സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത: സത്യവാങ്മൂലം കാണാനില്ലെന്നു കമ്മീഷൻ
സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത: സത്യവാങ്മൂലം കാണാനില്ലെന്നു കമ്മീഷൻ
Sunday, July 24, 2016 12:11 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കോൺഗ്രസ് നേതാവ് കപിൽ സിബൽ എന്നിവർ 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ മത്സരിച്ചപ്പോൾ സമർപ്പിച്ചിരുന്ന സത്യവാങ്മൂലത്തിന്റെ യഥാർഥ പ്രതികൾ കണ്ടെത്താനായില്ലെന്നു സംസ്‌ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതകൾ വ്യാജമാണെന്ന പരാതിയിൽ ഡൽഹി കോടതി നൽകിയ നോട്ടീസിനു മറുപടിയായാണു സംസ്‌ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യമ റിയിച്ചത്. എന്നാൽ, സത്യവാങ്മൂലത്തിന്റെയും മറ്റു രേഖകളുടെയും പകർപ്പുകൾ വെബ്സൈറ്റിൽ ലഭ്യമാണെന്നും കമ്മീഷൻ വ്യക്‌തമാക്കി.

വിവിധ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച സ്മൃതി ഇറാനി നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്ന പരാതിയിൽ സത്യവാങ്മൂലത്തിന്റെ യഥാർഥ പകർപ്പ് ഹാജരാക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോടു നിർദേശിച്ചിരുന്നു. ഇതിനുള്ള വിശദീകരണത്തിലാണ് 2004ൽ മത്സരിച്ച സ്‌ഥാനാർഥികൾ നൽകിയ രേഖകളുടെ യഥാർഥ പകർപ്പുകൾ കണ്ടെത്താനായില്ലെന്നു കമ്മീഷൻ മെട്രോപൊളീറ്റൻ മജിസ്ട്രേറ്റ് ഹർവീന്ദർ സിംഗിനെ അറിയിച്ചത്. അതേസമയം, കേസിൽ പരാതിക്കാരനായ അഹ്മർ ഖാന്റെ വാദം പൂർത്തിയാക്കിയ കോടതി, അടുത്ത വാദം 27ലേക്കു മാറ്റി.


2004 മുതലുള്ള തെരഞ്ഞെടുപ്പുകളിലായി സ്മൃതി ഇറാനി തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ സത്യവാങ്മൂലങ്ങളിൽ വിദ്യാഭ്യാസ യോഗ്യത പല തരത്തിലാണ് കാണിച്ചിരുന്നതെന്നും അവയൊന്നും യഥാർഥമല്ലെന്നുമാണ് പരാതിക്കാരൻ വാദിച്ചത്. 2004 ഏപ്രിലിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഡൽഹി സർവകലാശാലയിൽനിന്ന് 1996ൽ ബിഎ പൂർത്തിയാക്കിയതായും രാജ്യസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 2011 ജൂലൈയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഡൽഹി സർവകലാശാലയിൽനിന്നു ബികോം ഒന്നാം വർഷമെന്നും, 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡൽഹി സർവകലാശാലയുടെ ബികോം ഒന്നാം വർഷം പൂർത്തിയാക്കിയെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സത്യവാങ്മൂലത്തിൽ വ്യാജ വിവരം നൽകിയ സ്മൃതി ഇറാനിക്കെതിരേ ജനപ്രാതിനിധ്യ നിയമവും ഇന്ത്യൻ ശിക്ഷാ നിയമവും പ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണു പരാതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.