സ്ത്രീകളെ ഭീഷണിപ്പെടുത്തിയ ആപ് എംഎൽഎ അറസ്റ്റിൽ
സ്ത്രീകളെ ഭീഷണിപ്പെടുത്തിയ ആപ് എംഎൽഎ അറസ്റ്റിൽ
Sunday, July 24, 2016 12:11 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ ഒരു എംഎൽഎയെക്കൂടി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഓഖ്ല എംഎൽഎ അമാനത്തുള്ള ഖാനെയാണ് സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഇന്നലെ അറസ്റ്റ് ചെയ്തത്. വൈദ്യുതിക്ഷാമത്തെക്കുറിച്ചു പരാതി നൽകുന്നതിനായി എംഎൽഎയുടെ വസതിയിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന എഎപി പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുകയായിരുന്നെന്ന് ജാമിയ നഗർ സ്വദേശിനിയായ സ്ത്രീ നൽകിയ പരാതിയിൽ പറയുന്നു.

ടെലിഫോണിൽ വിളിച്ചു പരാതി പറഞ്ഞപ്പോൾ എംഎൽഎയാണ് വസതിയിലെത്താൻ നിർദേശിച്ചതെന്നും അവിടെയെത്തിയപ്പോൾ തന്നെ കാണാൻ എംഎൽഎ തയാറായില്ലെന്നും പരാതിക്കാരി പറയുന്നു. തുടർന്ന് മടങ്ങാനൊരുങ്ങവേയാണ് ഒരു യുവാവ് ഭീഷണിപ്പെടുത്തിയത്. പ്രശ്നം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. എംഎൽഎയുടെ നിർദേശപ്രകാരമാണ് ഈ സംഭവമുണ്ടായതെന്നും യുവതി ആരോപിച്ചു. ഈ യുവാവിനെതിരേയും കേസെടുത്തിട്ടുണ്ട്. എന്നാൽ സംഭവം നടന്ന ദിവസം താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നും പരാതി വ്യാജമാണെന്നുമാണ് എംഎൽഎയുടെ വിശദീകരണം.


അമാനത്തുള്ള ഖാനെ പിടികൂടിയതിനു പിന്നാലെ, “മോദി വീണ്ടും ഒരു എംഎൽഎയെക്കൂടി അറസ്റ്റ് ചെയ്യിച്ചിരിക്കുന്നു’ എന്ന് ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ ട്വീറ്റ് ചെയ്തു. എഎപിയുടെ സ്ത്രീവിരുദ്ധ മനോഭാവമാണ് ഓരോ സംഭവത്തിലൂടെയും പുറത്തുവരുന്നതെന്ന് ഇതിനു ബിജെപി നേതാവ് സതീഷ് ഉപാധ്യായ മറുപടി നൽകി.

കുടിവെള്ള പ്രശ്നം സംബന്ധിച്ച പരാതി പറയാൻ ചെന്നപ്പോൾ മോശമായി പെരുമാറിയെന്ന പരാതിയെത്തുടർന്ന് രണ്ട് എംഎൽഎമാരെ ഏതാനും ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.