കൃത്യമായ പ്രത്യാക്രമണം; അതിർത്തി സംസ്‌ഥാനങ്ങളിൽ കനത്ത ജാഗ്രത
കൃത്യമായ പ്രത്യാക്രമണം; അതിർത്തി സംസ്‌ഥാനങ്ങളിൽ കനത്ത ജാഗ്രത
Thursday, September 29, 2016 2:38 PM IST
ന്യൂഡൽഹി: പാക്കിസ്‌ഥാന് ഇന്ത്യ തിരിച്ചടി നൽകിയതു കൃത്യമായ മുന്നൊരുക്കത്തോടെ. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിന്റെ ഏകോപനത്തിലാണ് സൈന്യം തിരിച്ചടിച്ചത്. ഭീകരർക്കെതിരായ ഇന്ത്യൻ സൈന്യത്തിന്റെ നടപടികൾ ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയത് അജിത് ഡോവലിനെയാണ്.

പാക്കിസ്‌ഥാനിലെ നാലു മേഖലകളിലെ എട്ടിടങ്ങളിലാണ് ഇന്ത്യൻ സേന പ്രത്യാക്രമണം നടത്തിയത്. രാഷ്ട്രതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഡോ. ഹമീദ് അൻസാരി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, ജമ്മു കാഷ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എന്നിവരെ ഉൾപ്പെടെ ആക്രമണപദ്ധതി മുൻകൂട്ടി അറിയിച്ചിരുന്നു. മിന്നലാക്രമണത്തിന്റെ സമയത്തു സൈനിക ആസ്‌ഥാനത്ത് അജിത് ഡോവലും പ്രതിരോധ മന്ത്രി മനോഹർ പരീക്കറും സന്നിഹിതരായിരുന്നു. ഇന്ത്യൻ വ്യോമസേനയ്ക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നിയന്ത്രണരേഖ കടന്ന് പാക്ക് ഭീകരക്യാമ്പുകൾ ആക്രമിച്ചതിനു പിന്നാലെ അതിർത്തിയിൽ ഏതു സാഹചര്യവും നേരിടാൻ തയാറെടുപ്പിലാണ് ഇന്ത്യ. കാഷ്മീർ, പഞ്ചാബ് സംസ്‌ഥാനങ്ങളിലെ അതിർത്തി ഗ്രാമങ്ങളിലുള്ളവരെ ഒഴിപ്പിച്ച് അവിടെ സുരക്ഷാ സേനയെ വിന്യസിച്ചു. പഞ്ചാബ് അതിർത്തിയിലെ പത്തു കിലോമീറ്റർ ചുറ്റളവിലുള്ള വിദ്യാലയങ്ങൾക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അവധി പ്രഖ്യാപിച്ചു. പഞ്ചാബിൽ 553 കിലോമീറ്റർ ദൂരമാണ് പാക്കിസ്‌ഥാനുമായി ഇന്ത്യ അതിർത്തി പങ്കിടുന്നത്.

വാഗാ അതിർത്തിയിലെ ബീറ്റിംഗ് റിട്രീറ്റ ചടങ്ങ് ബിഎസ്എഫ് റദ്ദാക്കി. അതിർത്തിയിൽ ബിഎസ്എഫും പാക്കിസ്‌ഥാൻ റേഞ്ചേഴ്സും എല്ലാ ദിവസവും വൈകുന്നേരും നടത്തുന്ന പതാക താഴ്ത്തൽ ചടങ്ങാണ് ബീറ്റിംഗ് റിട്രീറ്റ്. സന്ദർശകരോടും വിനോദ സഞ്ചാരികളോടും അതിർത്തി ഗ്രാമങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കാനും ബിഎസ്എഫും ഭരണകൂടവും ആവശ്യപ്പെട്ടു. ബുധനാഴ്ച അർധരാത്രിയോടെയാണ് ഇന്ത്യ തിരിച്ചടി ആരംഭിച്ചത്. പാക്ക് അധിനിവേശ കശ്മീരിലെ ഏഴോളം ഭീകര താവളങ്ങൾ ഒരാഴ്ചയോളം നിരീക്ഷിച്ചതിനുശേഷമായിരുന്നു ഇത്. നിയന്ത്രണരേഖ കടന്ന് മൂന്നു കിലോമീറ്ററോളം ഉള്ളിലേക്കെത്തിയ ഇന്ത്യൻ സൈന്യം ഭീകരരുടെ താവളങ്ങൾക്കുനേരേ ആക്രമണം നടത്തുകയായിരുന്നു. അർധരാത്രിയോടെ ആരംഭിച്ച ആക്രമണം പുലർച്ചെ 4.30ന് അവസാനിപ്പിച്ചു. ആക്രമണത്തിൽ 38 ഭീകരരെ വധിച്ചു. ഇതിനൊപ്പം ഭീകരർക്കു സഹായം ചെയ്തവരെയും ഇടനിലക്കാരെയും വധിച്ചുവെന്നാണ് വ്യക്‌തമാക്കുന്നത്.

അതിർത്തിയിൽ ജനങ്ങളെ ഒഴിപ്പിച്ചു

ജമ്മു/ചണ്ഡിഗഗ്: പാക്കിസ്‌ഥാനുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിൽ അതീവ ജാഗ്രതാ നിർദേശം. അതിർത്തിയിലെ ഏതു സാഹചര്യവും നേരിടാൻ സജ്‌ജമാകുന്നതിന്റെ ഭാഗമായി പാക്കിസ്‌ഥാന്റെ അതിർത്തികളിലെ ഇന്ത്യൻ ഗ്രാമങ്ങളിലെ പത്ത് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ജനങ്ങളെ സൈന്യം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് നീക്കി. പഞ്ചാബിലെയും ജമ്മു കാഷ്മീരിലെയും ഗ്രാമങ്ങളിലാണ് അതീവജാഗ്രത പാലിക്കുന്നത്. പാക്കിസ്‌ഥാൻ സൈനിക നടപടി സ്വീകരിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇന്ത്യയുടെ നടപടി. പഞ്ചാബിലെ അട്ടാരി–വാഗ അതിർത്തിയിൽ നടക്കുന്ന ബീറ്റിംഗ് റിട്രീറ്റും റദ്ദാക്കി. അതിർത്തികളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച സർക്കാർ, ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും അവധികൾ റദ്ദാക്കുകയും ചെയ്തു.


രാജ്യാന്തര അതിർത്തികളിലെയും പാക് അധിനിവേശ കാഷ്മീരിലെയും ജനങ്ങളോട് സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദേശം നല്കിയതായി ജമ്മു ഡെപ്യൂട്ടി കമ്മീഷണർ സിംറന്ദീപ് സിംഗ് പറഞ്ഞു. ഇന്ത്യ–പാക് അതിർത്തിയിൽ എട്ട് കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവരോട് അടിയന്തരമായി ഒഴിഞ്ഞു പോകാനാണു നിർദേശം നല്കിയത്. പത്ത് കിലോമീറ്ററിനുള്ളിലുള്ള വിദ്യാലയങ്ങൾ അടുത്ത അറിയിപ്പ് ലഭിക്കുന്നതുവരെ അടച്ചിടാനും നിർദേശം നല്കി.

ജമ്മുവിലെ രാജ്യാന്തര അതിർത്തി, സാംബ, കതുവ ജില്ലകൾ, രജൗരി, പൂഞ്ച് ജില്ലകളിലെ നിയന്ത്രണരേഖയ്ക്കു സമീപമുള്ളവർ എന്നിവർക്കാണ് ഈ നിർദേശങ്ങൾ നല്കിയതെന്ന് അധികൃതർ അറിയിച്ചു.

രണ്ടിനം തോക്കുകളും ധ്രുവ് ഹെലികോപ്റ്ററും


ഇസ്രയേലിൽനിന്നു വാങ്ങിയ ടവോർ റൈഫിൾ, എം–4 റൈഫിൾ, ഗ്രനേഡുകൾ, ഗ്രനേഡ് ലോഞ്ചറുകൾ, രാത്രി കാഴ്ചയ്ക്കു സഹായിക്കുന്ന പ്രത്യേക കണ്ണടകൾ: ഇന്നലെ പുലർച്ചെ ശത്രു പ്രദേശത്തു ചെന്നു ഭീകരരുടെ താവളങ്ങൾ തകർക്കാൻ നിയോഗിക്കപ്പെട്ട പാരാട്രൂപ്പ് കമാൻഡോകൾ ഇവയുമായാണു പുറപ്പെട്ടത്. അവരുടെ യാത്ര കരസേനയുടെ ധ്രുവ് ഹെലികോപ്റ്ററിലും.

ശബ്ദം തീരെക്കുറവുള്ള നവീന ഹെലികോപ്റ്ററാണു ധ്രുവ്. സംഘർഷഭരിതമായ പൂഞ്ച്, കുപ്വാര മേഖലയിൽ ഇവ പാതിരായ്ക്കു പറന്നത് അധികം ശ്രദ്ധിക്കപ്പെട്ടില്ല.

നിയന്ത്രണരേഖയിൽ കമാൻഡോകളെ ഇറക്കിയശേഷം ഹെലികോപ്റ്ററുകൾ തിരിച്ചു പോയി. വീണ്ടും പുലർച്ചെ നാലു മണിക്കുശേഷം എത്തി കമാൻഡോകളെ മടക്കിക്കൊണ്ടു പോയി.

നിയന്ത്രണരേഖയിൽനിന്നു നടന്നും മുട്ടിലിഴഞ്ഞും ഒക്കെയാണ് പാക് സൈനികരുടെ ശ്രദ്ധയിൽപെടാതെ കമാൻഡോകൾ നീങ്ങിയത്. ഇതേസമയത്തു കുറേ ദൂരെ മാറി നിയന്ത്രണരേഖയിൽ നുഴഞ്ഞു കയറ്റക്കാരും ഇന്ത്യൻ സേനയുമായി ഏറ്റുമുട്ടൽ ഉണ്ടായതും ഇവർക്കു രക്ഷയായി.

ഭീകര ക്യാമ്പുകളിലേക്കു ഗ്രനേഡ് എറിഞ്ഞായിരുന്നു ആദ്യ ആക്രമണം. ഗ്രനേഡ് ലോഞ്ചറുകൾ ഉപയോഗിച്ചായിരുന്നു ഇത്. ഇതേത്തുടർന്നു ടെന്റുകൾ കത്തി. തീയിൽനിന്നു രക്ഷപ്പെട്ടു പുറത്തുചാടിയവർ തോക്കിനിരയായി.

രാത്രി മുഴുവൻ ഡൽഹിയിലെ ഓപ്പറേഷൻസ് റൂമിൽ പ്രതിരോധമന്ത്രി മനോഹർ പരീക്കറും കരസേനാമേധാവി ജനറൽ ദൽബീർ സിംഗ് സുഹാഗും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സംഭവങ്ങൾ നിരീക്ഷിച്ച് ഉറക്കമില്ലാതെ കാത്തിരുന്നു. നാലു മണി കഴിഞ്ഞപ്പോൾ ഡോവലിനു സന്ദേശം ലഭിച്ചു: ഓപ്പറേഷൻ സക്സസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.