ലഖ്വി പ്രശ്നം: ഇന്ത്യയുമായി ചര്‍ച്ചയാവാമെന്നു ചൈന
ലഖ്വി പ്രശ്നം: ഇന്ത്യയുമായി ചര്‍ച്ചയാവാമെന്നു ചൈന
Friday, July 3, 2015 11:52 PM IST
ബെയ്ജിംഗ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സക്കിയുര്‍ റഹ്മാന്‍ ലഖ്വിയെ പാക്കിസ്ഥാന്‍ ജാമ്യത്തില്‍ വിട്ടയച്ചതുമായി ബന്ധപ്പെട്ട പ്രശ്നം ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമാണെന്ന് ചൈന. ലഖ്വിയെ മോചിപ്പിച്ച പക്കിസ്ഥാനോട് വിശദീകരണം ചോദിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ യുഎന്‍ രക്ഷാസമിതിയില്‍ എതിര്‍ത്തത് ചൈനയായിരുന്നു.

ഭീകരവിരുദ്ധ നടപടികള്‍ക്കായുള്ള സംയുക്തനീക്കമെന്ന നിലയില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് ഒരു മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇന്ത്യയും ചൈനയും ഭീകരതയുടെ ഇരയാണ്. ഈ വിഷയത്തില്‍ ഒരേ നിലപാടാണ് ഇരുവര്‍ക്കും. എല്ലാത്തരം ഭീകരതയെയും തങ്ങള്‍ എതിര്‍ക്കുമെന്നും ചൈനീസ് വിദേശ കാര്യമന്ത്രാലയത്തിലെ ഏഷ്യന്‍ കാര്യങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഹ്യുയാംഗ് ക്സിലാന്‍ പറഞ്ഞു. വിവിധ ഭരണകൂടങ്ങള്‍ പങ്കാളികളായ ഒരു പ്രത്യേകപ്രശ്നത്തിന്റെ പേരിലാകുമ്പോള്‍ വിശദമായ ചര്‍ച്ച അനിവാര്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.


ലഖ്വിയെ മോചിപ്പിച്ചതിനെതിരേ ഇന്ത്യ നടത്തിയ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനോടു വിശദീകരണം തേടാനുള്ള യുഎന്‍ ഉപരോധ കമ്മിറ്റിയുടെ നീക്കമാണ് കഴിഞ്ഞമാസം ചൈന തടഞ്ഞത്. ഇന്ത്യ നല്‍കിയ വിവരങ്ങള്‍ അപൂര്‍ണമാണെന്നായിരുന്നു ചൈനയുടെ നിലപാട്.

നേരത്തേ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്‍, ലഷ്കര്‍ ഇ ത്വയ്ബ നേതാവ് ഹാഫിസ് സയിദ് എന്നിവര്‍ക്കെതിരേ നടപടി വേണമെന്ന യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ ആവശ്യത്തെയും ചൈന എതിര്‍ത്തിരുന്നു.

റാവല്‍പിണ്ടിയിലെ അദിയാല ജയിലിലെ ഭീകരവിരുദ്ധ കോടതിയില്‍ മുംബൈ ആക്രമണക്കേസ് വിചാരണയ്ക്കിടെ ഇന്നലെ രണ്ടു സാക്ഷികളെ വിസ്തരിച്ചു. ആക്രമണകാരികള്‍ക്ക് എട്ട് യമഹാ ബോട്ട് എന്‍ജിനുകള്‍ വിറ്റ പ്രാദേശിക കമ്പനിയുടമയെയും ഒരു കസ്റംസ് ഉദ്യോഗസ്ഥനെയുമാണു വിസ്തരിച്ചത്.ജാപ്പനീസ് നിര്‍മിത യമഹാ എന്‍ജിന്‍ ഘടിപ്പിച്ച ബോട്ടിലാണ് ഭീകരര്‍ മുംബൈ തീരത്തത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.