ബ്രിക്സ് തൊഴിൽമന്ത്രിതല സമ്മേളനം തൊഴിലാളി സംഘടനകൾ ബഹിഷ്കരിച്ചു
Wednesday, September 28, 2016 12:59 PM IST
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ബ്രിക്സ് രാജ്യങ്ങളുടെ (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) തൊഴിൽ മന്ത്രിതല സമ്മേളനം ഐഎൻടിയുസി, സിഐടിയു, എഐടിയുസി അടക്കമുള്ള തൊഴിലാളി സംഘടനകൾ ബഹിഷ്ക്കരിച്ചു.

ബിഎംഎസ് മാത്രം സമ്മേളനത്തോടു സഹകരിച്ച. ബിജെപിയും ബിഎംഎസും ചേർന്നു സമ്മേളനം ഹൈജാക്ക് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഇതര തൊഴിലാളി സംഘടനകൾ സമ്മേളനം ബഹിഷ്കരിച്ചത്.

സമ്മേളനം രാഷ്ട്രീയമായി ഹൈജാക്കു ചെയ്ത ബിജെപി, ബിഎംഎസ് നടപടി നിർഭാഗ്യകരമായെന്ന് ഐഎൻടിയുസി ദേശീയ ഉപാധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ പറഞ്ഞു. രാജ്യത്തു മാറിമാറി വന്ന സർക്കാരുകളൊന്നും ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇനിയൊരിക്കലും ഇത്തരം സംഭവം ആവർത്തിക്കാൻ പാടില്ലെന്നും ഇടതു തൊഴിലാളിസംഘടനാ നേതാക്കൾ പറഞ്ഞു. സാധാരണ ഇത്തരം അന്താരാഷ്ട്രസമ്മേളനം നടക്കുമ്പോൾ സർക്കാർ നേരിട്ട് അതു നടത്തുകയും പ്രതിനിധികളെ ഏകോപിപ്പിക്കുകയുമാണു പതിവ്. ഇതിനു പകരം ബിഎംഎസിന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറി ബ്രിജേഷ് ഉപാധ്യായയെ സമ്മേളനം ഏകോപിപ്പിക്കുന്നതിനു കൺവീനറായി നിയമിച്ചു.


എല്ലാ അംഗ രാജ്യങ്ങളിലുമുള്ള തൊഴിലാളി സംഘടനകൾക്കു കത്തയയ്ക്കുകയും സമയക്രമം തീരുമാനിക്കുകയും ചെയ്തത് ബ്രിജേഷാണ്. തികച്ചും ദൗർഭാഗ്യകരമായ സംഭവമാണിതെന്നു ഐഎൻടിയുസി നേതാവ് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്രതലത്തിൽ തുടരുന്ന മര്യാദകൾക്കു പോലും ചേർന്നതായില്ല കേന്ദ്രസർക്കാരിന്റെ നടപടി.രണ്ടര വർഷമായി കേന്ദ്രസർക്കാർ തുടരുന്ന തൊഴിലാളി വിരുദ്ധ മനോഭാവത്തിന്റെ പുതിയ പതിപ്പാണു സംഭവം. ഐഎൽഒ ഡയറക്ടർ ജനറൽ ഗീ റൈഡറുമായുള്ള കൂടിക്കാഴ്ചയിൽ ഇതിലുള്ള പ്രതിഷേധം അറിയിച്ചതായും ചന്ദ്രശേഖരൻ പറഞ്ഞു.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.