കേന്ദ്രസർക്കാരിന് ഉറച്ച പിന്തുണയെന്ന് സോണിയ ഗാന്ധി
കേന്ദ്രസർക്കാരിന് ഉറച്ച പിന്തുണയെന്ന് സോണിയ ഗാന്ധി
Thursday, September 29, 2016 2:38 PM IST
ന്യൂഡൽഹി: രാജ്യസുരക്ഷയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന് ഉറച്ച പിന്തുണ നൽകുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇത് പാക്കിസ്‌ഥാനുള്ള ശക്‌തമായ സന്ദേശമാണ്. ജനങ്ങൾക്കും സുരക്ഷാ സേനയ്ക്കും എതിരേയുള്ള ആക്രമണങ്ങളും നുഴഞ്ഞു കയറ്റവും തടയുന്നതിനുള്ള രാജ്യത്തിന്റെ നിശ്ചയദാർഢ്യമാണ് ഇതു കാണിക്കുന്നത്. ഇനിയെങ്കിലും തീവ്രവാദത്തിനു പിന്തുണ നൽകുന്നതു നിർത്തി അതിനെ പ്രതിരോധിക്കാൻ പാക്കിസ്‌ഥാൻ ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തിന്റെ സുരക്ഷയ്ക്കും അതിർത്തി കടന്നുള്ള തീവ്രവാദം ഇല്ലാതാക്കുന്നതിനുമുള്ള എല്ലാ നടപടികൾക്കും താനും പാർട്ടിയും എല്ലാ പിന്തുണയും നൽകുന്നതായും സോണിയ ഗാന്ധി വ്യക്‌തമാക്കി.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അടക്കമുള്ള മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് കേന്ദ്ര സർക്കാരിന്റെ നടപടികൾക്കു സോണിയ പൂർണ പിന്തുണ അറിയിച്ചത്. പ്രധാനമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സോണിയാ ഗാന്ധിയുമായും മൻമോഹൻ സിംഗുമായും പ്രത്യേകം ചർച്ച നടത്തി.


രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി തീവ്രവാദ ക്യാമ്പുകൾക്കു നേരേ പോരടിച്ച സൈനികരെ സല്യൂട്ട് ചെയ്യുന്നെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രതികരിച്ചു.

തീവ്രവാദി ക്യാമ്പുകളിൽ ആക്രമണം നടത്തിയ ഇന്ത്യൻ സൈന്യത്തെ അനുമോദിക്കുന്നെന്നും സൈന്യത്തിന്റെ എല്ലാ നീക്കങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്നും എഐസിസി ജനറൽ സെക്രട്ടറി അഹമ്മദ് പട്ടേൽ പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.