യുഎസ്-ക്യൂബ അനുരഞ്ജനം 18 മാസത്തെ രഹസ്യചര്‍ച്ചയുടെ ഫലം
യുഎസ്-ക്യൂബ അനുരഞ്ജനം 18 മാസത്തെ രഹസ്യചര്‍ച്ചയുടെ ഫലം
Friday, December 19, 2014 11:39 PM IST
പതിനെട്ടു മാസം നീണ്ട രഹസ്യചര്‍ച്ചകള്‍. അതിനൊടുവില്‍ ചൊവ്വാഴ്ച രാത്രി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ക്യൂബന്‍ പ്രസിഡന്റ് റൌള്‍ കാസ്ട്രോയെ ടെലിഫോണില്‍ വിളിക്കുന്നു. ബുധനാഴ്ച വാഷിംഗ്ടണില്‍ ഉച്ചയായപ്പോള്‍ ഒബാമ ആ കാര്യം പരസ്യമാക്കി.

'ക്യൂബയുമായുളള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ പോകുന്നു. ആ രാജ്യത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകളും ഉപരോധങ്ങളും പുനഃപരിശോധിക്കും.'

നാടകീയം, പക്ഷേ...

അപ്രതീക്ഷിതമായിരുന്നു അത്. കാലഹരണപ്പെട്ടതെന്ന് ഒബാമ വിശേഷിപ്പിച്ച വിലക്കുകള്‍ മാറ്റി ബന്ധം നേരേയാക്കുന്നതിനെ എതിര്‍ക്കുന്നവരുടെ ശബ്ദം ദുര്‍ബലമല്ല. പക്ഷേ, ഒബാമ തന്റെ പിന്നിലാണു ധാര്‍മിക ഭൂരിപക്ഷം എന്നു വിശ്വസിക്കുന്നു.

ഹവാനയിലും ക്യൂബയിലെ മറ്റു നഗരങ്ങളിലും ജനം ആഹ്ളാദംകൊണ്ടു തുള്ളിച്ചാടി. 53 വര്‍ഷം നീണ്ട സാമ്പത്തിക ഉപരോധം തങ്ങള്‍ക്കു വരുത്തിയ നഷ്ടം ആ ജനതയ്ക്കറിയാം.

കമ്യൂണിസത്തിനുവേണ്ടി അരനൂറ്റാണ്ടായി ക്യൂബന്‍ ജനത സാമ്പത്തിക ബന്ദികളായിരുന്നു. ഒരു കാലത്ത് ഏറെ സമ്പന്നമായിരുന്ന നാട്ടില്‍ വീണ്ടും നല്ലകാലം വരുമെന്ന പ്രതീക്ഷ ബുധനാഴ്ചയാണുണ്ടായത്.

തകര്‍ച്ചയുടെ തുടക്കം

അമേരിക്കയുടെ തെക്കുകിഴക്കു ഫ്ളോറിഡ സംസ്ഥാനത്തുനിന്നു കേവലം 144 കിലോമീറ്റര്‍ അകലെയാണു ക്യൂബ. ഫ്ളോറിഡ കടലിടുക്കു മാത്രമാണു രാജ്യങ്ങളെ അകറ്റുന്നത്.

സ്പാനിഷ് കോളനിയായിരുന്ന ക്യൂബയ്ക്കു സ്വാതന്ത്യ്രം കിട്ടാന്‍ 1898-ല്‍ സ്പെയിനുമായി അമേരിക്ക യുദ്ധം ചെയ്തതാണ്. പിന്നീട് 1959-ല്‍ ഫിഡല്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റുകള്‍ അധികാരം പിടിക്കുംവരെ വലിയ അയല്‍ക്കാരനുമായി ക്യൂബയ്ക്കുണ്ടായിരുന്നതു നല്ല ബന്ധം.

സോവ്യറ്റ് യൂണിയന്റെ കൂടി സഹായത്തില്‍ ക്യൂബന്‍ ഭരണം പിടിച്ച കാസ്ട്രോ ശീതയുദ്ധത്തില്‍ അമേരിക്കയുടെ മേല്‍ തറച്ച മുള്ളായി മാറി. 1960-ല്‍ പ്രസിഡന്റ് ഐസനോവര്‍ ക്യൂബയ്ക്കുമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. ആദ്യത്തെ ഉപരോധം.


ബന്ധം മുറിയുന്നു

റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാരനായിരുന്ന ഐസനോവര്‍ 1961 ജനുവരിയില്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് ക്യൂബയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിട്ടാണ്. ഒബാമ ജനിക്കുന്നതിന് ഏഴു മാസം മുമ്പാണിത്.

ഡെമോക്രാറ്റ് ആയ പിന്‍ഗാമി ജോണ്‍ കെന്നഡി കാസ്ട്രോയെ അട്ടിമറിക്കാന്‍ 1961 ഏപ്രിലില്‍ നടത്തിയ ശ്രമം (ബേ ഓഫ് പിഗ്സ് ഓപ്പറേഷന്‍) പാളി.

പിറ്റേവര്‍ഷം ഒക്ടോബറില്‍ സോവ്യറ്റ് മിസൈലുകള്‍ ക്യൂബയില്‍ സ്ഥാപിക്കുന്നതിനെ ചൊല്ലി വലിയ സംഘര്‍ഷാന്തരീക്ഷം ഉടലെടുത്തു. 13 ദിവസം ലോകം ശ്വാസമടക്കിനിന്നു. മിസൈലുകള്‍ മാറ്റാന്‍ വേണ്ടി അണുബോംബ് പ്രയോഗിക്കുമെന്നും കെന്നഡി നിലപാടെടുത്തു. റഷ്യന്‍ നേതാവ് നികിതാ ക്രൂഷ്ചോവ് വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല.

അന്നു ജോണ്‍ 23-ാമന്‍

അന്നും വത്തിക്കാനാണു പരിഹാരം ഉണ്ടാക്കിയത്. അന്നത്തെ മാര്‍പാപ്പ, വിശുദ്ധ ജോണ്‍ 23-ാമന്‍ നേരിട്ടു നയതന്ത്രനീക്കങ്ങള്‍ നടത്തി. ഒടുവില്‍ ക്രൂഷ്ചോവ് മിസൈലുകള്‍ പിന്‍വലിച്ചു. മൂന്നാം ലോകമഹായുദ്ധം ഒഴിവായി.


ക്യൂബ അമേരിക്കയുടെ നോട്ടപ്പുളളിയായി തുടര്‍ന്നു. ഇടയ്ക്കിടെ അട്ടിമറിശ്രമങ്ങള്‍ നടത്തി പരാജയപ്പെട്ടു. ഫിഡല്‍ കാസ്ട്രോ അധികാരം നിലനിര്‍ത്തി. പക്ഷേ, ജനങ്ങള്‍ ക്യൂബ വിട്ടുപോകുന്നതു തടയാനാകുമായിരുന്നില്ല. കടല്‍കടന്ന് ആയിരക്കണക്കിനു ക്യൂബക്കാര്‍ വര്‍ഷംതോറും അമേരിക്കയിലെത്തി.

ബെര്‍ലിന്‍ മതില്‍ തകരുകയും സോവ്യറ്റ് യൂണിയന്‍ ഇല്ലാതാകുകയും ചെയ്തിട്ടും ക്യൂബയില്‍ കാസ്ട്രോ തുടര്‍ന്നു. ഒടുവില്‍ തീരെ വയ്യാതായപ്പോള്‍ സഹോദരന്‍ റൌളിനെ ചുമതല ഏല്‍പ്പിച്ച് ഫിഡല്‍ കാസ്ട്രോ ഭരണത്തില്‍നിന്നു മാറി. പക്ഷേ, അമേരിക്കയോടു ബന്ധമില്ലാത്ത ഉത്തരകൊറിയയും ഇറാനും പോലെ ക്യൂബ തുടര്‍ന്നു.

ഒബാമ അധികാരത്തിലേറിയപ്പോള്‍ മുതല്‍ ക്യൂബയുമായി നല്ല ബന്ധത്തിനു ശ്രമിക്കുന്നതാണ്. തന്റെ പത്തു മുന്‍ഗാമികള്‍ക്കു സാധിക്കാത്ത കാര്യം.

ചില യാത്രാ, വ്യാപാര വിലക്കുകള്‍ ഒബാമ മാറ്റി. പക്ഷേ, കൂടുതല്‍ സാധിച്ചില്ല. രണ്ടാം വട്ടം അധികാരത്തിലേറിയശേഷം ക്യൂബ മുന്‍ഗണനാ വിഷയമാക്കി. ബഞ്ചമിന്‍ റോഡ്സ്, റിക്കാര്‍ഡോ സുനീഗ എന്നിവരെ ക്യൂബയുമായി ചര്‍ച്ചയ്ക്കു രഹസ്യമായി നിയോഗിച്ചു. 2013 ജൂണ്‍ മുതല്‍ ഒമ്പതു തവണ അവര്‍ ചര്‍ച്ച നടത്തി. കൂടുതല്‍ ചര്‍ച്ചകള്‍ നടന്നതു ക്യൂബയ്ക്ക് എംബസിയുള്ള കാനഡയിലാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പ

ലാറ്റിനമേരിക്കയില്‍നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ തുടക്കം മുതലേ ക്യൂബയെ മുഖ്യധാരയിലെത്തിക്കാന്‍ ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ മുന്‍ഗാമിമാരും അതിനു ശ്രമിക്കാതിരുന്നില്ല. ശീതയുദ്ധത്തിന്റെ പാരമ്യത്തില്‍പോലും വത്തിക്കാന്‍ ക്യൂബയുമായുള്ള നയതന്ത്രബന്ധം ഒട്ടും കുറയാതെ നിലനിര്‍ത്തി. ബനഡിക്ട് പതിനാറാമനും വിശുദ്ധ ജോണ്‍പോള്‍ രണ്ടാമനുമൊക്കെ ക്യൂബ സന്ദര്‍ശിച്ചു. ഫിഡല്‍ കാസ്ട്രോ 1996-ല്‍ വത്തിക്കാനിലെത്തി ജോണ്‍പോള്‍ രണ്ടാമനുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

കത്തുകളും ആതിഥേയത്വവും

ഫ്രാന്‍സിസ് മാര്‍പാപ്പ ഒബാമയ്ക്കും റൌള്‍ കാസ്ട്രോയ്ക്കും കത്തെഴുതി എന്നാണു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. രഹസ്യചര്‍ച്ചകളുടെ നിര്‍ണായകഘട്ടത്തില്‍ വത്തിക്കാനില്‍ ആതിഥേയത്വം ഒരുക്കുകയും ചെയ്തു.

ഒടുവില്‍ മാര്‍പാപ്പയുടെ 78-ാം പിറന്നാള്‍ ദിനത്തില്‍ യുഎസ്-ക്യൂബ ബന്ധം നേരെയാകുന്നു എന്ന പ്രഖ്യാപനം വന്നു. ഒരിക്കല്‍കൂടി വത്തിക്കാന്‍ ലോകനയതന്ത്രത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയായിരുന്നു.

1970കളില്‍ സോവ്യറ്റ്-യുഎസ് ബന്ധങ്ങള്‍ നേരേയാക്കാനും ചില ആയുധനിയന്ത്രണ കരാറുകള്‍ ഉണ്ടാക്കാനും വത്തിക്കാന്റെ ശ്രമങ്ങള്‍ കാരണമായി. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും നയതന്ത്രമേഖലയില്‍ വലിയ കാര്യങ്ങള്‍ ചെയ്തിരുന്നു.

യുഎസ് - ക്യൂബ രഹസ്യചര്‍ച്ച വത്തിക്കാനില്‍ നടന്നപ്പോള്‍ വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റേറ്റ്, കര്‍ദിനാള്‍ പിയേത്രോ പറോലിന്‍ ആയിരുന്നു അധ്യക്ഷനും മധ്യസ്ഥനും. വെനിസ്വലയില്‍ വത്തിക്കാന്‍ സ്ഥാനപതിയായിരുന്നിട്ടുള്ള കര്‍ദിനാള്‍ പറോലിനു ക്യൂബന്‍ വിഷയം വളരെ നന്നായി അറിയാമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.