കാഷ്മീർ സംഘർഷം: പാക്കിസ്‌ഥാനെതിരേ വിമർശനവുമായി മെഹബൂബ
കാഷ്മീർ സംഘർഷം: പാക്കിസ്‌ഥാനെതിരേ വിമർശനവുമായി മെഹബൂബ
Saturday, August 27, 2016 12:05 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കാഷ്മീരിലെ സംഘർഷങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്ന പാക്കിസ്‌ഥാനെതിരേ രൂക്ഷവിമർശനങ്ങളുന്നയിച്ചു ജമ്മു–കാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കാഷ്മീർ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെത്തിയ മെഹബൂബ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരെ കണ്ട മെഹബൂബ, തെരുവിൽ പ്രക്ഷോഭം നടത്തുന്നവരോട് തനിക്കൊരു അഭ്യർഥനയുണ്ടെന്നു പറഞ്ഞു: “”നിങ്ങൾക്ക് എന്നോടും എനിക്കു നിങ്ങളോടും ദേഷ്യമുണ്ടാകാം. എന്നാൽ, സമാധാനം ആഗ്രഹിക്കുന്നവരുമായി ചർച്ച നടത്തുന്നതിന് ഒരവസരം തരണം. ചർച്ച നടത്തുന്നതിന് അനുകൂലമാണെന്നും മെഹബൂബ കൂട്ടിച്ചേർത്തു.

കാഷ്മീരിൽ ബിജെപിയുമായി പിഡിപി ഉണ്ടാക്കിയ സഖ്യത്തിലെ കരാറുകൾ പാലിക്കപ്പെടുന്നില്ലെന്നും മെഹബൂബ പരാതി ഉന്നയിച്ചു. ഇക്കാര്യം പരിഹരിക്കാമെന്ന് മോദി ഉറപ്പു നൽകി. കാഷ്മീരിലെ സാഹചര്യത്തെക്കുറിച്ചു പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചുവെന്നും മെഹബൂബ പറഞ്ഞു. ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹൻ വാനി കൊല്ലപ്പെട്ടതിനെത്തുടർന്നു കാഷ്മീരിൽ പ്രഖ്യാപിച്ച 49 ദിവസം നീണ്ട കർഫ്യൂവും അതിനുശേഷമുള്ള സാഹചര്യങ്ങളുമാണ് 45 മിനിറ്റ് ദീർഘിച്ച ചർച്ചയിൽ വിഷയമായത്. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.


ജമ്മു–കാഷ്മീരിലെ നമ്മുടെ കുട്ടികളെ സംരക്ഷിക്കുന്നതിന് എല്ലാവരും രക്‌തച്ചൊരിച്ചിൽ നിർത്തണം. അതിന് ചർച്ചകൾകൊണ്ടു മാത്രമെ സാധിക്കൂ. കാഷ്മീരിൽ സമാധാനം തിരിച്ചുപിടിക്കാൻ സഹായിക്കണമെന്നും തെരുവുകളിൽനിന്ന് തിരിച്ചുപോകണമെന്നും കൊലപാതകങ്ങൾ നിർത്തണമെന്നും അവർ ഹുറിയത്ത് നേതാക്കളോട് അഭ്യർഥിച്ചു. കാഷ്മീരിനോട് അനുകമ്പയുള്ളവർ സുരക്ഷാ സൈനികരെ ആക്രമിക്കാൻ യുവാക്കളെ പ്രകോപിക്കുന്നതു നിർത്തണമെന്നും മെഹബൂബ ആവശ്യപ്പെട്ടു. കാഷ്മീർ പ്രശ്നത്തിൽ ചർച്ചയ്ക്കുള്ള അവസരങ്ങൾ ഇല്ലാതാക്കിയതു പാക്കിസ്‌ഥാനാണെന്നും അവർ കുറ്റപ്പെടുത്തി. കാഷ്മീരിൽ പാക്കിസ്‌ഥാൻ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ അവർ പ്രതികരിക്കണമെന്നും മെഹബൂബ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.