ഇ-മെയില്‍ സര്‍വര്‍ കൈമാറാന്‍ ഹില്ലരി തയാറാവണമെന്ന്
Wednesday, July 29, 2015 11:39 PM IST
വാഷിംഗ്ടണ്‍: സ്വകാര്യ ഇ-മെയില്‍ സര്‍വര്‍ സ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിനു കൈമാറാന്‍ ഹില്ലരി ക്ളിന്റണെ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ ജോണ്‍ ബേനര്‍ ഉപദേശിച്ചു. രഹസ്യഫയലുകള്‍(ക്ളാസിഫൈഡ്) അയയ്ക്കാനോ സ്വീകരിക്കാനോ സ്വകാര്യ ഇ-മെയില്‍ അക്കൌണ്ട് ഉപയോഗിച്ചില്ലെന്ന ഹില്ലരിയുടെ പ്രസ്താവനയില്‍ ബേനര്‍ സംശയം പ്രകടിപ്പിച്ചു.

നാലു രഹസ്യരേഖകളെങ്കിലും ഔദ്യോഗിക ഇ-മെയിലിലൂടെയല്ലാതെ അയച്ചിട്ടുണ്െടന്ന് ആരോപണമുണ്ട്. സ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിലെ ഇന്‍സ്പെക്ടര്‍ ജനറലിന് ഇ-മെയില്‍ സര്‍വര്‍ കൈമാറി പരിശുദ്ധി തെളിയിക്കാന്‍ ഹില്ലരി തയാറാവുകയാണു വേണ്ടതെന്നു ബേനര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ വീട്ടിലുള്ള സര്‍വര്‍ ഉപയോഗിച്ച് ഔദ്യോഗിക ഫയലുകള്‍ അയച്ചെന്ന് ഹില്ലരിക്ക് എതിരേ ആരോപണം ഉയര്‍ന്നതു മാര്‍ച്ചിലാണ്.


റെക്കോര്‍ഡ് സൂക്ഷിക്കുന്നതു സംബന്ധിച്ച ചട്ടങ്ങളും സുതാര്യതയും ഒഴിവാക്കിയ ഹില്ലരിയുടെ നടപടിക്ക് എതിരേ എതിരാളികള്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയതിനെത്തുടര്‍ന്ന് അനേകം പേജുകള്‍ വരുന്ന ഇ-മെയിലുകള്‍ ഹില്ലരി സ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിനു നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.