പോർവിളിച്ചു ഭരണ, പ്രതിപക്ഷങ്ങൾ; പാർലമെന്റ് ഇന്നലെയും തടസപ്പെട്ടു
പോർവിളിച്ചു ഭരണ, പ്രതിപക്ഷങ്ങൾ; പാർലമെന്റ് ഇന്നലെയും തടസപ്പെട്ടു
Wednesday, December 7, 2016 3:44 PM IST
ന്യൂഡൽഹി: നോട്ട് വിഷയത്തിൽ പ്രധാനമന്ത്രി ചർച്ചയിൽ പങ്കെടുക്കാത്തതിനെ ചൊല്ലി പാർലമെന്റ് സ്തംഭിച്ചു. എന്നാൽ, പ്രതിപക്ഷം ചർച്ചയിൽ നിന്ന് ഒളിച്ചോടുകയാണെന്നു സർക്കാരും തിരിച്ചടിച്ചു. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെയും ലോക്സഭയിലെത്തി ചർച്ചയിൽ പങ്കെടുക്കാതെ മടങ്ങി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നടപടികളൊന്നും നടക്കാതെ പാർലമെന്റിന്റെ ഇരുസഭകളും ഇന്നലെ പിരിഞ്ഞു. അതേസമയം, നോട്ട് നിരോധനത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ പത്തു മണിക്ക് പാർലമെന്റിനു മുന്നിൽ 17 പ്രതിപക്ഷ കക്ഷികൾ പ്രതിഷേധ ധർണ നടക്കും.

രാജ്യസഭയിൽ ഇന്നലെ ശൂന്യവേളയും ചോദ്യോത്തര വേളയും ബഹളത്തിൽ മുങ്ങി പിരിഞ്ഞു. ആസൂത്രണമില്ലാതെ നോട്ട് റദ്ദാക്കിയതു മൂലം 84 പേരുടെ ജീവൻ നഷ്‌ടപ്പെട്ടതായി പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇതിനുത്തരവാദി ആരെന്നു വ്യക്‌തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സമാജ്വാദി പാർട്ടിയും ബിഎസ്പിയും സഭയിൽ പ്രധാനമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ, പ്രതിപക്ഷം ചർച്ചയിൽനിന്ന് ഓടിയൊളിച്ച് തന്ത്രപൂർവം സഭയുടെ പ്രവർത്തനം തടസപ്പെടുത്തുകയാണെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി ആരോപിച്ചു. ചർച്ച ആവശ്യപ്പെട്ടതിനു ശേഷം സർക്കാർ ഇക്കാര്യത്തിൽ ഒരു നിമിഷം പോലും പാഴാക്കിയിട്ടില്ല. ചട്ടപ്രകാരം ചർച്ച നടക്കുന്നതിനു സർക്കാരിനു തടസമില്ല. ചർച്ചയിൽ പ്രധാനമന്ത്രി പങ്കുചേരുകയും ചെയ്യുമെന്നും ജയ്റ്റ്ലി പറഞ്ഞു. ചർച്ച നടത്തുന്നതിൽ താത്പര്യമില്ലാത്ത പ്രതിപക്ഷം ശൂന്യവേളയിൽ പോലും പ്രതിഷേധമുയർത്തി ടിവിയിൽ ഇടം പിടിക്കാനാണ് നോക്കുന്നത്. പ്രതിപക്ഷത്തിനു ധൈര്യമുണ്ടെങ്കിൽ ചർച്ചയ്ക്കു തയാറാകണമെന്നും ജയ്റ്റ്ലി വെല്ലുവിളിയുടെ സ്വരത്തിൽ പറഞ്ഞു.

ഇതോടെ പ്രതിപക്ഷത്തിനെ വെല്ലുവിളിച്ചു മുദ്രാവാക്യം വിളികളുമായി ബിജെപി അംഗങ്ങൾ എഴുന്നേറ്റു. ധനമന്ത്രിയോട് യോജിച്ച ഉപാധ്യക്ഷൻ ചർച്ചയ്ക്കു തയാറാണോ എന്ന് പ്രതിപക്ഷത്തോട് ആരാഞ്ഞു. എന്നാൽ, പ്രധാനമന്ത്രി എത്താതെ ചർച്ചയ്ക്കില്ലെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിന്നു. ഇതിനിടെ പ്രധാനമന്ത്രിക്ക് മറ്റു പല ഉത്തരവാദിത്തങ്ങൾ കൂടിയുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

സഭ ഇന്നലെ ചേർന്നപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വിഷയമുന്നയിച്ചു. പണത്തിനായി ക്യൂ നിൽക്കവേ മരിച്ചവരുടെ ഉത്തരവാദിത്തം ആരേറ്റെടുക്കുമെന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു. ജനങ്ങളുടെ വികാരങ്ങൾ വച്ചു കളിച്ചിട്ട് വികാരഭരിതമായി സംസാരിച്ചിട്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് പ്രധാനമന്ത്രി മാപ്പുപറയണമെന്ന് എസ്പി അംഗം നരേഷ് അഗർവാൾ പറഞ്ഞു. പ്രധാനമന്ത്രി സഭയിലെത്തി ചർച്ച കേട്ട് മറുപടിക്കു തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

50 ദിവസത്തിനുള്ളിൽ ബുദ്ധിമുട്ടുകൾ മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടും ഒരുമാസത്തിനു ശേഷവും ഒരു മാറ്റവുമില്ലെന്ന് ബിഎസ്പി നേതാവ് മായാവതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ പ്രധാനമന്ത്രി മാപ്പു പറയണമെന്ന് തൃണമൂൽ കോൺഗ്രസും ആവശ്യപ്പെട്ടു. ഉച്ചകഴിഞ്ഞു ചേർന്നപ്പോഴും ബഹളം തുടർന്നതോടെ സഭ ഇന്നലത്തേക്കു പിരിഞ്ഞു.


ലോക്സഭയിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ബഹളം വച്ചു. നോട്ട് മരവിപ്പിക്കൽ ചർച്ച ആവശ്യപ്പെട്ട് ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ ചോദ്യോത്തരവേളയിൽ ശക്‌തമായ നിലപാടെടുത്തു. ചോദ്യോത്തരവേളയിൽ സഭയിലെത്തിയ പ്രധാനമന്ത്രി അൽപ്പനേരത്തിനുശേഷം മടങ്ങി.

സ്പീക്കർ അടിയന്തര പ്രമേയത്തിനു നോട്ടീസ് നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധം രൂക്ഷമാക്കി. വോട്ടിംഗോടുകൂടിയുള്ള ചർച്ച വേണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിന്നു. എന്നാൽ, ഇതെല്ലാ ദിവസവും നടക്കുന്ന നാടകമാണെന്നും ചർച്ച വേണമെങ്കിൽ ഇപ്പോൾ തന്നെ തയാറാകണമെന്നുമായിരുന്നു സ്പീക്കർ സുമിത്ര മഹാജൻ പറഞ്ഞത്. ഇതോടെ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുയർത്തി പ്രതിപക്ഷം പ്രതിഷേധം രൂക്ഷമാക്കി. കോൺഗ്രസിനൊപ്പം തൃണമൂൽ കോൺഗ്രസ്, ഇടത് പാർട്ടികളും നടുത്തളത്തിറങ്ങി.

ബഹളങ്ങൾക്കിടെ വോട്ടിംഗില്ലാതെ ചർച്ചയാവാമെന്നു ടിആർഎസ് വ്യക്‌തമാക്കി. തുടർന്ന് എ.പി. ജിതേന്ദർ റെഡിയെ സ്പീക്കർ സംസാരിക്കാൻ ക്ഷണിച്ചു. റെഡി എഴുതി തയാറാക്കിയ പ്രസംഗം ആരംഭിച്ചതും തൃണമൂൽ അംഗങ്ങൾ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി അദ്ദേഹത്തിനരികിലെത്തി. കോൺഗ്രസ് അംഗങ്ങളും ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി. വോട്ടിംഗോടു കൂടിയുള്ള ചർച്ചയാണ് വേണ്ടതെന്ന് തൃണമൂൽ വ്യക്‌തമാക്കി. ബഹളം രൂക്ഷമായതോടെ സഭ ഇന്നലത്തേക്കു പിരിഞ്ഞു.

ഇന്നു ചർച്ചയ്ക്കു സാധ്യത


ന്യൂഡൽഹി: നോട്ട് വിഷയത്തിൽ പാർലമെന്റിൽ ഇന്നു ചർച്ച നടന്നേക്കും. ഇതുവരെ ലോക്സഭയിൽ വോട്ടിംഗോടുകൂടി ചർച്ച വേണമെന്ന് ആവശ്യപ്പെട്ടിരുന്ന പ്രതിപക്ഷം ഇന്ന് ഏതു ചട്ടപ്രകാരം എന്നു വ്യക്‌തമാക്കാതെ ചർച്ചയ്ക്കു തുടക്കമിടുമെന്നാണ് വിവരം. ഇക്കാര്യത്തിൽ ഇന്നു ചേരുന്ന പ്രതിപക്ഷ കക്ഷികളുടെയും പാർലമെന്റിന്റെ കാര്യോപദേശക സമിതിയുടെ യോഗത്തിലും തീരുമാനമെടുക്കും.

നോട്ട് വിഷയത്തിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിന്നതോടെ ശീതകാല സമ്മേളനത്തിന്റെ ഇതുവരെയുള്ള ദിവസങ്ങൾ പാർലമെന്റ് നടപടികളൊന്നും നടക്കാതെ പിരിയുകയായിരുന്നു.

നോട്ട് വിഷയത്തിൽ പ്രതിഷേധ പരിപാടികൾക്കും തുടർനടപടികൾക്കും രൂപം നൽകാൻ ഇന്നലെ രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ മുറിയിൽ പ്രതിപക്ഷ നേതാക്കൾ യോഗം ചേർന്നിരുന്നു. രാജ്യസഭയിൽ ചർച്ച ഒരു ദിവസം തുടങ്ങിവച്ചിരുന്നെങ്കിലും പ്രധാനമന്ത്രി എത്താതിരുന്നതിനെ തുടർന്നുള്ള പ്രതിഷേധത്തിൽ ഇടയ്ക്കു മുടങ്ങിപ്പോകുകയായിരുന്നു. ചർച്ചയ്ക്ക് ഇന്ന് തുടക്കമിട്ടില്ലെങ്കിൽ തിങ്കളാഴ്ചയെങ്കിലും തുടങ്ങുമെന്നാണ് പ്രതിപക്ഷ വൃത്തങ്ങൾ വ്യക്‌തമാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.