പാൽ വാങ്ങാൻ പോയ യുവാക്കളല്ല വെടിയേറ്റു മരിച്ചത്: മെഹ്ബൂബ മുഫ്തി
പാൽ വാങ്ങാൻ പോയ യുവാക്കളല്ല വെടിയേറ്റു മരിച്ചത്: മെഹ്ബൂബ മുഫ്തി
Thursday, August 25, 2016 1:22 PM IST
ശ്രീനഗർ: പാലോ മിഠായിയോ വാങ്ങാൻ പോയ യുവാക്കളല്ല സുരക്ഷാസേനയുടെ വെടിയേറ്റ് കാഷ്മീരിൽ മരിച്ചതെന്നു മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കൊല്ലപ്പെട്ട മൂന്നു തീവ്രവാദികൾക്കായി തെരുവിൽ ഇറങ്ങിയവരാണു വെടിയുണ്ടയോ പെല്ലറ്റോ ഏറ്റ് മരിച്ചിരിക്കുന്നത്. അതിനു സർക്കാർ ഉത്തരവാദി അല്ലെന്നും അവർ പറഞ്ഞു. കാഷ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തിനുപിന്നാലെ ഉണ്ടായ ലഹളയെക്കുറിച്ച് ഇത്ര കടുത്ത ഭാഷയിൽ മെഹബൂബ മുഫ്തി പ്രതികരിച്ചിരുന്നില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനൊപ്പം സംയുക്‌തമായി നടത്തിയ പത്രസമ്മേളനത്തിലാണ്, കാഷ്മീരിൽ ഒന്നര മാസമായി നീളുന്ന അശാന്തിയെക്കുറിച്ച് ശക്‌തമായ ഭാഷയിൽ മെഹബൂബ നിലപാടറിയിച്ചത്.

2010ൽ മാചിലിൽ വ്യാജ ഏറ്റുമുട്ടലിലൂടെ മൂന്നു സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. അന്ന് അവിടെ മാനഭംഗം അരങ്ങേറിയതായും റിപ്പോർട്ടുണ്ടായി. അതുകൊണ്ടാണ് അന്നു പ്രക്ഷോഭത്തിലേക്കു കാര്യങ്ങൾ നീങ്ങിയത്. എന്നാൽ, ഇന്നു കാര്യങ്ങൾ മറിച്ചാണ്. സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയിട്ടുപോലും ആളുകൾ തെരുവിൽ ഇറങ്ങുകയാണ്. അതും കൊല്ലപ്പെട്ട തീവ്രവാദികൾക്കുവേണ്ടി. ഇതിനെങ്ങനെ സർക്കാർ ഉത്തരവാദിയാകും? മെഹ്ബൂബ ചോദിച്ചു.


പതിനഞ്ചു വയസുള്ള ആൺകുട്ടി ആർമി ക്യാമ്പിൽ മിഠായിയോ പാലോ വാങ്ങാൻ അല്ലല്ലോ പോയതെന്ന്, ദക്ഷിണ കാഷ്മീരിലെ ദംഹാൽ ഹൻജിപോറയിലെ പോലീസ് സ്റ്റേഷൻ ആക്രമിച്ച പതിനഞ്ചുകാരനെ സൂചിപ്പിച്ച് മെഹ്ബൂബ ചോദിച്ചു. നിക്ഷിപ്ത താത്പര്യക്കാരുടെ ആവശ്യങ്ങൾക്കായി പാവപ്പെട്ട കാഷ്മീരികളെ ഉപയോഗിക്കുകയാണിപ്പോൾ. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട 95 ശതമാനം ആളുകളും പാവപ്പെട്ട കുടുംബങ്ങളിൽനിന്നുള്ളവരാണെന്നും മെഹ്ബൂബ പറഞ്ഞു. പുൽവാമയിലെ ഖ്രുവിൽ സുരക്ഷാ സേനയുടെ മർദനമേറ്റ് കോളജ് അധ്യാപകൻ മരിച്ചതിനെക്കുറിച്ച് അന്വേഷിക്കുമെന്നും അവർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.