ഡൽഹിയിൽ വിദ്യാർഥികളുടെ കുത്തേറ്റ് അധ്യാപകൻ മരിച്ചു
ഡൽഹിയിൽ വിദ്യാർഥികളുടെ  കുത്തേറ്റ് അധ്യാപകൻ മരിച്ചു
Tuesday, September 27, 2016 12:51 PM IST
സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഹാജർ കുറവായതിനു പരീക്ഷാഹാളിൽ നിന്ന് പുറത്താക്കപ്പെട്ട വിദ്യാർഥികൾ അധ്യാപകനെ കുത്തിക്കൊന്നു. പടിഞ്ഞാറൻ ഡൽഹിയിലെ നാംഗ്ലോയിലെ ഗവൺമെന്റ് സീനിയർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപകൻ മുകേഷ് സിംഗ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടുവിദ്യാർഥികളെ പോലീസ് പിടികൂടി. ഒരാൾക്കു പതിനെട്ടും മറ്റൊരാൾക്കു പതിനേഴര വയസുമാണു പ്രായം.

കഴിഞ്ഞ തിങ്കളാഴ്ച പരീക്ഷാ സമയത്ത് ക്ലാസ് മുറിയിലെത്തിയ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ,തന്നെ പുറത്താക്കിയതിനെ ചോദ്യംചെയ്ത് അധ്യാപകനുമായി വാക്കേറ്റമുണ്ടാകുകയും മർദിക്കുകയുമായിരുന്നു. പരീക്ഷ എഴുതിക്കൊണ്ടിരുന്ന കൂട്ടുകാരനും മർദിക്കാൻ ഒപ്പം കൂടി. തുടർന്ന് അധ്യാപകനെ കുത്തിവീഴ്ത്തിയശേഷം വിദ്യാർഥികൾ ഓടി രക്ഷപ്പെട്ടു. ശബ്ദം കേട്ടു മറ്റൊരു പരീക്ഷാ ഹാളിൽ നിന്നോടിയെത്തിയ അധ്യാപകനാണ് രക്‌തത്തിൽ കുളിച്ചു കിടക്കുന്ന സഹപ്രവർത്തകനെ കണ്ടത്. ഉടനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഇന്നലെ പുലർച്ചെയോടെ മരണം സംഭവിച്ചു. ഇതേത്തുടർന്ന് അധ്യാപകർ ഡൽഹിയുടെ പല ഭാഗങ്ങളിലും പരീക്ഷകൾ ബഹിഷ്കരിച്ച് പ്രതിഷേധസമരം സംഘടിപ്പിച്ചു. ചിലയിടങ്ങളിൽ വഴി തടയലുമുണ്ടായി.


പരീക്ഷയിൽ തോൽക്കുന്ന വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ഭാഗത്തു നിന്ന് ഭീഷണികൾ പതിവാണെന്നും സുരക്ഷ ഉറപ്പാക്കണമെന്നും അധ്യാപകർ ആവശ്യപ്പെട്ടു. മൂന്നു തവണ തോറ്റ ആറു വിദ്യാർഥികൾ സ്കൂളിലുണ്ടെന്നും അവരുടെ രക്ഷിതാക്കൾ തന്നെ ഭീഷണിപ്പെടുത്താറുണ്ടെന്നും മുകേഷ് സിംഗ് പറഞ്ഞിരുന്നതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടി. മുകേഷിന് അഞ്ചുകോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നും മക്കൾക്ക് സർക്കാർ ജോലി നൽകണമെന്നും അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു.

മുകേഷ് സിംഗിന്റെ കുടുംബത്തിന് ഡൽഹി സർക്കാർ ഒരു കോടി രൂപ അടിയന്തര ആശ്വാസധനം പ്രഖ്യാപിച്ചു. അക്രമം സംബന്ധിച്ച് മജിസ്ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കുടുംബത്തിനു സംഭവിച്ചത് പരിഹരിക്കാനാവാത്ത നഷ്‌ടമാണെന്ന് അഭിപ്രായപ്പെട്ട ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന ജവാന്മാരുടേതിനു സമാനമായ സംഭാവനയാണ് അധ്യാപകർ സമൂഹത്തിന് ചെയ്യുന്നതെന്നും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.