പാരീസ് ഉടമ്പടി ഗാന്ധിജയന്തി ദിനത്തിൽ പ്രാബല്യത്തിലാകും
Wednesday, September 28, 2016 1:09 PM IST
ന്യൂഡൽഹി: കാലാവസ്‌ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ ഇന്ത്യയിൽ പ്രാബല്യത്തിൽ വരുത്താനുള്ള നിർദേശത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. കഴിഞ്ഞ ഡിസംബർ 12ന് 185 രാജ്യങ്ങൾ അംഗീകരിച്ച പാരീസ് ഉടമ്പടിയിൽ കഴിഞ്ഞ ഏപ്രിൽ 22നാണ് ഇന്ത്യ ഒപ്പുവച്ചത്. ഇതുവരെ 191 രാജ്യങ്ങൾ ഒപ്പുവച്ചു. മൊത്തം ആഗോളവാതക വമനത്തിന്റെ 55% സംഭാവന ചെയ്യുന്ന 55 രാജ്യങ്ങൾ അംഗീകരിച്ചുകഴിഞ്ഞാൽ ഉടമ്പടി നിലവിൽ വരുമെന്നാണ് വ്യവസ്‌ഥ.

ആഗോള വാതക വമനത്തിന്റെ 47.79% പങ്കാളിത്തമുള്ളതായി കണക്കാക്കുന്ന 61 രാജ്യങ്ങൾ ഉടമ്പടി അംഗീകരിക്കാനുള്ള സന്നദ്ധത അറിയിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടുണ്ട്. ഉടമ്പടി ഇന്ത്യ അംഗീകരിച്ചത് സമാന സാഹചര്യത്തിലുള്ള കൂടുതൽ രാജ്യങ്ങൾ ആ ദിശയിൽ തീരുമാനമെടുക്കാൻ ഇടയാക്കും. പാരീസ് ഉടമ്പടി അംഗീകരിക്കുന്നതോടെ ഉടമ്പടിയുടെ ദേശീയ നിയമങ്ങൾ, വികസന അജൻഡ, നടപ്പാക്കൽ സാധ്യതകൾക്ക് വഴിതേടൽ, കാലാവസ്‌ഥാ വ്യതിയാനത്തിനെതിരായി പൊരുതുന്നതിലെ ആഗോള പ്രതിബദ്ധത നിശ്ചയിക്കൽ എന്നിവയുടെ പ്രഖ്യാനം നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.