ഡോ. റാഫേൽ ചീനാത്ത് വർഗീയതയ്ക്കെതിരേയുള്ള ചെറുത്തുനില്പിന്റെ പ്രതീകം: ഡോ. അനിൽ കൂട്ടോ
ഡോ. റാഫേൽ ചീനാത്ത് വർഗീയതയ്ക്കെതിരേയുള്ള ചെറുത്തുനില്പിന്റെ പ്രതീകം: ഡോ. അനിൽ കൂട്ടോ
Saturday, August 27, 2016 11:39 AM IST
ന്യൂഡൽഹി: വർഗീയതയ്ക്കെതിരേയുള്ള ചെറുത്തു നില്പിന്റെ പ്രതീകമായിരുന്നു ആർച്ച്ബിഷപ് റാഫേൽ ചീനാത്ത് എന്നു ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ.

അന്തരിച്ച കട്ടക്–ഭൂവനേശ്വർ മുൻ ആർച്ച്ബിഷപ്പിന്റെ സ്മരണാർഥം സംഘടിപ്പിച്ച അനുശോചന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാൻഡമൽ കലാപങ്ങളെ പ്രതിരോധിക്കാനും ഇരകൾക്കു നീതി നേടികൊടുക്കാനും അഹോരാത്രം പ്രയത്നിച്ച ഇടയൻ എന്ന പേരിലായിരിക്കും ഭാവി തലമുറ അദ്ദേഹത്തെ ഓർമിക്കുകയെന്നു ഡോ. അനിൽ കൂട്ടോ പറഞ്ഞു.

2008ലെ കാൻഡമൽ കലാപത്തിലെ ഇരകൾക്കായി കോടതിയിൽ കേസ് വാദിക്കാൻ ഒറീസയിലെ അഭിഭാഷകർ തയാറാകാതിരുന്നപ്പോൾ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കോളിൻ ഗൊൺസാൽവസിനെ കേസുകൾ വാദിക്കാൻ ഏല്പിക്കാനും ഇരകൾക്കു നഷ്‌ടപരിഹാരം നേടിക്കൊടുക്കാനും ആർച്ച്ബിഷപ് ഡോ. ചീനാത്തിനു സാധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


ആർച്ച്ബിഷപ് ഡോ. ചീനാത്ത് ക്രൈസ്തവരുടെ മാത്രം നേതാവല്ലെന്നും പൊതുസമൂഹത്തിന്റെ മുന്നണിപ്പോരാളികളിൽ ഒരാളായിരുന്നുവെന്നും ചടങ്ങിൽ സംസാരിച്ച മുതിർന്ന പത്രപ്രവർത്തകയും സന്നദ്ധ പ്രവർത്തകയുമായ സീമ മുസ്തഫ അനുസ്മരിച്ചു. കാൻഡമൽ കലാപകാലത്ത് പല തവണ അദ്ദേഹത്തെ നേരിൽ കാണാനും ഒന്നിച്ചു പ്രവർത്തിക്കാനും സാധിച്ചതിൽ ചടങ്ങിൽ സംസാരിച്ച സന്നദ്ധ പ്രവർത്തകരായ ഡോ. ജോൺ ദയാൽ, എ.ജെ. ഫിലിപ്പ്, അഡ്വ. സിസ്റ്റർ മേരി സ്കറിയ എന്നിവർ അനുസ്മരിച്ചു. മുഖ്യധാര മാധ്യമങ്ങൾ അവഗണിച്ച കാൻഡമലിലെ ആദിവാസി ക്രൈസ്തവരുടെ രോദനം പുറം ലോകത്തെ അറിയിക്കാനും അവർക്കു നീതി ലഭ്യമാക്കാനും ആർച്ച്ബിഷപ് ഡോ. റാഫേൽ ചീനാത്ത് ചെയ്ത ധീരോദാത്തമായ പ്രവർത്തനങ്ങൾക്കു സാധി ച്ചെന്നും ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.