മുംബൈ ആക്രമണം ആസൂത്രണം ചെയ്തതു പാക്കിസ്ഥാന്‍ തന്നെ
മുംബൈ ആക്രമണം ആസൂത്രണം ചെയ്തതു പാക്കിസ്ഥാന്‍ തന്നെ
Wednesday, August 5, 2015 11:07 PM IST
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണം പാക്കിസ്ഥാന്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നു പാക് സര്‍ക്കാരിനുവേണ്ടി ആക്രമണക്കേസ് അന്വേഷിച്ച ഔദ്യോഗിക അന്വേഷണ ഏജന്‍സി (എഫ്ഐഎ)യുടെ മുന്‍ തല വന്‍ താരിഖ് ഖോസയുടെ വെളിപ്പെടുത്തല്‍. ദ ഡോണ്‍ പത്രത്തിലാണ് ഇന്ത്യയുടെ കണ്െടത്തലുകള്‍ ശരിവച്ചുകൊണ്ടുള്ള ഖോസയുടെ ലേഖനം.

ഇന്ത്യയില്‍ പിടിയിലായ അജ്മല്‍ കസബ് പാക് പൌരനാണെ ന്നും കസബിന്റെ തീവ്രവാദ ബന്ധത്തെക്കുറിച്ചു പാക്കിസ്ഥാന് അറിവുണ്ടായിരുന്നുവെന്നും ഖോസ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സിന്ധ് പ്രവിശ്യയിലെ തട്ടയിലാണു കസബ് അടക്കമുള്ളവര്‍ക്ക് മുംബൈ ആക്രമണത്തിനായി ലഷ്കര്‍ ഇ തോയിബ പരിശീലനം നല്കിയത്.പാക്കിസ്ഥാന്‍ തെറ്റ് അംഗീകരിക്കണമെന്നും കുറ്റക്കാരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുംബൈ ഭീകരാക്രമണത്തിന് ആഴ്ചകള്‍ക്കുമുമ്പു കറാച്ചിയിലാണു ഗൂഢാലോചന നടന്നത്. മുംബൈ തുറമുഖത്തെത്തുന്നതുവരെ കറാച്ചിയില്‍നിന്ന് ഇന്റര്‍നെറ്റ് ഫോണില്‍ ഭീകരര്‍ക്കു നിര്‍ദേശം ലഭിച്ചുകൊണ്ടിരുന്നു.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെത്തിയ ഇവര്‍ മുംബൈ മത്സ്യത്തൊഴിലാളികളുടെ ബോട്ട് തട്ടിയെടുത്തു. ഇവരെത്തിയ ബോട്ട് പാക്കിസ്ഥാനിലേക്കു തിരികെ വിട്ടു. ഇതു പിന്നീടു പാക്കിസ്ഥാനില്‍ പെയിന്റുമാറ്റി ഒളിപ്പിച്ചു. മുംബൈ തീരത്തെത്താന്‍ ഭീകരര്‍ ഉപയോഗിച്ച ചെറുവഞ്ചി ജപ്പാനില്‍ നിര്‍മിച്ചതാണ്. എന്‍ജിനിലെ സീല്‍ഡ് നമ്പര്‍ വഴിയാണ് കറാച്ചിയിലെ ഒരു സ്പോര്‍ട്സ് കടയില്‍നിന്നാണു വഞ്ചി വാ ങ്ങിയതെന്ന നിഗമ ന ത്തി ല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയത്. കറാച്ചിയില്‍ ഭീകരര്‍ ഒളിച്ചിരുന്ന മുറി സീല്‍ചെയ്തു. ലഷ്കര്‍ കമാന്‍ഡറെയും മറ്റു നേതാക്കളെയും അറസ്റ് ചെയ്തു. ഇവര്‍ക്കു സാമ്പത്തിക സഹായം നല്കിയ വിദേശ ദമ്പതികളും ഇവരെ ഭീകരര്‍ക്കു പരിചയപ്പെടുത്തിക്കൊടുത്ത വ്യക്തിയും പിടിയിലായി - ഖോസയുടെ ലേഖനത്തില്‍ വിശദീകരിച്ചിരിക്കുന്നു.

റഷ്യയിലെ യൂഫയില്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയത് അംഗീകരിക്കണം. അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഇരു രാജ്യങ്ങളും കൈമാറിയിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ വേണമെന്നു പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. താലിബാനെ അംഗീകരിക്കുന്ന പാക് നിലപാട് അവസാനിപ്പിക്കണം. വിചാരണക്കോടതിയിലെ ജഡ്ജിമാരെ മാറ്റിയും പ്രോസിക്യൂട്ടറെ കൊലപ്പെടുത്തിയും സാക്ഷികളെ കൂറുമാറ്റിയും കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവരുന്നതായി ഖോസ വ്യക്തമാക്കുന്നു.


ആരോപണവിധേയരായവരുടെ ശബ്ദം റിക്കാര്‍ഡ് ചെയ്യാന്‍ അവരുടെ അനുമതി വേണമെന്നാണു കോടതി വിധിച്ചത്. വിചാരണ നേരിടുന്ന ഭീകരര്‍ ഈ ആവശ്യം തള്ളിക്കളഞ്ഞു. ശബ്ദം റിക്കാര്‍ഡ് ചെയ്യാന്‍ അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടും സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും അതു നിരാകരിക്കപ്പെട്ടു. തീവ്രവാദ വിരുദ്ധ നിയമത്തിലോ തെളിവുകള്‍ ഹാജരാക്കുന്നതിലോ ശബ്ദം തെളിവായി അംഗീകരിക്കാനാവില്ലെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്. എന്നാല്‍, ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഒരേ അക്രമത്തേക്കുറിച്ചു രണ്ടു രാജ്യങ്ങളില്‍ വിചാരണ നടക്കുന്ന അപൂര്‍വമായ കേസാണിത്. നിയമവിദഗ്ധര്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്നു ചര്‍ച്ച ചെയ്തു കേസ് തീര്‍പ്പാക്കണമെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

2008 നവംബര്‍ 26 മുതല്‍ 28 വരെ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ഭീകരര്‍ നടത്തിയ കൊലപാതക പരമ്പരയില്‍ 166 പേരാണു വധിക്കപ്പെട്ടത്. 308 പേര്‍ക്കു പരിക്കേറ്റു. ഛത്രപതി റെയില്‍വേ ടെര്‍മിനല്‍, ഒബ്റോയി ട്രൈഡന്റ്, ഗേറ്റ് വേ ഓഫ് ഇന്ത്യക്കു സമീപത്തെ താജ്മഹല്‍ പാലസ് ആന്‍ഡ് ടവര്‍, കൊളാബയിലെ ലിയോ പോള്‍ഡ് കഫേ, കാമ ഹോസ്പിറ്റല്‍, നരിമാന്‍ പോയിന്റിലെ ജ്യൂയിഷ് കമ്യൂണിറ്റി സെന്റര്‍, മെട്രോ സിനിമ ഹാള്‍ തുടങ്ങിയ സ്ഥലങ്ങളിലാണു തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിട്ടത്.

പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടന്ന ആക്രമണത്തില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിലെ ഉന്നത ഉദ്യോഗസ്ഥനടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ ഓപ്പറേഷന്‍ ബ്ളാക് ടൊര്‍ണാഡോയിലൂടെ തീവ്രവാദികളെ കൊല പ്പെടുത്തി. പത്തുപേരില്‍ അജ്മല്‍ കസബ് പിടിയിലായി. കേസിലെ മുഖ്യപ്രതി സകിയൂര്‍ റഹ്മാന്‍ ലഖ്വിയെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പാക്കിസ്ഥാന്‍ തള്ളിക്കളഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.