മകനു നൽകിയ വാക്കു പാലിക്കാൻ ആ അമ്മ കരഞ്ഞില്ല!
മകനു നൽകിയ വാക്കു പാലിക്കാൻ ആ അമ്മ കരഞ്ഞില്ല!
Sunday, October 23, 2016 12:16 PM IST
ജമ്മു: ത്രിവർണ പതാകയിൽ പൊതിഞ്ഞ മകന്റെ ജീവനറ്റ ശരീരത്തിനു മുമ്പിൽ പിടയുന്ന ഹൃദയവുമായി നിൽക്കുമ്പോഴും ആ അമ്മയുടെ കണ്ണുകളിൽനിന്ന് ഒരിറ്റ് കണ്ണീർ പോലും പൊടിഞ്ഞില്ല; അത് ഒരു വാക്ക് പാലിക്കലായിരുന്നു ആ അമ്മയെ സംബന്ധിച്ച്. വെള്ളിയാഴ്ച കഠുവ സെക്ടറിലെ പാക് അതിർത്തിയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ ഗുർണാം സിംഗിന്റെ (26) മൃതദേഹം ബാലേസ്വർ മഗോവാലിയിലെ സ്വഭവനത്തിൽ എത്തിച്ചപ്പോഴാണ് ‘നീ രാജ്യത്തിനുവേണ്ടി മരിച്ചാൽ ഞാൻ കരയില്ല ’എന്നു മകനു നൽകിയ വാക്ക് പാലിക്കാൻ അമ്മ ജസ്വന്ത് കൗർ കരച്ചിൽ ഉള്ളിലൊതുക്കിയത്. ‘ഒരിക്കൽ ഗുർണാം സിംഗ് പറഞ്ഞു. ഞാൻ രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്താൽ അമ്മ കരയരുത്. ഞാൻ വാക്കു കൊടുത്തു; ഇല്ല’ ജസ്വന്ത് കൗർ അതു പറയുമ്പോൾ കരഞ്ഞത് അവിടെ കൂടിനിന്നവരായിരുന്നു.


മകൻ രാജ്യത്തിനുവേണ്ടി ജീവൻ ബലി നൽകിയതിൽ അഭിമാനിക്കുന്നുവെന്നു പ്രതികരിച്ച ഗുർണാം സിംഗിന്റെ മാതാപിതാക്കൾ അതിർത്തിയിൽ ആക്രമണങ്ങളിൽ പരിക്കേൽക്കുന്ന ബിഎസ്എഫ് ജവാൻമാരുടെ ചികിത്സയ്ക്കായി മകന്റെ പേരിൽ ഒരു ആശുപത്രി നിർമിക്കണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടു. അതിർത്തിയിലെ ആക്രമണത്തിൽ പരിക്കേറ്റ ഗുർണാം സിംഗ് ജമ്മുവിലെ ആശുപത്രിയിലാണു മരണമടഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.