പശ്ചിമഘട്ടം: അന്തിമറിപ്പോർട്ട് ഉടനെന്നു കേന്ദ്രം
പശ്ചിമഘട്ടം: അന്തിമറിപ്പോർട്ട് ഉടനെന്നു കേന്ദ്രം
Thursday, December 8, 2016 3:33 PM IST
ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗിൽ, കസ്തൂരിരംഗൻ സമിതി റിപ്പോർട്ടിൽനിന്നുള്ള നല്ല വശങ്ങൾ ഉൾപ്പെടുത്തി അന്തിമ റിപ്പോർട്ട് ഉടൻ പുറത്തിറക്കുമെന്നു കേന്ദ്ര വനം– പരിസ്‌ഥിതി മന്ത്രി അനിൽ മാധവ് ദവെ. ഇക്കാര്യത്തിൽ കർഷകരും മലയോര മേഖലയിലുള്ളവരും ആശങ്കപ്പെടേണ്ടതില്ല. പശ്ചിമഘട്ട മേഖലയിലെ സംസ്‌ഥാനങ്ങളുമായി അവസാനഘട്ട ചർച്ചകൾ നടത്തുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

പശ്ചിമഘട്ട സംരക്ഷണത്തിനായി രണ്ട് വിദഗ്ധ സമിതികൾ നടത്തിയ പഠന റിപ്പോർട്ടിന്മേൽ ഏതു റിപ്പോർട്ട് നടപ്പിലാക്കുമെന്ന കാര്യത്തിൽ അവ്യക്‌തത തുടരുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചത്. കസ്തൂരിരംഗൻ സമിതി റിപ്പോർട്ടിനൊപ്പം ഗാഡ്ഗിൽ റിപ്പോർട്ടിലെ സ്വീകാര്യമായ വശങ്ങളും ഉൾപ്പെടുത്തിയാകും അന്തിമ വിജ്‌ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കുക.

കേരളമടക്കം പശ്ചിമഘട്ട മേഖലയിലുള്ള ഓരോ സംസ്‌ഥാനവും വിവിധ തരത്തിലുള്ള പ്രശ്നങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. സർക്കാരുകൾക്കു പുറമേ ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിൽ വിവിധ സംഘടനകളും വ്യക്‌തികളും ഉന്നയിച്ചുള്ള പരാതികളും സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ പരിസ്‌ഥിതിക്കൊപ്പം വികസനം എന്നതാണ് കേന്ദ്രസർക്കാരിന്റെ നയമെന്നും അനിൽ മാധവ് ദവെ വ്യക്‌തമാക്കി. അതിനിടെ, കരട് വിജ്‌ഞാപനത്തിന്റെ കാലാവധി അവസാനിക്കുന്ന 2017 മാർച്ച് നാലിനു മുമ്പ് അന്തിമവിജ്‌ഞാപനം പുറപ്പെടുവിക്കുമെന്ന് കേന്ദ്രമന്ത്രി സംസ്‌ഥാനത്തു നിന്നുള്ള എംപിമാരെ അറിയിച്ചു.


എംപിമാരായ ജോയ്സ് ജോർജ്, ആന്റോ ആന്റണി, ജോസ് കെ.മാണി, ജോയി ഏബ്രഹാം, പി. കരുണാകരൻ, എ. സമ്പത്ത്, പി.കെ. ശ്രീമതി, സി.എൻ. ജയദേവൻ എന്നിവരടങ്ങുന്ന സംഘമാണ് കേന്ദ്രമന്ത്രിയെ കണ്ടത്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ അന്തിമ വിജ്‌ഞാപനം പുറപ്പെടുവിക്കണമെന്നും കേരളത്തിലെ ജനവാസ കേന്ദ്രങ്ങളെയും തോട്ടങ്ങളെയും കൃഷിയിടങ്ങളെയും അന്തിമ വിജ്‌ഞാപനത്തിൽ ഇഎസ്എയുടെ പരിധിയിൽനിന്നും ഒഴിവാക്കണമെന്നുമുള്ള എംപിമാരുടെ ആവശ്യത്തിൽ അന്തിമവിജ്‌ഞാപനം വരുമ്പോൾ പശ്ചിമഘട്ടത്തിലെ ജനങ്ങളുടെ ആശങ്കകളില്ലാതാവുമെന്നും എംപിമാരുന്നയിച്ച വിഷയങ്ങൾ ജനപക്ഷത്തു നിന്നുള്ളതാണെന്ന് കേന്ദ്രസർക്കാരിനു ബോധ്യമുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.