എസി ഇട്ടു യാത്ര ചെയ്താല്‍ ഇന്ധനലാഭം കൂടുമെന്നു പഠനം!
എസി ഇട്ടു യാത്ര ചെയ്താല്‍  ഇന്ധനലാഭം കൂടുമെന്നു പഠനം!
Wednesday, October 22, 2014 11:29 PM IST
ന്യൂയോര്‍ക്ക്: ഇന്ധനലാഭം ഉണ്ടാക്കാനായി എസി ഓഫാക്കി ചില്ലു താഴ്ത്തി വിയര്‍ത്തു കുളിച്ചു യാത്ര ചെയ്യുന്നവര്‍ക്ക് ഇതാ അമേരിക്കയില്‍നിന്നൊരു ആശ്വാസവാര്‍ത്ത. ചില്ലു താഴ്ത്തിവച്ചു യാത്ര ചെയ്യുന്നതിനേക്കാള്‍ ഇന്ധനലാഭം എസി ഇട്ടു ചില്ലുയര്‍ത്തിവച്ചു യാത്ര ചെയ്യുന്നതിലൂടെ കിട്ടുമെന്നാണു കണ്െടത്തല്‍. അമേരിക്ക ആസ്ഥാനമായുള്ള സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എന്‍ജിനിയേഴ്സ് ആണ് പഠനം പുറത്തുവിട്ടിരിക്കുന്നത്. വേഗത്തില്‍ പോകുന്ന ഹൈവേ യാത്രകളിലാണ് ഈ തത്ത്വം പ്രതിഫലിക്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

എസി ഓഫാക്കി ചില്ലു താഴ്ത്തിവച്ചു പോകുമ്പോള്‍ കാറ്റ് ജനാലവഴി ഉള്ളിലേക്കു കയറി കാറിനെ പിറകോട്ടു തള്ളുന്നു. ഈ വായു മര്‍ദത്തെ അതിജീവിച്ചു മുന്നോട്ടു കുതിക്കാന്‍ കൂടുതല്‍ ഇന്ധനം കത്തിക്കേണ്ടി വരുന്നു. എന്നാല്‍, ചില്ല് ഉയര്‍ത്തിവച്ചു യാത്ര ചെയ്യുമ്പോള്‍ ഈ പ്രശ്നം വലിയൊരളവില്‍ ഇല്ലാതാകുന്നു. കാറിന് ഒരു എയ്റോഡൈനാമിക് രൂപം കൈവരുകയും കാറ്റിനെ ചൂഴ്ന്നു മുന്നോട്ടു സുഗമമായി നീങ്ങുകയും ചെയ്യുന്നു. ചില്ല് താഴ്ത്തിവച്ചു കാറോടിക്കുമ്പോള്‍ 20 ശതമാനം ഇന്ധനം അധികമായി ചെലവഴിക്കേണ്ടി വരുമെന്നാണ് പഠനത്തില്‍ പറയുന്നത്.


എന്നാല്‍, എസി ഇട്ട് ചില്ലുകള്‍ ഉയര്‍ത്തിവച്ച് ഓടിക്കുമ്പോള്‍ 10 ശതമാനം ഇന്ധനം മാത്രമേ അധികം ചെലവാകൂ. ചെറിയ കാറുകളേക്കാള്‍ എസ്യുവി പോലെയുള്ള വലിയ വാഹനങ്ങള്‍ക്കാണ് ഇതു കൂടുതല്‍ ബാധകമാവുകയെന്നും ചൂണ്ടിക്കാണിക്കുന്നു. കാറ്റിന്റെ വേഗം, വാഹനത്തിന്റെ എയറോഡൈനാമിക് രൂപം തുടങ്ങിയവയും ഇന്ധനക്ഷമതയെ ബാധിക്കുന്ന ഘടകങ്ങളാണ്. എന്തായാലും ഏറെക്കാലമായി തര്‍ക്കങ്ങളിലും ഗവേഷണങ്ങളിലും നിറഞ്ഞുനിന്ന വിഷയമാണ് ചില്ല് ഉയര്‍ത്തിയും താഴ്ത്തിയും യാത്ര ചെയ്യുമ്പോഴുള്ള ഇന്ധനക്ഷമത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.