കാവേരി ജലതർക്കം: ചർച്ച പരാജയം
Thursday, September 29, 2016 12:37 PM IST
ന്യൂഡൽഹി: കാവേരി നദീജല തർക്കം പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത യോഗം പരാജയപ്പെട്ടു. വെള്ളം വിട്ടുകൊടുക്കാനാവില്ലെന്നു കർണാടക ഉറച്ചു നിന്നതോടെയാണ് പ്രശ്നം സമവായത്തിലെത്തിക്കാനുള്ള കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതിയുടെ നീക്കം പരാജയപ്പെട്ടത്. രണ്ടു സംസ്‌ഥാനങ്ങളും യോഗത്തിൽ ഉന്നയിച്ച പരാതികളും ആശങ്കകളും സുപ്രീം കോടതിയെ രേഖാമൂലം അറിയിക്കുമെന്ന് യോഗത്തിനു ശേഷം ഉമാ ഭാരതി മാധ്യമ പ്രവർത്തകരെ അറിയിച്ചു.

കാവേരി നദിയിൽ നിന്നു 6000 ക്യുസെക്സ് വെള്ളം വീതം മൂന്നു ദിവസത്തേക്കു വിട്ടു നൽകണമെന്നു ഉത്തരവിട്ടതിനൊപ്പമാണ് സുപ്രീം കോടതി, രണ്ടു സംസ്‌ഥാനങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിനായി യോഗം വിളിക്കണമെന്നു കേന്ദ്ര സർക്കാരിനോടു നിർദേശിച്ചത്. എന്നാൽ, സംസ്‌ഥാനത്തു രൂക്ഷമായ ജലക്ഷാമം നേരിടുന്നതിനാൽ വെള്ളം വിട്ടുനൽകാനാവില്ലെന്ന കടുത്ത നിലപാട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗത്തെ അറിയിക്കുകയായിരുന്നു.


വെള്ളം വിട്ടുനൽകാനാവില്ലെന്ന കർണാടകയുടെ നിലപാട് നിരാശാജനകമാണെന്ന് ഉമാ ഭാരതി പ്രതികരിച്ചു. ആരോഗ്യ പ്രശ്നങ്ങളിൽ ആശുപത്രിയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രതിനിധിയായി പൊതുമരാമത്ത് മന്ത്രി കെ. പളനിസ്വാമിയായിരുന്നു പങ്കെടുത്തത്. പ്രശ്ന പരിഹാരത്തിനു സുപ്രീം കോടതി നിർദേശിച്ച കാവേരി മാനേജ്മെന്റ് ബോർഡ് ഉടൻ രൂപീകരിക്കണമെന്ന ജയലളിതയുടെ ആവശ്യമായി മന്ത്രി യോഗത്തെ അറിയിച്ചു. അതേസമയം, സംസ്‌ഥാനത്തെ ജലക്ഷാമ പ്രശ്നം പഠിക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ അയയ്ക്കണമെന്ന ആവശ്യമാണ് കർണാടക ഉന്നയിച്ചത്. എന്നാൽ, അതിനെ തമിഴ്നാട് എതിർത്തു. തമിഴ്നാടിനു വെള്ളം നൽകാതിരിക്കാനുള്ള കർണാടകത്തിന്റെ നീക്കമാണിതെന്നും തമിഴ്നാട് കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.