ആർഎസ്എസിനെതിരേ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നു രാഹുൽ
ആർഎസ്എസിനെതിരേ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നു രാഹുൽ
Thursday, August 25, 2016 1:22 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് താൻ ആർഎസ്എസിനെതിരേ പറഞ്ഞ ഓരോ വാക്കിലും ഉറച്ചുനിൽക്കുന്നതായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ആർഎസ്എസിനെതിരേ രാഹുൽ നേരത്തേ നടത്തിയ പരാമർശം സംബന്ധിച്ച കേസിൽ സുപ്രീം കോടതിയിൽ നിലപാട് മയപ്പെടുത്തിയെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണു രാഹുൽ ഇക്കാര്യം വ്യക്‌തമാക്കിയത്. ആർഎസ്എസിന്റെ വിദ്വേഷ, വിധ്വംസക അജൻഡകൾക്കെതിരായ പോരാട്ടം നിർത്തില്ലെന്നും അദ്ദേഹം പറ ഞ്ഞു.

2004ലെ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മഹാരാഷ്ട്രയിലാണു മഹാത്മാഗാന്ധിയുടെ വധത്തിനു പിന്നിൽ ആർഎസ്എസ് ആണെന്നു രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്. ഇതു സംബന്ധിച്ച യു ടൂബ് വീഡിയോയും ഇന്നലെ എഴുതിയ കുറിപ്പിനൊപ്പം ട്വിറ്ററിൽ രാഹുൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. “ആർഎസ്എസിന്റെ ആളുകളാണ് ഗാന്ധിജിക്കു നേരേ വെടിയുതിർത്തത്. ഇന്ന് അതേ ആളുകൾ തന്നെ ഗാന്ധിജിയുടെ വാചകങ്ങൾ പറയുന്നു. സർദാർ പട്ടേൽ കോൺഗ്രസ് നേതാവായിരുന്നു. ആർഎസ്എസിനെക്കുറിച്ചും അതിലെ സംവിധാനങ്ങളെക്കുറിച്ചും വ്യക്‌തമായി അദ്ദേഹം എഴുതിയിട്ടുമുണ്ട്. ഇന്ന് ഇതേ കോൺഗ്രസ് നേതാക്കൾ തങ്ങളുടെ നേതാവാണെന്നു പറയുന്നു’– വീഡിയോയിൽ രാഹുൽ പറഞ്ഞു.

ആർഎസ്എസ് വിരുദ്ധ പരാമർശത്തിലുള്ള അപകീർത്തി കേസിൽ അന്തിമ വാദം തുടരുന്നതിനിടെ രാഹുൽ ഗാന്ധിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പരാമർശം സംബന്ധിച്ചു വ്യക്‌തത വരുത്തിയതാണ് വിവാദത്തിനിടയാക്കിയത്. മഹാത്മാ ഗാന്ധിയെ വധിച്ചതിനു പിന്നിൽ ആർഎസ്എസ് എന്ന സംഘടനയല്ല, ആർഎസ്എസ് അനുഭാവമുള്ളവരാണെന്നാണ് രാഹുൽ പരാമർശിച്ചതെന്നു കപിൽ സിബൽ ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചിരുന്നു. ഇത് സുപ്രീംകോടതി രേഖപ്പെടുത്തുകയും കേസ് തീർപ്പാക്കുന്നതിനായി പരാതിക്കാരനോട് അഭിപ്രായം തേടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആർഎസ്എസിനെതിരേയുള്ള പരാമർശത്തിൽ രാഹുൽ നിലപാട് മയപ്പെടുത്തിയെന്നു റിപ്പോർട്ട് വന്നത്.


അതേസമയം, കോൺഗ്രസുകാർ ചെയ്യുന്ന എല്ലാ ക്രിമിനൽ കുറ്റവും പാർട്ടി ഏറ്റെടുക്കാറുണ്ടോയെന്ന ചോദ്യവുമായി ബിജെപി രംഗത്തെത്തി. രാഹുൽ തെറ്റ് സമ്മതിക്കാൻ തയാറാകണമെന്നും പരസ്യമായി മാപ്പ് പറയണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു. ആർഎസ്എസ് അല്ല അതുമായി ബന്ധപ്പെട്ടവരാണ് ഗാന്ധി വധത്തിനു പിന്നിലെന്ന വിശദീകരണത്തിൽ രാഹുൽ വ്യക്‌തത വരുത്തണം.

ഏതു നിലയ്ക്കാണ് ഇവർക്ക് ആർഎസ്എസുമായി ബന്ധമുള്ളതെന്നും സംഘടനയുടെ ഏതു പദവിയിലാണ് ഇവർ ഉണ്ടായിരുന്നതെന്ന് അദ്ദേഹം വ്യക്‌തമാക്കേണ്ടതുണ്ടെന്നും ആർഎസ്എസ് നേതാവ് എം.ജി. വൈദ്യ പറഞ്ഞു. രാഹുലിന് തെറ്റുപറ്റിയെന്നതാണു വസ്തുത. അത് മഹാമനസ്കതയോടെ അംഗീകരിച്ച് മാപ്പു പറയാൻ അദ്ദേഹം തയാറാകണമെന്നും വൈദ്യ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.