കാഷ്മീർ ചർച്ച ചെയ്യണമെന്നു വീണ്ടും പാക്കിസ്‌ഥാൻ
Saturday, August 27, 2016 12:05 PM IST
ന്യൂഡൽഹി: കാഷ്മീർ പ്രശ്നം ചർച്ചചെണമെന്നു വീണ്ടും പാക്കിസ്‌ഥാൻ. കാഷ്മീർ താഴ്വരയിൽ സമാധാനം ഉണ്ടാകണമെന്നാണു തങ്ങളുടെ ആഗ്രഹമെന്നു ചൂണ്ടിക്കാട്ടി ഇന്ത്യയിലെ പാക്കിസ്‌ഥാൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിതാണു ചർച്ചയ്ക്കു സന്നദ്ധത അറിയിച്ചത്.

കാഷ്മീരിനെക്കുറിച്ചു മാത്രം ചർച്ച എന്ന പാക്കിസ്‌ഥാൻ നിർദേശം ഇന്ത്യ നേരത്തേ തള്ളിക്കളഞ്ഞിരുന്നു. അതിർത്തി കടന്നുള്ള തീവ്രവാദമാണു രാജ്യത്തിന്റെ പ്രധാന ആശങ്കയെന്നും ഇക്കാര്യം ചർച്ചചെയ്യണമെന്നാണു നിലപാടെന്നും ഇന്ത്യ അറിയിച്ചിരുന്നു.

അതേസമയം, ചർച്ചയ്ക്കുള്ള ക്ഷണം നേരത്തേ രണ്ടുതവണ ഇന്ത്യ നിരാകരിച്ചുവെങ്കിലും വൈകാതെ ചർച്ച നടക്കുമെന്നാണു തന്റെ പ്രതീക്ഷയെന്ന് അബ്ദുൾ ബാസിത് പറഞ്ഞു. ഡൽഹിയിൽ ഒരു ചടങ്ങിനിടെ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങൾ സൃഷ്‌ടിക്കുന്നതു പാക്കിസ്‌ഥാനാണെന്ന ജമ്മു കാഷ്മീർ മുഖ്യമന്ത്രി മെഹബുബ മുഫ്തിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോൾ, ഇക്കാര്യത്തിൽ ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി. മുഖ്യമന്ത്രിയുടെ വ്യക്‌തിപരമായ നിലപാടു മാത്രമാകാം അത്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പാക്കിസ്‌ഥാനിലെ ആറ് വിലാസങ്ങൾ യുഎൻ അംഗീകരിച്ചതു ചൂണ്ടിക്കാട്ടിയപ്പോൾ ഈ പ്രശ്നം ഏറെ പഴയതാണെന്നായിരുന്നു അബ്ദുൾ ബാസിതിന്റെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.