കാഷ്മീർ: ചർച്ചയാകാമെന്ന പാക് നിർദേശം ഇന്ത്യ വീണ്ടും നിരാകരിച്ചു
കാഷ്മീർ: ചർച്ചയാകാമെന്ന പാക് നിർദേശം ഇന്ത്യ വീണ്ടും നിരാകരിച്ചു
Thursday, August 25, 2016 1:22 PM IST
ന്യൂഡൽഹി: കാഷ്മീർ പ്രശ്നത്തെക്കുറിച്ച് ചർച്ചചെയ്യാനുള്ള പാക്കിസ്‌ഥാന്റെ ക്ഷണം ഒരിക്കൽക്കൂടി ഇന്ത്യ നിരാകരിച്ചു. അതിർത്തികടന്നുള്ള ഭീകരതയെക്കുറിച്ച് ചർച്ച ചെയ്യാമെന്നു പറഞ്ഞു വിദേശകാര്യമന്ത്രാലയം നിലപാട് കടുപ്പിക്കുകയും ചെയ്തു. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതിർത്തികടന്നുള്ള തീവ്രവാദമാണെന്നു വിദേശകാര്യസെക്രട്ടറി എസ്. ജയ്ശങ്കർ പാക്കിസ്‌ഥാനു നൽകിയ മറുപടിയിൽ ഓർമിപ്പിക്കുകയും ചെയ്തു.

കാഷ്മീർ പ്രശ്നം സംബന്ധിച്ച് ഈമാസം അവസാനം ഇസ്ലാമാബാദിൽ ചർച്ച നടത്താൻ ഇന്ത്യയെ ക്ഷണിച്ച് കഴിഞ്ഞ 19നു പാക് വിദേശകാര്യസെക്രട്ടറി ഐജാസ് അഹദ് കത്ത് നൽകിയിരുന്നു. ഇതിനുള്ള മറുപടി വ്യാഴാഴ്ച പാക്കിസ്‌ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഗൗതം ബാംബാവാലെ, ഐജാസ് ചൗധരിക്കു കൈമാറിയെന്നാണു സൂചന.

അതിർത്തികടന്നുള്ള ഭീകരവാദം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനൊപ്പം പാക് അധിനിവേശ കാഷ്മീരിലെ അനധികൃത കടന്നുകയറ്റത്തിൽനിന്നു സാധ്യമായ വേഗത്തിൽ പാക്കിസ്‌ഥാൻ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഎൻ പ്രമേയത്തിന്റെയും കാഷ്മീരി ജനതയുടെയും അഭിപ്രായത്തിന്റെ പേരിൽ കാഷ്മീർ പ്രശ്നത്തിൽ ചർച്ച വേണമെന്നാണ് പാക് നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ 19നാണ് ഇന്ത്യക്കു കത്തയച്ചത്. നാലുദിവസം മുമ്പും ഇതേ ആവശ്യത്തിനായി ഐസാസ് ചൗധരി ഇന്ത്യക്കു കത്തു നൽകിയിരുന്നു. കാഷ്മീരിൽ നിരപരാധികൾക്കുനേരേയുള്ള മനുഷ്യാവകാശ ലംഘടനങ്ങൾ അവസാനിപ്പിക്കണമെന്നും ഡോക്ടർമാർക്കും മെഡിക്കൽ സംഘത്തിനും യാത്രാനുമതി നൽകണമെന്നും കത്തിൽ നിർദേശിച്ചിരുന്നു. എന്നാൽ, പാക്കിസ്‌ഥാന്റെ രണ്ടു കത്തുകളും ഇന്ത്യ തള്ളിക്കളയുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.