ജിഎസ്ടി ബിൽ വീണ്ടും അനിശ്ചിതത്വത്തിൽ
ജിഎസ്ടി ബിൽ വീണ്ടും അനിശ്ചിതത്വത്തിൽ
Monday, July 25, 2016 12:05 PM IST
<ആ>പ്രത്യേക ലേഖകൻ

ന്യൂഡൽഹി: ചരക്കുസേവന നികുതി ബിൽ അടക്കമുള്ള സുപ്രധാന ബില്ലുകൾ പാസാക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടി. ഈയാഴ്ച തന്നെ ജിഎസ്ടി ബിൽ പാസാകുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും സർക്കാരും കോൺഗ്രസും തമ്മിൽ ഉടലെടുത്ത പുതിയ സംഘർഷത്തെത്തുടർന്നു കാര്യം അനിശ്ചിതത്വത്തിലായി. ആന്ധ്രപ്രദേശിനുളള പ്രത്യേക പാക്കേജ് സംബന്ധിച്ച പ്രശ്നത്തിന്റെ പേരിൽ സർക്കാരിന്റെ നടപടികളോടു സഹകരിക്കില്ലെന്നു കോൺഗ്രസ് ഇന്നലെ പ്രഖ്യാപിച്ചതോടെയാണു രാജ്യസഭയിൽ നിയമനിർമാണം അവതാളത്തിലായത്. ജിഎസ്ടി ബില്ലിലെ തർക്കപ്രശ്നങ്ങളിൽ സമയവായത്തിനു വഴിയുണ്ടെന്നും ബിൽ ഈയാഴ്ച പാസാക്കാൻ സഹകരിക്കാമെന്നും കഴിഞ്ഞ വെള്ളിയാഴ്ച കോൺഗ്രസ് സൂചിപ്പിച്ചിരുന്നു. ജിഎസ്ടി ബിൽ ചർച്ച ചെയ്യാൻ സംസ്‌ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി ഇന്നു ഡൽഹിയിൽ ചേരുന്നതിനു മുമ്പാണു പുതിയ സംഭവവികാസം.

ജിഎസ്ടി ബില്ലിനു തങ്ങളല്ല തടസമെന്നും സർക്കാരിന് ഈ ബിൽ അവതരിപ്പിച്ചു പാസാക്കാൻ താത്പര്യമില്ലെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. ജിഎസ്ടി പണപ്പെരുപ്പത്തിനു വഴിവയ്ക്കുന്നതാണെന്നു സർക്കാരിനുമറിയാം. അതിനാലാണു നികുതിക്കു 18 ശതമാനം പരിധി ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും ജയ്റാം വിശദീകരിച്ചു.

പക്ഷേ കേന്ദ്രസർക്കാരിന്റെ നിഷേധാത്മക സമീപനത്തിന്റെ അടിസ്‌ഥാനത്തിൽ ആന്ധ്ര സംസ്‌ഥാന പാക്കേജ് ബില്ലിന്മേൽ വോട്ടെടുപ്പിനു തയാറാകാതെ ഇനി നിയമനിർമാണങ്ങളോടു സഹകരിക്കില്ലെന്നു എഐസിസി നേതാവ് ജയ്റാം രമേശ് പത്രസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ ഈയാഴ്ച രാജ്യസഭയിൽ ബില്ലുകൾ പാസാക്കാനാകില്ല. പ്രതിപക്ഷ ബഹളത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രാജ്യസഭ പാടെ സ്തംഭിക്കുകയും ചെയ്തു.

രാജ്യസഭയിൽ ഇന്നലത്തേതു പോലെ ചോദ്യോത്തരവേളയും ശൂന്യവേളയും തടസപ്പെടുത്തില്ലെന്നു ജയ്റാം രമേശ് വ്യക്‌തമാക്കി. എന്നാൽ നിയമനിർമാണം അടക്കമുള്ള സർക്കാർ ബിസിനസിനോടു സഹകരിക്കില്ല. ഭരണ പക്ഷത്തിനു ഭൂരിപക്ഷമുള്ള ലോക്സഭയിൽ നിയമനിർമാണം നടത്താൻ സർക്കാരിന് കഴിഞ്ഞേക്കും. എന്നാൽ സർക്കാർ ന്യൂനപക്ഷമായ രാജ്യസഭയിൽ നിയമനിർമാണ നടപടികൾ സുഗമമാകില്ല. ആന്ധ്രപ്രദേശ് പാക്കേജിന്റെ കാര്യത്തിൽ ബിജെപിയെയും തെലുങ്കുദേശത്തെയും വെട്ടിലാക്കാനും വീണു കിട്ടിയ അവസരം കോൺഗ്രസ് വിനിയോഗിക്കും. ഇതിനിടെ തർക്കം പരിഹരിക്കാനുള്ള പിൻവാതിൽ ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.


ഇതേസമയം, ഹരിയാനയിൽ നാഷണൽ ഹെറാൾഡിനായി സ്‌ഥലം അനുവദിച്ചതിൽ ക്രമക്കേടും അഴിമതിയും ആരോപിച്ചു കോൺഗ്രസ് നേതാക്കൾക്കെതിരേ കേന്ദ്രസർക്കാർ ഏജൻസികൾ നടപടികൾ തുടങ്ങിയതാണു കോൺഗ്രസിനെ പ്രകോപിപ്പിച്ചത്. മുൻ ഹരിയാനാ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡക്കെതിരേ ഈ ഭൂമി ഇടപാടുകളുടെ പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയതു രാഷ്ട്രീയ പകപോക്കലാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. രാഷ്ട്രീയ പകപോക്കലുംപാർലമെന്റിലെ സഹകരണവും ഒരുമിച്ചു പോകില്ലെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടി.

ചരക്കു സേവന നികുതി (ജിഎസ്ടി) ബിൽ രാജ്യസഭയിൽ വരാത്തിനു കാരണം പ്രതിപക്ഷം അല്ലെന്നും ബിജെപിക്കുള്ളിലെ ഒരുവിഭാഗത്തിന്റെ എതിർപ്പാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. ജിഎസ്ടി ബിൽ അട്ടിമറിക്കാൻ കോൺഗ്രസിന് ഒരു തരത്തിലുള്ള ഉദ്യേശ്യവുമില്ല. സർക്കാരിനു വേണ്ടാത്ത ഈ ബിൽ പാസാകാത്തിനു കോൺഗ്രസിനെ പഴിക്കുന്നതു ശരിയല്ലെന്നും ജയറാം രമേശ് പറഞ്ഞു.

സർക്കാരിന് ആത്മവിശ്വാസം ഉണ്ടെങ്കിൽ എന്തുകൊണ്ടു ബിൽ രാജ്യസഭയിൽ കൊണ്ടുവരുന്നില്ലെന്നു ജയ്റാം ചോദിച്ചു. വലിയ വായിൽ സംസാരിക്കുന്ന സർക്കാർ കാര്യത്തോട് അടുക്കുമ്പോൾ നടപടികളിലേക്കു കടക്കാൻ തയാറാകുന്നില്ല. ഉത്തർപ്രദേശിലും മറ്റും തെരഞ്ഞെടുപ്പ്് അടുത്തുവരുന്ന സാഹചര്യത്തിൽ ജിഎസ്ടി ബിൽ നടപ്പാക്കി പണപ്പെരുപ്പം എന്ന സാഹസത്തിന് മുതിരേണ്ടതില്ലെന്ന് ഒരു വിഭാഗം ബിജെപിക്കാർ കരുതുന്നു. പ്രധാനമന്ത്രി തന്നെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ജിഎസ്ടി ബില്ലിനെ എതിർത്തിരുന്ന കാര്യവും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.