അന്തർവാഹിനി രഹസ്യചോർച്ച: അന്വേഷണം നടത്തണമെന്നു ഫ്രാൻസിനോട് ഇന്ത്യ
അന്തർവാഹിനി രഹസ്യചോർച്ച: അന്വേഷണം നടത്തണമെന്നു ഫ്രാൻസിനോട് ഇന്ത്യ
Thursday, August 25, 2016 1:22 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: സ്കോർപീൻ ക്ലാസ് അന്തർവാഹിനിയുടെ രഹസ്യങ്ങൾ ചോർന്നത് അന്വേഷിച്ച് നയതന്ത്ര മാർഗത്തിലൂടെ റിപ്പോർട്ട് കൈമാറണമെന്നു ഫ്രാൻസിനോട് ഇന്ത്യ. ഫ്രഞ്ച് ആയുധവിഭാഗം ഡയറക്ടർ ജനറലിനോടു നാവികസേനയാണ് ആവശ്യപ്പെട്ടത്. വിവരങ്ങൾ ചോർന്നത് ഇന്ത്യയിൽ നിന്നാണെന്ന ഡിസിഎൻഎസിന്റെ പ്രസ്താവന തള്ളിക്കൊണ്ടാണ് ഇക്കാര്യത്തിൽ സൈനിക തലത്തിൽ അന്വേഷണം നടത്താ ൻ ആവശ്യപ്പെട്ടത്. സുരക്ഷാകാര്യങ്ങളിൽ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് നടപടി ക്രമങ്ങൾ സംബന്ധിച്ച ഇന്റേണൽ ഓഡിറ്റ് നടത്തുന്നുണ്ടെന്നും നാവികസേന അറിയിച്ചു.

അതേസമയം, അന്തർവാഹിനിയുടെ നിർണായക രഹസ്യങ്ങളൊന്നും ചോർന്നിട്ടില്ലെന്നു നാവികസേന പത്രക്കുറിപ്പിൽ അവകാശപ്പെട്ടു. ‘ദി ഓസ്ട്രേലിയൻ’ എന്ന പത്രം പുറത്തുവിട്ട രേഖകൾ നാവികസേനയിലെ വിദഗ്ധർ പരിശോധിച്ചു. നിർണായക രഹസ്യങ്ങളൊന്നും അതിലില്ല. 2011ലെ രേഖകളാണ് അവ. അതിനു ശേഷം അന്തർവാഹിനിയുടെ നിർമാണത്തിലും രൂപകൽപ്പനയിലും ഒട്ടേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പഴയ രേഖകൾ പുറത്തുവന്നതു കൊണ്ട് സുരക്ഷാ കാര്യത്തിൽ വലിയ ഭീഷണിയില്ലെന്നും നാവികസേന പറയുന്നു. എന്നാൽ, ചോർന്ന വിവരങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചു വിലയിരുത്തേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയ നാവികസേന ഇതിനായി ഒരു ഉന്നതതല സമിതിയെ നിയോഗിച്ചു.


അന്തർവാഹിനിയുടെ നിർമാതാക്കളായ ഡിസിഎൻഎസിൽ നിന്നാണ് രഹസ്യങ്ങൾ ചോർന്നതെന്നാണ് പ്രതിരോധ മന്ത്രാലയം നിലപാടെടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് വിഷയം ഫ്രാൻസുമായി നയതന്ത്ര തലത്തിൽ ഉന്നയിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ചോർച്ച സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തണമെന്നും കണ്ടെത്തലുകൾ ഇന്ത്യയുമായി പങ്കുവയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

രഹസ്യം ചോർന്നതിൽ തങ്ങൾക്ക് പങ്കില്ലെന്ന് അന്തർവാഹിനിയുടെ നിർമാണം നടക്കുന്ന മുംബൈ മസഗോൺ ഡോക്ക് ലിമിറ്റഡ് (എംഡിഎൽ) പത്രക്കുറിപ്പിൽ വ്യക്‌തമാക്കി. രഹസ്യങ്ങൾ സൂക്ഷിക്കാൻ മഗഗോൾ ഡോക്കിൽ മതിയായ സംവിധാനങ്ങളുണ്ട്. ചോർച്ച സംബന്ധിച്ച അന്വേഷണത്തിൽ പൂർണമായും സഹകരിക്കുമെന്നും എംഡിഎൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.