ആക്രമണത്തിന് അഞ്ചു ടീമുകൾ
ആക്രമണത്തിന് അഞ്ചു ടീമുകൾ
Friday, September 30, 2016 12:44 PM IST
ഏഴു ലക്ഷ്യസ്‌ഥാനങ്ങൾ. അഞ്ചു ടീമുകൾ. എന്തെങ്കിലും തകരാറോ പിഴവോ സംഭവിച്ചാൽ രക്ഷാദൗത്യത്തിനു വലിയൊരു പിൻനിര സേനാവ്യൂഹം. ജമ്മു–കാഷ്മീരിലെ പാക് അധിനിവേശ കാഷ്മീരിൽ നിയന്ത്രണ രേഖ കടന്നുചെന്നു ഭീകര താവളങ്ങൾ തകർക്കാനുള്ള ദൗത്യത്തിനു ചെയ്ത ആസൂത്രണം വളരെ വലുതായിരുന്നു.

ഓരോ ടീമിലും 25–ലേറെപ്പേർ ഉണ്ടായിരുന്നു. അവർ അതിർത്തിയിലെ മുള്ളുകമ്പികൾ മുറിച്ച് അപ്പുറം കടന്ന് ഒന്നു രണ്ടു കിലോമീറ്റർ വീതം അകലെയുള്ള ഭീകരതാവളങ്ങളിലെത്തി.

നിറയെ ഭടന്മാരാണ് നിയന്ത്രണരേഖയ്ക്കടുത്ത് ഈ ദിവസങ്ങളിൽ. ഉറിയിലെ ബ്രിഗേഡ് ആസ്‌ഥാനം ആക്രമിച്ച ശേഷം ഈ സാന്നിധ്യം വർധിച്ചു. അങ്ങനെയിരിക്കെ എങ്ങനെയാണ് നൂറ്റമ്പതിലേറെ കമാൻഡോകൾ ആയുധങ്ങളുമായി രണ്ടു കിലോമീറ്റർ സഞ്ചരിച്ചു ഭീകരക്യാമ്പുകൾ തകർത്തിട്ടു സുരക്ഷിതരായി മടങ്ങിയെത്തിയതെന്നു പാക്കിസ്‌ഥാൻ ചോദിക്കുന്നുണ്ട്.

പക്ഷേ, മനുഷ്യച്ചങ്ങലപോലെ പട്ടാളവും അതിർത്തിരക്ഷസേനയും നിൽക്കുകയോ നടക്കുകയോ ചെയ്യുന്നതല്ല അതിർത്തി. അവിടെ കാവൽക്കാരുടെ കണ്ണെത്താത്ത സ്‌ഥലങ്ങൾ ധാരാളമുണ്ട്. അവ വഴിയാകുമല്ലോ പാക് ഭീകരരും നുഴഞ്ഞുകയറ്റക്കാരും ഇന്ത്യയിലെത്തിയത് എന്ന് ഇന്ത്യ മറുചോദ്യം ചോദിക്കുന്നു.

കരസേനയുടെ പാരാട്രൂപ്പ് വിഭാഗങ്ങളിലെ നാലും ഒമ്പതും പ്ലാറ്റൂണുകളിൽനിന്നാണ് കമാൻഡോ ടീമുകളെ തെരഞ്ഞെടുത്തത്. അവർക്കു സംരക്ഷണ വലയം തീർക്കാനായി ആറാം ബിഹാർ റെജിമെന്റിലെയും പത്താം ദോഗ്ര റെജിമെന്റിലെയും ഭടന്മാരെ നിയോഗിച്ചു. ഈ മേഖലയിൽ നല്ലതുപോലെ സ്‌ഥലപരിചയമുള്ളവരാണവർ. ശത്രുമേഖലയിൽ പോയവർക്കു തിരിച്ചുപോരാൻ എന്തെങ്കിലും തടസമുണ്ടായാൽ ഇടപെടുക എന്നതായിരുന്നു നിയന്ത്രണരേഖയ്ക്ക് ഇപ്പുറം കാത്തുനിന്ന ഈ സംരക്ഷണവിഭാഗത്തിന്റെ ദൗത്യം.


അവർക്കു ഹെലികോപ്റ്റർ ഗൺഷിപ്പുകൾ അടക്കമുള്ള സന്നാഹമുണ്ടായിരുന്നു. അവർ നിയന്ത്രണരേഖയിൽനിന്നു കുറേ ദൂരം പിന്നിലായി സൈനിക താവളങ്ങളിലാണു കാത്തുനിന്നത്. അതിർത്തി കടന്നുപോയവർക്ക് എന്തെങ്കിലും പറ്റിയാൽ അവരെ രക്ഷിക്കുക, സാധിച്ചില്ലെങ്കിൽ ശരീരമെങ്കിലും തിരിച്ചെത്തിക്കുക.ഇതാണ് സ്‌ഥലപരിചയമുള്ള ഭടന്മാരുടെ സംഘത്തിനുണ്ടായിരുന്ന ദൗത്യം. ഭാഗ്യവശാൽ അവർ ഇടപെടേണ്ടിവന്നില്ല.

ഇന്ത്യൻ സേനയുടെ സ്പെഷൽ ഫോഴ്സസ് വിഭാഗത്തിലെ ഘാതക് ഫോഴ്സിലെ പാരാട്രൂപ്പ് കമാൻഡോകളാണ് അതിർത്തി കടന്നു ദൗത്യം നിർവഹിച്ചത്. അമേരിക്കൻ സേനയിലെ മറീൻ ഫോഴ്സ്പോലെയാണിവർ. ജനറൽ ബി.സി. ജോഷി സേനാമേധാവിയായിരുന്നപ്പോഴാണ് ഘാതക് എന്നു പേരിട്ടത്. ശത്രുവിനെ ഇല്ലാതാക്കൽ ആണ് ഇവരുടെ ദൗത്യം.

വ്യാഴാഴ്ചത്തെ ദൗത്യത്തിൽ ഏഴു ക്യാമ്പുകൾ തകർക്കാൻ ഉദ്ദേശിച്ചെങ്കിലും അത്രയ്ക്കു വിജയം ലഭിച്ചിട്ടില്ല എന്നാണു പിന്നീടുള്ള റിപ്പോർട്ടുകൾ. മൂന്നു ക്യാമ്പുകൾ പൂർണമായി നശിപ്പിച്ചു. മറ്റുള്ളവ ഇനി പെട്ടെന്ന് ഉപയോഗിക്കാനാവാത്ത നിലയിലാക്കി എന്നാണു ലഭിക്കുന്ന വിവരം.

രഹസ്യവിവരങ്ങൾ കൃത്യമായി ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ ഈ സൂക്ഷ്മ മിന്നൽ ആക്രമണം വെറും കെട്ടുകഥയാണെന്നാണു പാക്കിസ്‌ഥാൻ ഇപ്പോഴും പറയുന്നത്. നാശനഷ്‌ടങ്ങളുടെ ദൃശ്യങ്ങളോ കൊല്ലപ്പെട്ട ഭീകരരുടെ പടങ്ങളോ ഒന്നും ഇന്ത്യ പുറത്തുവിട്ടിട്ടില്ലെന്ന് അവർ പറയുന്നു. അതിർത്തിയിൽ പതിവുള്ള ഏറ്റുമുട്ടലുകൾ വ്യാഴാഴ്ചയും നടന്നെന്നും അതിനെ ചുറ്റിപ്പറ്റി ഇന്ത്യ കഥ മെനഞ്ഞതാണെന്നും പാക് പത്രങ്ങളിലൂടെ പാക് ഭരണകൂടം പ്രചരിപ്പിക്കുന്നു. പാക് ഭരണകൂടത്തിന്റെ മുഖം രക്ഷിക്കാനുള്ള അടവാണിതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.