ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത്
ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത്
Sunday, April 26, 2015 12:27 AM IST
ഭൂമിയുടെ ഉള്‍ഭാഗം ഉരുകിമറിയുന്ന പദാര്‍ഥമാണ്. ദ്രവരൂപത്തിലുള്ള ഈ ഭാഗത്തിനു മുകളില്‍ പൊങ്ങിക്കിടക്കുന്ന ഭീമാകാരങ്ങളായ പ്ളേറ്റുകള്‍ തമ്മിലുള്ള ഘര്‍ഷണം മൂലം ഭൌമാന്തര്‍ഭാഗത്തുണ്ടാകുന്ന ചലനങ്ങളാണു ഭൂകമ്പം ഉണ്ടാക്കുന്നത്.

ഭൂഗര്‍ഭത്തിലെ പ്ളേറ്റുകള്‍ തമ്മില്‍ ഘര്‍ഷണമുണ്ടാകുന്ന പ്രദേശങ്ങളിലാണു ഭൂകമ്പം അനുഭവപ്പെടുന്നത്. ഘര്‍ഷണമേഖലകള്‍ തിരിച്ചറിയാന്‍ ഭൌമശാസ്ത്രജ്ഞര്‍ക്കു സാധിച്ചിട്ടുണ്ട്. അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തുള്ള പസഫിക്ക് ബിസ്മിക് ബെല്‍റ്റ്, വടക്കുകിഴക്കന്‍ പസഫിക്കിലെ ദ്വീപുകള്‍, ഏഷ്യന്‍ വന്‍കരയുടെ കിഴക്കേ തീരം, ഹിമാലയന്‍ പര്‍വതമേഖല, ജാവ, സുമാത്ര, ഇന്തോനേഷ്യ ദ്വീപുകള്‍, മധ്യേഷ്യന്‍ പര്‍വതനിരകള്‍, ആല്‍പ്സ് പര്‍വതപ്രദേശങ്ങള്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഘര്‍ഷണമേഖലകളില്‍പ്പെടുന്നു.


ഒരു വര്‍ഷം 2.5 സെന്റിമീറ്റര്‍ എന്ന അളവില്‍ ഇന്ത്യന്‍ പ്ളേറ്റ് വടക്കോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ പ്ളേറ്റിന്റെ ചലനം യൂറേഷ്യന്‍ പ്ളേറ്റും ചൈനീസ് പ്ളേറ്റുമായി കൂട്ടിമുട്ടാന്‍ കാരണമാകുന്നു. ഇതുമൂലമുണ്ടാകുന്ന മര്‍ദമാണു ഹിമാലയ പര്‍വതനിരകള്‍ വളരാന്‍ കാരണമാകുന്നത്. ഉത്തരേന്ത്യയില്‍ നിരന്തരം ഭൂകമ്പമുണ്ടാകുന്നതും ഈ ഘര്‍ഷണംമൂലം തന്നെ.

ഇന്ത്യയുടെ മൂന്നില്‍ രണ്ടു ഭാഗവും ഭൂകമ്പസാധ്യതാ പ്രദേശങ്ങളാണെന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു. ജമ്മു-കാഷ്മീര്‍, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്തിന്റെ ചില ഭാഗങ്ങള്‍, ആന്‍ഡമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണു ഭൂകമ്പസാധ്യത കൂടുതലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.