പുതിയ സൂയസ് കനാല്‍ ഉദ്ഘാടനം നാളെ
പുതിയ സൂയസ് കനാല്‍ ഉദ്ഘാടനം നാളെ
Wednesday, August 5, 2015 11:08 PM IST
കയ്റോ: യൂറോപ്പിനും ഏഷ്യയ്ക്കുമിടയിലുള്ള കപ്പല്‍ഗതാഗതം കൂടുതല്‍ സുഗമമാക്കി ഈജിപ്ത് നിര്‍മിച്ച പുതിയ സൂയസ് കനാല്‍ നാളെ ഔദ്യോഗികമായി തുറന്നുകൊടുക്കും.
തുറമുഖനഗരമായ ഇസ്മാലിയയിലെ കനാല്‍ തീരത്തു നടക്കു ന്ന പ്രൌഢഗംഭീരമായ ചടങ്ങില്‍ ലോകനേതാക്കളുടെ സാന്നിധ്യത്തില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍സിസി സൂയസ് കനാല്‍ ആക്സി സ് എന്ന പേരിലുള്ള ഈ കനാല്‍ ഉദ്ഘാടനം ചെയ്യും.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ദ്, യുഎസ് സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ തലവന്മാര്‍ തുടങ്ങി ലോകനേതാക്കളുടെ വന്‍ നിരയുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പങ്കെടുക്കും.


ഉദ്ഘാടനച്ചടങ്ങിനുശേഷം വിശിഷ്ടാതിഥികള്‍ ഇസ്മാലിയയില്‍നിന്ന് പുതിയ കനാല്‍ റൂട്ടിലൂടെ മാഹ്രൌസ എന്ന രാജകീയ യാനത്തില്‍ സഞ്ചരിക്കും. പുതിയ കനാല്‍ അല്‍സിസി ഉദ്ഘാടനം ചെയ്യുന്ന അതേസമയത്ത് ലോകത്തെ എല്ലാ തുറമുഖങ്ങളിലും നങ്കൂരമിട്ടുകിടക്കുന്ന കപ്പലുകള്‍ ആഹ്ളാദസൂചകമായി സൈറണ്‍ മുഴക്കും. ഉദ്ഘാടനച്ചടങ്ങ് മുന്‍നിര്‍ത്തി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കനാല്‍തീരം മുഴുവന്‍ സൈനികരുടെ കാവലിലാണ്. ഉദ്ഘാടനച്ചടങ്ങ് നടക്കുന്ന ഇസ്മാലിയയില്‍ മാത്രം 10,000 സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്.

സൂയസ് കനാല്‍ നിര്‍മിച്ചത് നീണ്ട പത്തു വര്‍ഷമെടുത്താണെങ്കില്‍ സൂയസ് കനാല്‍ ആക്സിസ് എന്ന പേരിലുള്ള പുതിയ കനാലിന്റെ നിര്‍മാണത്തിനെടുത്തത് കേവലം 12 മാസം മാത്രമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.