ഇന്ത്യ–പാക് ബന്ധം വീണ്ടും ഉലയുന്നു; നയതന്ത്രജ്‌ഞരുടെ മക്കളെ പാക്കിസ്‌ഥാനിൽനിന്നു പിൻവലിക്കും
ഇന്ത്യ–പാക് ബന്ധം വീണ്ടും ഉലയുന്നു; നയതന്ത്രജ്‌ഞരുടെ മക്കളെ പാക്കിസ്‌ഥാനിൽനിന്നു പിൻവലിക്കും
Monday, July 25, 2016 12:05 PM IST
ന്യൂഡൽഹി: കാഷ്മീർ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യ–പാക്കിസ്‌ഥാൻ ബന്ധം വീണ്ടും വഷളാകുന്നു. പാക്കിസ്‌ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലും മറ്റും ജോലിചെയ്യുന്ന ഇന്ത്യക്കാരോടു മക്കളെ പാക്കിസ്‌ഥാനു വെളിയിലെ സ്കൂളുകളിലാക്കാൻ ഗവൺമെന്റ് നിർദേശിച്ചു. നയതന്ത്രജ്‌ഞർക്കും മറ്റു കാര്യങ്ങളുമായി ബന്ധപ്പെട്ടു പാക്കിസ്‌ഥാനിൽ നിയോഗിക്കപ്പെട്ടിരിക്കുന്നവർക്കുമാണ് നിർദേശം.

ഇപ്പോൾ പാക് തലസ്‌ഥാനമായ ഇസ്ലാമാബാദിലെ സ്കൂളുകളിൽ കുട്ടികളെ ചേർത്തിട്ടുള്ളവർ അവരെ ഇന്ത്യയിലേക്കോ മറ്റേതെങ്കിലും രാജ്യത്തേക്കോ മാറ്റണം. കുട്ടികളെ മാത്രമായി നാട്ടിലേക്ക് അയയ്ക്കാൻ ബുദ്ധിമുട്ടുള്ളവർ സ്‌ഥലംമാറ്റം തേടണം. ഇന്ത്യൻ നയതന്ത്രവിഭാഗത്തിൽപ്പെട്ടവരുടെ അൻപതോളം കുട്ടികൾ ഇസ്ലാമാബാദിലെ ഇന്റർനാഷണൽ സ്കൂളുകളിൽ പഠിക്കുന്നുണ്ട്. ഈ അധ്യയനവർഷംതന്നെ കുട്ടികളെ പിൻവലിക്കാനാണു നിർദേശം.


കുട്ടികളെ സ്കൂളിൽ വിടാൻ പറ്റാത്ത സ്‌ഥലം എന്നതിലേക്ക് പാക്കിസ്‌ഥാനെ തരംതാഴ്ത്തുകയാണ് ഇതുവഴി. ആനുകാലികമായി നടത്തുന്ന വിലയിരുത്തലിന്റെ ഭാഗമായാണ് ഈ തരംതാഴ്ത്തൽ എന്നു വിദേശകാര്യവക്‌താവ് വികാസ് സ്വരൂപ് പറഞ്ഞു.

എന്നാൽ കാഷ്മീരിലെ പ്രക്ഷോഭകരെ പ്രോത്സാഹിപ്പിക്കുന്ന വിധമുള്ള പാക് നടപടികൾക്കുള്ള തിരിച്ചടിയാണിതെന്നു വ്യക്‌തം. അയൽബന്ധം നാൾതോറും മോശമായിവരുന്നതിന്റെ ഫലമാണിത്.

കാഷ്മീരിനെ പാക്കിസ്‌ഥാന്റെ ഭാഗമാക്കാനുള്ള കുടിലതന്ത്രങ്ങളാണ് നടപ്പാക്കുന്നതെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.