താത്കാലിക ജീവനക്കാരെ എഐഎടിഎസ്എല്ലിൽ നിയമിക്കും
താത്കാലിക ജീവനക്കാരെ എഐഎടിഎസ്എല്ലിൽ നിയമിക്കും
Wednesday, December 7, 2016 3:10 PM IST
ന്യൂഡൽഹി: വിമാനത്താവളത്തിൽ എയർ ഇന്ത്യക്കു കീഴിൽ ജോലി ചെയ്തിരുന്ന മുഴുവൻ താത്കാലിക ജീവനക്കാരെയും ഉപകമ്പനിയായ എഐഎടിഎസ്എല്ലിൽ നിയമിക്കാമെന്ന് എയർ ഇന്ത്യ സിഎംഡി അശ്വനി ലോഹാനി ഉറപ്പ് നൽകിയതായി എം.കെ രാഘവൻ എംപി. ഇതുസംബന്ധിച്ച് എഐഎടിഎസ്എല്ലിന് നിർദേശം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ഇക്കാര്യം ആവശ്യപ്പെട്ട് എം.കെ. രാഘവൻ കഴിഞ്ഞ ദിവസം എയർ ഇന്ത്യ സിഎംഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താത്കാലിക ജീവനക്കാരെ മറ്റ് ഉപകമ്പനികളിൽ നിയമിക്കാമെന്ന് നേരത്തെ എയർ ഇന്ത്യ ഉറപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെ ഇക്കഴിഞ്ഞ മാർച്ചിൽ കൊച്ചിയിലെ സെൻട്രൽ ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിൽ നൽകിയ സത്യവാങ്മൂലത്തിലും താത്കാലിക ജീവനക്കാരെ സ്‌ഥിരമായി നിയമിക്കുമെന്നും ഉപകമ്പനിയായ എഐഎടിഎസ്എല്ലിൽ ഇവരെ നിയമിക്കുന്നതിന് പദ്ധതി തയാറാക്കി കഴിഞ്ഞുവെന്നും എയർ ഇന്ത്യ അറിയിച്ചിരുന്നു.

നിയമന ഉത്തരവ് വൈകാതെ തന്നെ നൽകുമെന്നാണ് സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്.

ഇതിന്റെ അടിസ്‌ഥാനത്തിൽ 101 താത്കാലിക ജീവനക്കാരിൽ 51 പേർക്ക് എഐഎടിഎസ്എല്ലിൽ നിയമനം നൽകുകയും ചെയ്തു. ശേഷിക്കുന്ന ജീവനക്കാർക്കു കൂടി നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യയുടെ ചെന്നൈയിലുള്ള മാനേജരെ ബന്ധപ്പെട്ടപ്പോൾ നിലവിൽ 51 ജിവനക്കാരുടെ മാത്രം ആവശ്യമേ ഉള്ളൂവെന്ന മറുപടിയാണ് ലഭിച്ചത്.

എന്നാൽ, ഇതിനിടെ കോഴിക്കോട് വിമാനത്താവളത്തിലെ കുള്ളർ കമ്പനിയിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ഐഐഎടിഎസ്എല്ലിൽ എടുക്കാൻ നീക്കം നടക്കുന്നതായി അറിഞ്ഞു.

എയർ ഇന്ത്യ നേരത്തെ നൽകിയ ഉറപ്പിന് കടകവിരുദ്ധമാണ് ഈ നീക്കം. എയർ ഇന്ത്യയിൽ വർഷങ്ങളായി ജോലി ചെയ്യുന്നവർക്കാണ് ആദ്യം പരിഗണന നൽകേണ്ടത്.

ഈ സാഹചര്യത്തിൽ ശേഷിക്കുന്ന താത്കാലിക ജീവനക്കാർക്ക് കൂടി നിയമനം ലഭിക്കുന്നതിന് സിഎംഡി അടിയന്തിരമായി ഇടപെടണമെന്ന് എംപി ആവശ്യപ്പെട്ടു. തുടർന്നാണ് നൽകിയ ഉറപ്പ് പാലിക്കാൻ എഐഎടിഎസ്എൽ കമ്പനിക്ക് നിർദ്ദേശം നൽകാമെന്ന് അശ്വനി ലോഹാനി ഉറപ്പ് നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.