തോൽവിയില്ലാതെ പഠനം അഞ്ചാം ക്ലാസ് വരെ
തോൽവിയില്ലാതെ പഠനം അഞ്ചാം ക്ലാസ് വരെ
Tuesday, October 25, 2016 12:45 PM IST
ന്യൂഡൽഹി: അഞ്ചാം ക്ലാസിനുശേഷം വിദ്യാർഥികളെ തോൽപ്പിക്കുന്ന കാര്യത്തിൽ സംസ്‌ഥാനങ്ങൾക്കു സ്വന്തം തീരുമാനമെടുക്കാമെന്നു കേന്ദ്ര വിദ്യാഭ്യാസ ഉപദേശകസമിതി (സിഎബിഇ). എട്ടാം ക്ലാസ് വരെ തോൽപിക്കരുതെന്നാണു ദേശീയ നയം. ഇത് അഞ്ചാം ക്ലാസ് വരെയായി പരിമിതപ്പെടുത്താമെന്നു സമിതി നിർദേശിച്ചു.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറും സംസ്‌ഥാന വിദ്യാഭ്യാസ മന്ത്രിമാരും ഉൾപ്പെടെ ഇന്നലെ ഡൽഹിയിൽ ചേർന്ന സമിതിയുടെ 64–ാം യോഗത്തിലാണ് ഈ തീരുമാനം. അഞ്ചാം ക്ലാസ് വരെയുള്ള ഒരു വിദ്യാർഥിയെയും തോൽപ്പിക്കരുതെന്നും അതിനു ശേഷമുള്ള ക്ലാസുകളിലെ കാര്യത്തിൽ സംസ്‌ഥാന സർക്കാരുകൾക്കു തീരുമാനമെടുക്കാം. എന്നാൽ, നിലവിലെ രീതി തുടരണമെന്നാണു കേരളം ആവശ്യപ്പെട്ടത്.

എട്ടാം ക്ലാസുവരെ കുട്ടികളെ തോൽപ്പിക്കരുതെന്ന നിലവിലെ നയം പഠനനിലവാരത്തെ സാരമായി ബാധിക്കുമെന്നും അത് ഒഴിവാക്കണമെന്നും പല സംസ്‌ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു. തുടർന്നു കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം സംസ്‌ഥാനങ്ങളുടെ അഭിപ്രായം തേടി. പല സംസ്‌ഥാനങ്ങളും അനുകൂലവും പ്രതികൂലവുമായ നിലപാടുകൾ അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയം രൂപവത്കരിക്കുന്നതിനു മുന്നോടിയായി നിർദേശങ്ങൾ സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട ടി.എസ്.ആർ. സുബ്രഹ്മണ്യൻ കമ്മിറ്റി തോൽവിയില്ലാത്ത പഠനം അഞ്ചാം ക്ലാസ് വരെ മതിയെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്. ഇതു പിൻപറ്റിയായിരുന്നു ഇന്നലെ ഡൽഹിയിൽ നടന്ന യോഗത്തിന്റെ തീരുമാനം.


ഓരോ ക്ലാസിന്റെയും പഠന നിലവാരവും പുരോഗതിയും ഏതു തലത്തിൽ വേണമെന്നു സംസ്‌ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും ഇക്കാര്യം വിദ്യാഭ്യാസ അവകാശ നിയമത്തിൽ രേഖപ്പെടുത്തണമെന്നും യോഗത്തിൽ തീരുമാനിച്ചു. അധ്യാപകപരിശീലനം പൂർത്തിയാക്കുന്നതിനുള്ള സമയപരിധി 2020 വരെ നീട്ടിക്കൊണ്ട് വിദ്യാഭ്യാസ അവകാശ നിയമം പരിഷ്കരിക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു. 2015ൽ ഈ കാലാവധി അവസാനിച്ചിരുന്നു.

സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയുടെ കാര്യം സിബിഎസ്ഇക്കുള്ളിൽ തന്നെ ആഭ്യന്തര വിഷയമായി ചർച്ച ചെയ്യുമെന്നും ഇക്കാര്യത്തിൽ ഇന്നലത്തെ യോഗത്തിൽ പ്രത്യേക ചർച്ചകൾ നടന്നിട്ടില്ലെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ യോഗത്തിനുശേഷം പറഞ്ഞു.

കേന്ദ്രം പുതിയ ദേശീയ വിദ്യാഭ്യാസ നയരൂപീകരണത്തിനൊരുങ്ങുന്ന സാഹചര്യത്തിൽ ഇന്നലത്തെ കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി യോഗം ഏറെ നിർണായകമായിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടു റിപ്പോർട്ട് മതനിരപേക്ഷമല്ലെന്നു യോഗത്തിൽ പങ്കെടുക്കാനെത്തിയ സംസ്‌ഥാന വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മാധ്യമങ്ങളോടു പറഞ്ഞു.അതിനിടെ, സ്കൂൾ പാഠ്യപദ്ധതിയിൽ കായികം നിർബന്ധിത വിഷയമാക്കണമെന്നു കേന്ദ്രമന്ത്രി വിജയ് ഗോയൽ ആവശ്യപ്പെട്ടു.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.