ചോ രാമസ്വാമി അന്തരിച്ചു
ചോ രാമസ്വാമി അന്തരിച്ചു
Wednesday, December 7, 2016 3:44 PM IST
ചെന്നൈ: തമിഴ്നാടിന്റെ സാമൂഹ്യ–സാംസ്കാരിക–രാഷ്ട്രീയമേഖലകളെ ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകൾകൊണ്ടു നയിച്ച ചോ രാമസ്വാമി(82) അന്തരിച്ചു. പ്രായാധിക്യത്തെത്തുടർന്നു ഏറെനാളായി വിശ്രമത്തിലായിരുന്നു ചോ രാമസ്വാമി. ശ്വാസതടസത്തെത്തുടർന്ന് ഒരാഴ്ചയായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. ഭാര്യക്കും രണ്ടുമക്കൾക്കുമൊപ്പം ചെന്നൈയിലായിരുന്നു താമസം. ഇന്നലെ വൈകുന്നേരും ചെന്നൈ ബസന്ത്നഗർ ശ്മശാനത്തിൽ സംസ്കാരം നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീർശെൽവം, ചലച്ചിത്രതാരം രജനീകാന്ത് ഉൾപ്പെടെ പ്രമുഖർ ചോയുടെ നിര്യാണത്തിൽ അഗാധദുഃഖം രേഖപ്പെടുത്തി.

1934 ഒക്ടോബർ അഞ്ചിനായിരുന്നു ശ്രീനിവാസ അയ്യർ രാമസ്വാമി എന്ന ചോ രാമസ്വാമിയുടെ ജനനം. അച്ഛനും മുത്തച്ഛനും അമ്മാവനും അറിയപ്പെടുന്ന അഭിഭാഷകരായിരുന്നു. ചോയും ആ വഴി തന്നെ പിന്തുടർന്നു. ടിടികെ ഗ്രൂപ്പിന്റെ നിയമോപദേശകനായി കുറച്ചധികം കാലം പ്രവർത്തിച്ച ശേഷം നാടകലോകത്തെത്തി. അധികാരികളെ കണക്കറ്റു പരിഹസിക്കുന്നതായിരുന്നു രചനകളെല്ലാം. 1960കളിൽ എം. ഭക്‌തവൽസലത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ചോ രചിച്ച സംഭവാമി യുഗേ യുഗേയുടെ തിരക്കഥ സെൻസർ ചെയ്യാൻ ശ്രമിച്ചതു കോളിളക്കം സൃഷ്‌ടിച്ചിരുന്നു. പിന്നീടു നാടകത്തിൽനിന്നാണു സിനിമയിലേക്കു ചുവടുമാറി. തുഗ്ലക്ക് എന്ന വാരികയിലൂടെ തമിഴ്നാട്ടിലെ പ്രതിപക്ഷശബ്ദമായും ചോ ഏറെക്കാലം തിളങ്ങി.


എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരാണു ചോ രാമസ്വാമിയെ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്തത്. കോൺഗ്രസ് നേതാവും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ കാമരാജ്, സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായൺ, എൽ.കെ. അഡ്വാനി, ആർഎസ്എസ് നേതാവ് ബാലേസാഹിബ് ദേവരസ്, മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ, ജി.കെ. മൂപ്പനാർ, അന്തരിച്ച മുഖ്യമന്ത്രി ജയലളിത ഉൾപ്പെടെ ഒട്ടേറെ നേതാക്കളുമായി അത്മബന്ധം പുലർത്തിയിരുന്നു. ബഹുമുഖ പ്രതിഭയായിരുന്നു ചോ രാമസ്വാമിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.