ചിത്രകാരൻ എസ്.എച്ച്. റാസ അന്തരിച്ചു
ചിത്രകാരൻ എസ്.എച്ച്. റാസ അന്തരിച്ചു
Saturday, July 23, 2016 1:57 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയിലെ ആധുനിക ചിത്രകലയുടെ ആചാര്യൻ സയ്യിദ് ഹൈദർ റാസ (94) അന്തരിച്ചു. ദീർഘ കാലത്തെ വിദേശവാസത്തിനുശേഷം ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്കു മടങ്ങിയെത്തിയ എസ്.എച്ച്. റാസ രോഗം മൂലം അവശനിലയിലായിരുന്നു.

1970ൽ ചിത്രകലാലോകത്തിനു പരിചയപ്പെടുത്തിയ ചിത്രമെഴുത്തു രീതിയായ ബിന്ദുവിലൂടെയാണ് അദ്ദേഹം വരയുടെ കുലപതിയായി മാറുന്നത്. ചിത്രകലാ ജീവിതത്തിലുടനീളം ബിന്ദുക്കളെക്കുറിച്ചു പറഞ്ഞുകൊണ്ടിരുന്ന റാസ, ബിന്ദുവിനെ ജീവിതത്തിന്റെ വിത്ത് എന്നാണു വിശേഷിപ്പിച്ചിരുന്നത്. കോടിക്കണക്കിനു രൂപയ്ക്കാണ് റാസയുടെ ചിത്രങ്ങൾ ലേലത്തിൽ വിറ്റു പോയിരുന്നത്. 2010ൽ ക്രിസീറ്റീസിലൂടെ റാസയുടെ സൗരാഷ്ട്ര എന്ന ചിത്രം 16.42 കോടി രൂപയ്ക്കാണു വിറ്റുപോയത്. മഹാഭാരതം എന്നൊരു ചിത്രം വിറ്റത് 1.05 കോടി രൂപയ്ക്കും.


1922ൽ മധ്യപ്രദേശിലെ ബബറിയയിലാണ് എസ്.എച്ച്. റാസ ജനിച്ചത്. നാഗ്പുർ ആർട്സ് സ്കൂളിലും ജെ.ജെ. സ്കൂൾ ഓഫ് ആർട്സിലും ചിത്രകലാപഠനം നടത്തിയ റാസ 1950ൽ ഫ്രഞ്ച് സർക്കാരിന്റെ സ്കോളർഷിപ്പ് ലഭിച്ചതോടെയാണ് ഫ്രാൻസിലെത്തിയത്. പിന്നീട് തന്റെ ചിത്രങ്ങളുടെ പ്രദർശനവുമായി യൂറോപ്പിലാകെ സഞ്ചരിച്ചു. ഫ്രഞ്ച് സർക്കാരിന്റെ പ്രീദ് ലാ ക്രിട്ടിക് പുരസ്കാരം നേടിയ ആദ്യ വിദേശപൗരനാണ് ഇദ്ദേഹം. പരമോന്നത ബഹുമതികളായ പദ്മ പുരസ്കാരങ്ങളെല്ലാം നൽകിയാണ് രാജ്യം റാസയെ ആദരിച്ചത്. 1981ൽ ലളിതകലാ അക്കാദമി ഫെലോ പദവിയും ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.