നിർഭയ കേസിലെ പ്രതി ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചു
നിർഭയ കേസിലെ പ്രതി ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചു
Thursday, August 25, 2016 1:22 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ നിർഭയ കേസിലെ പ്രതി തിഹാർ ജയിലിൽ ആത്മഹത്യശ്രമം നടത്തി. കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പ്രതികളിൽ ഒരാളായ വിനയ് ശർമയാണ് ആത്മഹത്യക്കു ശ്രമിച്ചു ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ കഴിയുന്നത്.

രാത്രി തന്റെ സെല്ലിലെ ഗ്രില്ലിൽ തൂങ്ങി മരിക്കാനാണ് ഇയാൾ ശ്രമിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന തമിഴ്നാട് സ്പെഷൽ പോലീസിലെ ഉദ്യോഗസ്‌ഥൻ ഇതു കണ്ട് തടയുകയായിരുന്നു. വിനയ് ശർമയെ പിന്നീട് ഡൽഹി ദീൻ ദയാൽ ആശുപത്രിയിലേക്കു മാറ്റി. ജയിൽ അധികൃതർ നൽകുന്ന വിവരം അനുസരിച്ച് ഇയാൾ വിഷാദ രോഗത്തിനുള്ള മരുന്നുകൾ അമിതമായി കഴിച്ചിരുന്നു.

സഹതടവുകാരിൽനിന്നു തുടർച്ചയായി ആക്രമണമുണ്ടാകുന്ന പശ്ചാത്തലത്തിൽ ജയിലിൽ തനിക്ക് പ്രത്യേക സുരക്ഷ വേണമെന്നു വിനയ് ശർമ നേരത്തേ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.


വിനയ് ശർമയ്ക്കൊപ്പം അക്ഷയ് താക്കൂർ, മുകേഷ് സിംഗ്, പവൻ ഗുപ്ത എന്നിവർക്കാണ് കേസിൽ കോടതി വധശിക്ഷ വിധിച്ചിരുന്നത്. കേസിലെ മുഖ്യപ്രതിയായ രാംസിംഗിനെ 2013 മാർച്ചിൽ തിഹാർ ജയിലിനുള്ളിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട പ്രായപൂർത്തിയാകാത്ത പ്രതി കഴിഞ്ഞ ഡിസംബറിലാണ് ശിക്ഷ കഴിഞ്ഞു മറ്റൊരു പുനരധിവാസ കേന്ദ്രത്തിലേക്കു മാറിയത്. 2012 ഡിസംബർ 16നു നടന്ന ഡൽഹി കൂട്ടമാനഭംഗ കേസിൽ കുട്ടിക്കുറ്റവാളി ഉൾപ്പെടെ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. 13 ദിവസം നീണ്ട ജീവൻമരണ പോരാട്ടത്തിനൊടുവിൽ ഡിസംബർ 29നാണ് പീഡനത്തിന് ഇരയായ ജ്യോതി എന്ന 23കാരിയായ പാരാമെഡിക്കൽ വിദ്യാർഥിനി സിംഗപ്പൂരിൽ മരിച്ചത്.

പ്രതികൾക്കു വിചാരണക്കോടതി നൽകിയ ശിക്ഷാവിധി ഹൈക്കോടതിയും ശരിവച്ചിരുന്നു. പ്രതികളുടെ അപ്പീലിൽ സുപ്രീംകോടതി വാദം കേൾക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.