ബംഗാളില്‍ ചെറുകാര്‍ നിര്‍മാണ പദ്ധതിയുമായി സ്വരാജ് പോള്‍
Friday, July 31, 2015 11:49 PM IST
ലണ്ടന്‍: പശ്ചിമ ബംഗാളില്‍നിന്ന് ടാറ്റായുടെ നാനോ കാര്‍ പദ്ധതിയെ കെട്ടുകെട്ടിച്ച മമത ബാനര്‍ജി പ്രവാസി ഇന്ത്യന്‍ വ്യവസായി സ്വരാജ്പോള്‍ പ്രഭുവിന്റെ ചെറുകാര്‍ പദ്ധതിയെ സ്വാഗതം ചെയ്യുന്നു. സ്വരാജ്പോളിന്റെ കപ്പാരോ ഗ്രൂപ്പ് പുതിയ സ്പോര്‍ട്സ് കാര്‍ രൂപകല്പന ചെയ്തു വരികയാണ്.

ഡിസൈനിംഗ് പൂര്‍ത്തിയായാല്‍ നിര്‍മാണത്തിനായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ മുന്‍ഗണന ബംഗാളിനായിരിക്കുമെന്ന് ബ്രിട്ടനില്‍ പര്യടനം നടത്തുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് സ്വരാജ് പോള്‍ ഉറപ്പു നല്‍കി. വേഗംകൂടിയ കാര്‍ കപ്പാരോ ടി1ന്റെ പരിഷ്കരിച്ച മോഡലായിരിക്കും പുതിയ കാര്‍.


സിംഗുരില്‍ കപ്പാരോ ഗ്രൂപ്പ് സര്‍ക്കാരില്‍നിന്നു സ്ഥലം വാങ്ങിയിട്ടുണ്ട്. ഇവിടെ നാനോ കാര്‍ നിര്‍മിക്കാന്‍ ടാറ്റ പദ്ധതി തയാറാക്കിയെങ്കിലും മമതയുടെ നേതൃത്വത്തില്‍ നടന്ന സമരത്തെത്തുടര്‍ന്നു പദ്ധതി ഗുജറാത്തിലേക്കു മാറ്റുകയായിരുന്നു.

ബംഗാളില്‍ വിദ്യാഭ്യാസ മേഖലയിലും നിക്ഷേപത്തിന് താത്പര്യമുണ്ടന്ന് വെസ്റ്മിന്‍സ്റര്‍ യൂണിവേഴ്സിറ്റിയുടെ മുന്‍ ചാന്‍സലറും വോള്‍വര്‍ഹാംപ്ടണ്‍ യൂണിവേഴ്സിറ്റിയുടെ ഇപ്പോഴത്തെ ചാന്‍സലറുമായ സ്വരാജ് പോള്‍ പറഞ്ഞു. ബംഗാളില്‍ വിദേശനിക്ഷേപം തേടി കഴിഞ്ഞദിവസമാണ് മമതയുടെ നേതൃത്വത്തിലുള്ള സംഘം ബ്രിട്ടനിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.