പേടിഎം എന്നാൽ ‘പേ ടു മോദി’ എന്നു രാഹുൽ ഗാന്ധി
പേടിഎം എന്നാൽ ‘പേ ടു മോദി’ എന്നു രാഹുൽ ഗാന്ധി
Thursday, December 8, 2016 3:33 PM IST
ന്യൂഡൽഹി: നോട്ട് വിഷയത്തിൽ സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരേ രൂക്ഷ വിമർശനങ്ങളുന്നയിച്ചു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നോട്ട് വിഷയത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷ കക്ഷികൾ ഇന്നലെ കരിദിനമാചരിക്കുന്നതിന്റെ ഭാഗമായി പാർലമെന്റിനു മുന്നിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ നടത്തിയ പ്രതിഷേധത്തിനു നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു രാഹുൽ.

നോട്ട് നിരോധനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു മണ്ടൻ തീരുമാനമായിരുന്നെന്നാണു രാഹുൽ വിശേഷിപ്പിച്ചത്. പേടിഎം എന്നാൽ പേ ടു മോദി എന്നാണെന്നും രാഹുൽ പരിഹസിച്ചു. വിഷയത്തിൽ പാർലമെന്റിലെ ചർച്ചയിൽ പങ്കെടുക്കാതെ പ്രധാനമന്ത്രി ലജ്‌ജിച്ചു മാറി നിൽക്കുകയാണ്. എന്നാൽ ഇരുസഭകളിൽ നിന്നും ഓടിയൊളിക്കാൻ പ്രതിപക്ഷം പ്രധാനമന്ത്രിയെ അനുവദിക്കില്ല. മോദി ഒരുതവണ ചർച്ചയിൽ പങ്കെടുത്താൽ എല്ലാ കാര്യങ്ങളും വ്യക്‌തമാകുമെന്നും രാഹുൽ മുന്നറിയിപ്പു നൽകി.

റോം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ പോലെയാണ് മോദി. ഇ വാലറ്റ് കമ്പനികൾക്ക് പ്രയോജനമുണ്ടാക്കാനാണ് നോട്ടുകൾ പിൻവലിച്ചത്. ഇതിന്റെ നേട്ടം പ്രധാനമായും ഡിജിറ്റൽ ഇടപാടുകളിലൂടെ പണമുണ്ടാക്കുന്നവർക്കാണെന്നും അവരാണ് ഈ തീരുമാനത്തിനു പിന്നിലെന്നും രാഹുൽ പറഞ്ഞു.


ലോക്സഭയിൽ സംസാരിക്കാൻ അവസരം ലഭിച്ചാൽ ഇതിന്റെ അടിവേരുകൾ വരെ തുറന്നുകാട്ടും. ഇന്ത്യൻ ജനത കഷ്‌ടപ്പെടുമ്പോൾ പ്രധാനമന്ത്രി ചിരിക്കുകയും ആഹ്ലാദത്തോടെ സമയം ചെലവിടുകയുമാണ്. നോട്ട് അസാധുവാക്കൽ ധീരമായ തീരുമാനമല്ല, മണ്ടൻ തീരുമാനമാണ്. പാവങ്ങളെയും കർഷകരെയും കൂലിവേലക്കാരെയും കൊള്ളയടിക്കുകയായിരുന്നു. പാർലമെന്റിൽ വോട്ടെടുപ്പോടെയുള്ള ചർച്ച വേണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും രാഹുൽ വ്യക്‌തമാക്കി. സഭയിൽ വോട്ടിംഗോടു കൂടി ചർച്ച നടന്നാൽ ബിജെപി എംപിമാർ പോലും പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന സാഹചര്യമാണുള്ളതെന്നും രാഹുൽ പറഞ്ഞു.

പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത ബാഡ്ജണിഞ്ഞാണ് പ്രതിപക്ഷ എംപിമാരെത്തിയത്. കോൺഗ്രസിനു പുറമേ ടിഎംസി, സിപിഎം, സിപിഐ, ജെഡിയു, സമാജ് വാദി പാർട്ടി തുടങ്ങിയ കക്ഷികളും പ്രതിഷേധത്തിൽ പങ്കെടുത്തു.

ശീതകാല സമ്മേളനത്തിന്റെ മൂന്നാമത്തെ ആഴ്ചയും നോട്ട് വിഷയത്തിൽ പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. കേന്ദ്രസർക്കാരിന്റെ അനുരഞ്ജന നീക്കങ്ങളും ചർച്ചകളും ഫലം കണ്ടിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.