കോടതിയലക്ഷ്യം: അപേക്ഷയുമായി ജസ്റ്റീസ് കട്ജു സുപ്രീംകോടതിയിൽ
കോടതിയലക്ഷ്യം: അപേക്ഷയുമായി ജസ്റ്റീസ് കട്ജു സുപ്രീംകോടതിയിൽ
Thursday, December 8, 2016 3:06 PM IST
ന്യൂഡൽഹി: സൗമ്യവധക്കേസിലെ ഉത്തരവിനെയും വിധി പറഞ്ഞ ജഡ്ജിമാരെയും വിമർശിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു സുപ്രീംകോടതിയിൽ അപേക്ഷ നൽകി. താൻ നടത്തിയ വിമർശനങ്ങളിൽ നിരുപാധികം മാപ്പപേക്ഷ നടത്താൻ തയാറാണെന്നു ജസ്റ്റീസ് കട്ജു കോടതിയെ അറിയിച്ചതായാണു സൂചന. അപേക്ഷ പരിഗണിക്കണമെന്ന് ജസ്റ്റീസ് കട്ജുവിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ആവശ്യപ്പെട്ടു.

സൗമ്യവധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെതിരേ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സുപ്രീംകോടതിയിൽനിന്നു വിരമിച്ച ജസ്റ്റീസ് കട്ജു കടുത്ത വിമർശനം ഉന്നയിച്ചത്. ഇതു പുനഃപരിശോധനാ ഹർജിയായി പരിഗണിച്ച് തുറന്ന കോടതിയിൽ വാദം കേട്ട സുപ്രീംകോടതി, ജസ്റ്റീസ് കട്ജുവിനെതിരേ കോടതിയലക്ഷ്യത്തിനു കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു. ജസ്റ്റീസ് കട്ജുവും ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുമായി കോടതിക്കുള്ളിൽ നാടകീയ വാഗ്വാദങ്ങളും നടന്നു.


ഇതിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റീസ് കട്ജു പുതിയ അപേക്ഷ നൽകിയത്. ബെഞ്ചിലുണ്ടായിരുന്ന മറ്റു ജഡ്ജിമാരുമായി കൂടിയാലോചിച്ചതിനുശേഷം തീരുമാനമറിയിക്കാമെന്ന് ജസ്റ്റീസ് ഗൊഗോയി രാജീവ് ധവാനെ അറിയിച്ചു. ഇതു സംബന്ധിച്ചു മാധ്യമപ്രവർത്തകരോടു കട്ജു പ്രതികരിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.