വയസ് നാല്, പഠിക്കുന്നത് ഒൻപതാം ക്ലാസിൽ!
വയസ് നാല്, പഠിക്കുന്നത് ഒൻപതാം ക്ലാസിൽ!
Saturday, August 27, 2016 11:39 AM IST
ലക്നോ: ചേട്ടനും ചേച്ചിക്കും പിന്നാലെ കുഞ്ഞ് അനന്യയും ബുദ്ധിമികവിന്റെ കാര്യത്തിൽ ഏവരെയും അദ്ഭുതപ്പെടുത്തുന്നു. ഇംഗ്ലീഷും ഹിന്ദിയുമെല്ലാം നിഷ്പ്രയാസം വായിക്കാനും എഴുതാനുമുള്ള കഴി വും കാര്യങ്ങൾ പെട്ടെന്നുതന്നെ ഗ്രഹിക്കാനുള്ള അസാമാന്യ പാടവവും കണക്കിലെടുത്ത് അഞ്ചു വയസ് പൂർത്തിയാകുന്നതിനു മുമ്പുതന്നെ അനന്യയ്ക്ക് ഒൻപതാം ക്ലാസിൽ പ്രവേശനം ലഭിച്ചുകഴിഞ്ഞു. ലക്നോയിലെ അംബേദ്കർ സർവകലാശാലയിൽ ശുചീകരണവിഭാഗം സൂപ്പർവൈസറായ തേജ് ബഹാദുറിന്റെയും ഭാര്യ ഛായാ ദേവിയുടെയും മകളാണ് അനന്യ.

തേജ് ബഹാദുർ പ്രാഥമിക വിദ്യാഭ്യാസം മാത്രമേ നേടിയിട്ടുള്ളൂ. ഭാര്യ ഛായാ ദേവിയാകട്ടെ നിരക്ഷരയാണ്. എന്നാൽ, ഇരുവർക്കും പിറന്ന മൂന്നുമക്കളും ബുദ്ധിശക്‌തിയുടെ കാര്യത്തിൽ ഏവരെയും അദ്ഭുതപ്പെടുത്തുകയാണ്. മൂത്ത മക്കളായ ശൈലേന്ദ്രയും സുഷമയും കുട്ടിപ്രായംമുതൽ ബുദ്ധിമികവ് കാട്ടിയിരുന്നു. 2007ൽ 14ാം വയസിൽ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ കംപ്യൂട്ടർ സയൻസ് ബിരുദധാരിയായി ശൈലേന്ദ്ര റിക്കാർഡ് സൃഷ്‌ടിച്ചപ്പോൾ ഇതേവർഷം ഏഴു വയസായിരിക്കെ സുഷമ പത്താംക്ലാസ് പാസായി ലിംക ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടി.

15ാം വയസിൽ ലക്നോയിലെ അംബേദ്കർ യൂണിവേഴ്സിറ്റിയിൽനിന്ന് മൈക്രോബയോളജിയിൽ എംഎസ്സി പഠനം പൂർത്തിയാക്കിയും കഴിഞ്ഞ വർഷം 17ാം വയസിൽ പിഎച്ച്ഡിയെടുത്തും വീണ്ടും അവൾ ചരിത്രം സൃഷ്‌ടിച്ചു.

ഇരുവർക്കും പിന്നാലെയാണ് ഇളയവളായ അനന്യയും അസാമാന്യ ബുദ്ധിമികവ് പ്രകടിപ്പിച്ചുതുടങ്ങിയത്. 2011 ഡിസംബർ ഒന്നിനാണ് അനന്യ ജനിച്ചത്. ഒരുവയസും ഒൻപത് മാസവും പ്രായമായപ്പോൾ അനന്യ രാമായണവും ഹനുമാൻ ചാലീസയും വായിച്ചിരുന്നുവെന്ന് പിതാവ് തേജ് ബഹാദുർ പറയുന്നു. തനിക്കും ഭാര്യയ്ക്കും വിദ്യാഭ്യാസമില്ലെങ്കിലും അസാമാന്യ കഴിവുള്ള മക്കളാൽ തങ്ങളുടെ കുടുംബം അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഏതായാലും എൽകെജിയിലും യുകെജിയിലുമൊന്നും പഠിക്കാതെ നേരെ ഒൻപതാംക്ലാസിൽ ചേർന്നിരിക്കുകയാണ് കുഞ്ഞ് അനന്യ. ലക്നോ നഗരത്തിലെ മീരാസ് ഇന്റർ കോളജിലാണു പഠനം.


കഴിഞ്ഞ ജൂണിൽ പത്താംക്ലാസിൽ പ്രവേശനം തേടിയാണ് പിതാവിനൊപ്പം അനന്യ സ്കൂളിലെത്തിയതെന്ന് പ്രിൻസിപ്പൽ അനിത റത്ര പറഞ്ഞു. എന്നാൽ, വിദ്യാഭ്യാസവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ ആവശ്യം അംഗീകരിച്ചില്ല. അനന്യ വാശി തുടർന്നതോടെ ഒൻപതാംക്ലാസിൽ വെറുതെ വന്നിരിക്കാൻ അനുമതി നൽകി.

അഡ്മിഷൻ തേടി എത്തിയദിവസം പത്രം വായിക്കാൻ അനന്യയോടു പറഞ്ഞപ്പോൾ മുതിർന്നയാളെപ്പോലെ വായിച്ചു തന്നെ അവൾ ഞെട്ടിച്ചതായി അനിത റത്ര പറഞ്ഞു. കാര്യങ്ങൾ പെട്ടെന്നു ഗ്രഹിക്കാനുള്ള അവളുടെ കഴിവ് അപാരമാണെന്നും വെറുതെ വായിക്കുമ്പോൾത്തന്നെ അവൾ അതു മനഃപാഠമാക്കുന്നുവെന്നും അനിത ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് കുട്ടിയെ ഒൻപതാംക്ലാസിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു വിദ്യാഭ്യാസ വകുപ്പിനെ പ്രിൻസിപ്പൽ നേരിട്ടു സമീപിക്കുകയായിരുന്നു.

ഔദ്യോഗിക അനുമതി ലഭിച്ചതോടെ കഴിഞ്ഞ തിങ്കളാഴ്ച മുതൽ അനന്യ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമായി.

കുഞ്ഞിക്കൈകളിൽ പുസ്തകഭാരം താങ്ങാനാവുന്നില്ലെന്നതാണു പ്രധാന പ്രശ്നം. ഇതിനായി അധ്യാപകർ പോംവഴി കണ്ടെത്തിയിട്ടുണ്ട്. മാത്തമാറ്റിക്സിൽ അല്പം ശ്രദ്ധ വേണ്ടതിനാൽ അധ്യാപകർ ഇക്കാര്യവും പ്രത്യേകം പരിഗണിക്കുന്നുണ്ട്. ചേട്ടന്റെയും ചേച്ചിയുടെയും പുസ്തകങ്ങൾ വായിച്ചാണ് അനന്യ വളർന്നത്.

മീരാസ് സ്കൂളിലെ ഒരു അധ്യാപികയാണ് അനന്യയിലെ ബുദ്ധിമികവ് തിരിച്ചറിയുകയും അവളെ പ്രോൽസാഹിപ്പിക്കുകയും ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.