അതിർത്തിയിലെ ജീവിതം ബങ്കറുകളിൽ സുരക്ഷിതം
അതിർത്തിയിലെ ജീവിതം ബങ്കറുകളിൽ സുരക്ഷിതം
Tuesday, October 25, 2016 12:28 PM IST
കാഷ്്മീർ: പാക് സൈന്യം തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നതുമൂലം അതിർത്തിയിലെ ജീവിതം ദുസ്സഹമായതായി പ്രദേശവാസികൾ. ജീവനെപ്പേടിച്ച് അതിർത്തിയിൽ ജീവിക്കുന്നവർ സ്വന്തം വീട് ഉപേക്ഷിച്ച് ബങ്കറുകളിലേക്ക് താമസം മാറ്റുകയാണ്. ആർഎസ് പുരയിലെ രാജ്യാന്തര അതിർത്തിക്കു സമീപം താമസിക്കുന്ന എല്ലാവരും തന്നെ കൂടുതൽ സമയവും ബങ്കറുകളിലാണ് ചെലവഴിക്കുന്നത്. മേഖലയിൽ പാക് റേഞ്ചേഴ്സ് തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്.

അതിർത്തിയിൽനിന്ന് ഒരു കല്ലേറ് ദൂരത്താണ് നഗർ സിംഗിന്റെ (60)വീട്. തന്റെ ഒരു ആയുഷ്കാലത്തെ വിയർപ്പായ ആ വീട്ടിൽ സമാധാനത്തോടെ കിടക്കാനാവുന്നില്ലായെന്നതാണ് നഗർ സിംഗിന്റെ ദുഃഖം. കൂടുതൽ സമയവും നഗർസിംഗും കുടുംബവും കഴിയുന്നത് സർക്കാർ നിർമിച്ചുനൽകിയിട്ടുള്ള കമ്യൂണിറ്റി ബങ്കറിലാണ്. പാക് അതിർത്തിയിൽനിന്നു വർഷിക്കുന്ന വെടിയുണ്ടകളും ഷെല്ലുകളും നഗർ സിംഗിന്റെ വീടിന്റെ ചുവരുകളിൽ പതിവായി ചിത്രപ്പണികൾ നടത്താറുണ്ട്. പൊട്ടിത്തകരുന്ന ചുവരുകൾ നന്നാക്കാനേ അയാൾക്ക് സമയമുള്ളൂ. വീട്ടിൽ എന്നാണ് സമാധാനത്തോടെ കിടക്കാനാവുകയെന്നാണ് നഗർ സിംഗ് ചോദിക്കുന്നത്.


ബങ്കറുകൾ ഉള്ളതുകൊണ്ടാണ് ജീവനോടിരിക്കുന്നത്. അതിർത്തിയിൽ പാക് ആക്രമണത്തിൽ തകർന്ന വീടുകളിലൂടെ കണ്ണോടിച്ചുകൊണ്ടാണ് ഷമീർ സിംഗ് ചിബ് പറഞ്ഞത്. കൊറോട്ടാന കുർദ് വില്ലേജിലാണ് ഇയാളുടെ വീട്. അടുത്തിടെ നടന്ന പാക് ആക്രമണങ്ങളിൽ അയാളുടെ ഗ്രാമത്തിൽ വലിയ നാശനഷ്‌ടങ്ങളാണ് ഉണ്ടായത്. ബങ്കറിൽനിന്ന് കളിക്കാനായി പുറത്തിറങ്ങിയ ആറു വയസുകാരൻ വിക്കി കുമാർ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും ഏറെ നാളായിട്ടില്ല.

അതിർത്തിയിലെ ജീവിതം സുരക്ഷിതമാക്കാൻ കൂടുതൽ ബങ്കറുകൾ നിർമിക്കാൻ തയാറെടുക്കുകയാണ് സർക്കാർ. ഏറ്റവും പുതിയ കണക്കനുസരിച്ച് 448 അതിർത്തി ഗ്രാമങ്ങളിൽ 1006.25 കോടി രൂപ ചെലവിൽ

20,125 കമ്യൂണിറ്റി ബങ്കറുകൾ നിർമിക്കാനുള്ള പ്രൊപ്പോസൽ സംസ്‌ഥാന സർക്കാർ കേന്ദ്രഗവൺമെന്റിനു നൽകിക്കഴിഞ്ഞു. നിലവിൽ ജമ്മുവിൽ മാത്രം 43 കമ്യൂണിറ്റി ബങ്കറുകൾ നിലവിലുണ്ട്. 47 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഒരു കമ്യൂണിറ്റി ബങ്കറിൽ ഒരേ സമയം 20 പേർക്ക് സുരക്ഷിതമായി കഴിയാനാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.