ബംഗ്ളാദേശില്‍ തിക്കിലും തിരക്കിലുംപെട്ടു 10 പേര്‍ മരിച്ചു
Saturday, March 28, 2015 11:13 PM IST
ധാക്ക: ബംഗ്ളാദേശ് തലസ്ഥാന നഗരമായ ധാക്കയ്ക്കു സമീപം പഴയ ബ്രഹ്മപുത്ര നദിയില്‍ നടന്ന അഷ്ടമിസ്നാന ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടു ഏഴു വനിതകളുള്‍പ്പെടെ 10 പേര്‍ മരിച്ചു. അമ്പതു പേര്‍ക്കു പരിക്കേറ്റു. ഇന്നലെ അതിരാവിലെ ആയിരക്കണക്കിനു ഭക്തര്‍ തിങ്ങിക്കൂടിയ നാരായണ്‍ഗഞ്ചിലെ ബന്താര്‍ ഉപജില്ലയില്‍ രാവിലെ 9.15നും 10നുമിടെയാണ് അപകടം. ഹൈന്ദവരുടെ വാര്‍ഷിക ആഘോഷമാണ് അഷ്ടമി സ്നാനം.

രാവിലെ 5.48 നാണ് സ്നാനം ആരംഭിച്ചത്. തുടര്‍ന്ന് തീര്‍ഥാടകരുടെ തിരക്കു നിയന്ത്രണാതീതമായി വര്‍ധിക്കുകയായിരുന്നു. സൌകര്യപ്രദമായി ചടങ്ങു നടത്തുന്നതിനു ബ്രഹ്മപുത്രയില്‍ 16 കടവുകള്‍ പ്രാദേശിക ഭരണാധികാരികള്‍ ഒരുക്കിയിരുന്നു. എന്നാല്‍ തിങ്ങിക്കൂടിയ ഭക്തര്‍ക്ക് ഒരേസമയം ചടങ്ങു നിര്‍വഹിക്കാന്‍ ഇത് അപര്യാപ്തമായിരുന്നു. അവിടെ ആദ്യം വെള്ളത്തിലിറങ്ങി സ്നാനം നടത്തുന്നതിനായി ജനക്കൂട്ടം മത്സരിച്ചു തിരക്കുണ്ടാക്കിയപ്പോള്‍ പലരും തറയില്‍ വീഴുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മറിഞ്ഞുവീണവര്‍ക്കു ജനക്കൂട്ടത്തിന്റെ ചവിട്ടേല്‍ക്കാതെ രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. അങ്ങനെയാണു മരണം സംഭവിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.