ഹാജി അലി ദർഗയിൽ സ്ത്രീപ്രവേശനം അനുവദിച്ച് ബോംബെ ഹൈക്കോടതി
ഹാജി അലി ദർഗയിൽ സ്ത്രീപ്രവേശനം അനുവദിച്ച് ബോംബെ ഹൈക്കോടതി
Friday, August 26, 2016 12:57 PM IST
മുംബൈ: പ്രശസ്ത മുസ്ലിം തീർഥാടനകേന്ദ്രമായ ഹാജി അലി ദർഗയിൽ സ്ത്രീപ്രവേശനം അനുവദിച്ച് ബോംബെ ഹൈക്കോടതി. ഹാജി അലി ദർഗയിൽ സ്ത്രീകൾക്കും പ്രവേശിക്കാമെന്നും പ്രവേശനാനുമതി നിഷേധിക്കുന്നതു ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭാരതീയ മുസ്ലിം മഹിളാ ആന്തോളൻ നല്കിയ പൊതുതാത്പര്യ ഹർജിയിലാണു ഹൈക്കോടതി വിധി. ജസ്റ്റീസ് വി.എം. കാണ്ഡെ, രേവതി മോഹിതെ ഡെറെ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണു ഹർജി പരിഗണിച്ചത്.

പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും ദർഗയിൽ പ്രവേശനം അനുവദിക്കണമെന്നും ആവശ്യമായ സുരക്ഷ മഹാരാഷ്ട്ര സർക്കാർ ഒരുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ദർഗയിൽ സ്ത്രീകൾ പ്രവേശിക്കുന്നതു തടയാൻ ദർഗ ട്രസ്റ്റിന് അധികാരമില്ലെന്നു മഹാരാഷ്ട്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, മുസ്ലിം നിയമപ്രകാരം സ്ത്രീപ്രവേശനം പാപമാണെന്നായിരുന്നു ട്രസ്റ്റിന്റെ നിലപാട്. വൻ തിരക്കുള്ളിടത്ത് സ്ത്രീകൾ എത്തുന്നത് അപകടമാണെന്നും അവർ വാദിച്ചു.


ഭാരതീയ മുസ്ലിം മഹിളാ ആന്തോളനുവേണ്ടി വനിതാ പൊതുപ്രവർത്തകരായ സാക്കിയ സോമൻ, നൂർജഹാൻ നിയാസ് എന്നിവരാണു ഹർജി സമർപ്പിച്ചത്. 2012വരെ സ്ത്രീകൾക്ക് ദർഗയിൽ പ്രവേശനം അനുവദിച്ചിരുന്നതായി ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ, കബറിടത്തിൽ സ്ത്രീകൾക്ക് അന്നും പ്രവേശനം നല്കിയിരുന്നില്ലെന്നാണു ട്രസ്റ്റ് അറിയിച്ചത്. അതേസയം, ഉത്തരവിനെതിരേ ദർഹ ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.