കള്ളനോട്ട് കണ്ടുപിടിക്കാൻ സാങ്കേതിക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നു സഹകരണ ബാങ്കുകൾ
കള്ളനോട്ട് കണ്ടുപിടിക്കാൻ സാങ്കേതിക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നു സഹകരണ ബാങ്കുകൾ
Wednesday, December 7, 2016 3:33 PM IST
ന്യൂഡൽഹി: കള്ളനോട്ടുകൾ കണ്ടുപിടിക്കാൻ സാങ്കേതിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു വ്യക്‌തമാക്കി കേരളത്തിലെ സഹകരണ ബാങ്കുകൾ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഇക്കാര്യം വ്യക്‌തമാക്കുന്ന നബാർഡിന്റെ റിപ്പോർട്ടും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും റിസർവ് ബാങ്കുകളും കൊണ്ടുവന്ന നിയന്ത്രണങ്ങൾക്കെതിരേ നൽകിയ ഹർജിയിലാണ് കേന്ദ്ര സർക്കാരിനെതിരേ സഹകരണ ബാങ്കുകൾ എതിർ സത്യവാങ്മൂലം നൽകിയത്.

നോട്ട് നിരോധനത്തെ തുടർന്ന് പഴയ നോട്ടുകളുടെ വിനിമയത്തിൽ നിന്നും രാജ്യത്തെ സഹകരണ ബാങ്കുകളെ ഒഴിവാക്കിയത് മതിയായ ക്രമീകരണങ്ങളില്ലാത്തതു കൊണ്ടാണെന്നു കേന്ദ്രം നേരത്തെ കോടതിയെ അറിയിച്ചിരുന്നു. സഹകരണ ബാങ്കുകളിൽ കെവൈസി ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നില്ല, ഇന്റർനെറ്റ് ഉൾപ്പെടെയുളള സൗകര്യങ്ങൾ സഹകരണ ബാങ്കുകളിൽ ഇല്ല, കൂടാതെ കള്ളനോട്ടുകൾ കണ്ടുപിടിക്കാനുളള സംവിധാനമില്ലെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് സഹകരണ ബാങ്കുകൾ സത്യവാങ്മൂലം നൽകിയത്.


കേന്ദ്രത്തിന്റെ വാദങ്ങൾ തെറ്റും അടിസ്‌ഥാനരഹിതവുമാണ്. 57 ലക്ഷം നിക്ഷേപകരെ ദ്രോഹിക്കുന്നതാണ് ഈ നടപടികൾ. കള്ളനോട്ട് കണ്ടുപിടിക്കാനുള്ള സംവിധാനം സഹകരണ ബാങ്കുകളിലുണ്ട്. ഇത്തരം നോട്ടുകൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ജീവനക്കാർക്കു നൽകിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

എടിഎം, കോർ ബാങ്കിംഗ് അടക്കം മറ്റു പൊതുമേഖലാ ബാങ്കുകൾ നൽകുന്ന എല്ലാ സൗകര്യങ്ങളും സഹകരണ ബാങ്കുകളും നൽകുന്നുണ്ട്. ആർബിഐയുടെ നിയന്ത്രണത്തിൽ അല്ല എന്ന ആരോപണവും സഹകരണ ബാങ്കുകൾ നിഷേധിച്ചു. കൂടാതെ, മാനദണ്ഡങ്ങൾ ലംഘിച്ചതിന് നടപടി നേരിട്ട 13 വാണിജ്യ ബാങ്കുകൾക്ക് പഴയ നോട്ട് കൈമാറ്റം ചെയ്യാൻ റിസർവ് ബാങ്ക് അനുവാദം നൽകിയ കാര്യവും സഹകരണ ബാങ്കുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.