്നുവെന്ന് ഇ മെയില്‍ സന്ദേശം വ്യക്തമാക്കുന്നു.


സ്റേറ്റ് സെക്രട്ടറിയായിരുന്ന അവസരത്തില്‍ ന്യൂയോര്‍ക്കിലെ വസതിയിലെ സ്വകാര്യ സര്‍വറിലൂടെ ഹില്ലരി ഇമെയിലുകള്‍ അയച്ചത് ഏറെ വിവാദമായിരുന്നു. ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്തുപോയില്ലെന്നു ഹില്ലരി വാദിച്ചെങ്കിലും ഇതു മുഖവിലയ്ക്കെടുക്കാന്‍ പലരും തയാറാവുന്നില്ല. വൈറ്റ്ഹൌസിലേക്ക് ഡെമോക്രാറ്റിക് ടിക്കറ്റില്‍ മത്സരിക്കാന്‍ ഉദ്യമിക്കുന്ന ഹില്ലരിക്ക് ഇമെയില്‍ വിവാദം തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

വിവാദം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് മൊത്തം 55,000 പേജുവരുന്ന ഇമെയിലുകള്‍ ഹില്ലരി സ്റേറ്റ്ഡിപ്പാര്‍ട്ടുമെന്റിനു കൈമാറി. ഇതില്‍ 150 എണ്ണം രഹസ്യസ്വഭാവമുള്ളവയാണെന്ന് അധികൃതര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.