പല്‍മീറ വീണു, സിറിയയുടെ പകുതി ഐഎസ് പിടിയില്‍
പല്‍മീറ വീണു, സിറിയയുടെ പകുതി ഐഎസ് പിടിയില്‍
Friday, May 22, 2015 11:27 PM IST
ഡമാസ്കസ്: യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള പുരാതന നഗരമായ പല്‍മീറ കൈയടക്കിയതോടെ സിറിയയുടെ പകുതിഭാഗവും ഐഎസിന്റെ അധീനതയിലായി. ഇറാക്കിലെ അന്‍ബാര്‍ പ്രവിശ്യാ തലസ്ഥാനമായ റമാദി പിടിച്ചടക്കി ദിവസങ്ങള്‍ക്കകമാണ് സിറിയയിലും ഐഎസ് വിജയക്കൊടി നാട്ടുന്നത്. രണ്ടു രാജ്യങ്ങളിലെയും ഏറെ പ്രദേശങ്ങള്‍ ചേര്‍ത്ത് ഖാലിഫേറ്റ് പ്രഖ്യാപിച്ച ഐഎസിനെ നേരിടാന്‍ വ്യോമാക്രമണം മാത്രം പോരെന്ന് അമേരിക്കയെ ബോധ്യപ്പെടുത്താന്‍ പോന്നതാണ് പല്‍മീറയുടെ പതനം.

പ്രാചീന കാരവന്‍ റൂട്ടിലുള്ള മരുപ്പച്ച നഗരമായ പല്‍മീറയിലെ അസംഖ്യം പുരാവസ്തുക്കള്‍ ഐഎസ് ഭീകരര്‍ തകര്‍ക്കുമെന്നു ഭീതി പരന്നു. ഇങ്ങനെ സംഭവിച്ചാല്‍ മനുഷ്യരാശിക്കുണ്ടാവുന്ന വലിയ നഷ്ടമായിരിക്കും അതെന്ന് യൂനെസ്കോ മേധാവി ഇറിനാ ബൊക്കോവ മുന്നറിയിപ്പു നല്‍കി.

ബുധനാഴ്ചതന്നെ പല്‍മീറയുടെ ഏതാനും ഭാഗങ്ങള്‍ ഐസ് പിടിച്ചിരുന്നു. നൂറുകണക്കിന് ഐഎസ് ഭീകരര്‍ നരഗത്തിലേക്കു പ്രവഹിച്ചതോടെ ഇന്നലെ സിറിയന്‍ സൈനികര്‍ സ്ഥലംവിട്ടു. പല്‍മീറ തങ്ങളുടെ അധീനതയിലായെന്ന് ഓണ്‍ലൈനില്‍ നല്‍കിയ പ്രസ്താവനയില്‍ ഐഎസ് വ്യക്തമാക്കി. പല്‍മീറ പിടിച്ച ഐഎസ് ഭീകരര്‍ അവിടെയുള്ള ഏതാനും പേരെ ശിരച്ഛേദം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

പല്‍മീറയിലെ ഭൂരിഭാഗം ജനങ്ങളെയും ഒഴിപ്പിച്ചുമാറ്റിയെന്ന് സിറിയന്‍ അധികൃതര്‍ പറഞ്ഞു. കുറേപ്പേര്‍ ഹോംസിലേക്കു പലായനം ചെയ്തെന്നും എന്നാല്‍ ഇപ്പോഴും പലരും നഗരത്തില്‍ തങ്ങുകയാണെന്നും ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററിയുടെ അധ്യക്ഷന്‍ റാമി അബ്ദുള്‍ റഹ്്മാന്‍ അറിയിച്ചു.


പല്‍മീറാ പിടിച്ചെങ്കിലും സിറിയയുടെ വടക്കുകിഴക്കന്‍ മേഖലയിലെ ഹസാക്കയില്‍ കുര്‍ദുകളുടെ കൈയില്‍നിന്ന് ഐഎസിനു തിരിച്ചടി നേരിട്ടു. തെല്‍താമര്‍ ഗ്രാമത്തിനടുത്തുള്ള ഒരു മലമ്പ്രദേശം കുര്‍ദുകള്‍ പിടിച്ചു.

പല്‍മീറ-മരുഭൂമിയിലെ മുത്ത്

മരുഭൂമിയിലെ മുത്ത് എന്നറിയപ്പെടുന്ന പല്‍മീറ സിറിയന്‍ തലസ്ഥാനമായ ഡമാസ്കസില്‍നിന്ന് 210 കിലോമീറ്റര്‍ അകലെയുള്ള മരുപ്പച്ച നഗരമാണ്. ഈന്തപ്പനകളുടെ നാട് എന്നാണ് പല്‍മീറയുടെ അര്‍ഥം.

റോമന്‍ സാമ്രാജ്യത്തിന്റെ കാലത്താണ് പല്‍മീറയ്ക്ക് പ്രാധാന്യം സിദ്ധിച്ചത്. പുരാതന കാരവന്‍ റൂട്ടില്‍ സ്ഥിതിചെയ്യുന്ന പല്‍മീറ ഒരു നഗരമായി വികസിച്ചു. സുഗന്ധ ദ്രവ്യങ്ങളുടെയും പട്ടിന്റെയും വ്യാപാരകേന്ദ്രമായിരുന്നു.എഡി 129ല്‍ ഹഡ്രിയാന്‍ ചക്രവര്‍ത്തി പല്‍മീറയെ സാമ്രാജ്യത്തിലെ സ്വതന്ത്രനഗരമായി പ്രഖ്യാപിച്ചു.ഇക്കാലത്താണ് ഇവിടത്തെ പ്രശസ്ത ക്ഷേത്രങ്ങള്‍ നിര്‍മിച്ചത്. മൂന്നാം നൂറ്റാണ്ടില്‍ സെനോബിയ രാജ്ഞിയുടെ നേതൃത്വത്തില്‍ റോമക്കാര്‍ക്ക് എതിരേ വിപ്ളവം നടത്തിയ പല്‍മീറക്കാര്‍ നഗരത്തെ റോമന്‍നുകത്തില്‍നിന്നു വിമുക്തമാക്കി.

എന്നാല്‍ ഔറേലിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത് വീണ്ടും യുദ്ധമുണ്ടാവുകയും രാജ്ഞിയെ തടവുകാരിയാക്കി റോമിലേക്കു കൊണ്ടുപോകുകയും ചെയ്തു. രണ്ടായിരം വര്‍ഷം പഴക്കമുള്ള റോമന്‍ കാലഘട്ടത്തിലെ സ്തൂപങ്ങളും മറ്റും ഇപ്പോഴും ഇവിടെയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.