ഡൽഹിയിൽ മലയാളിയുടെ മരണം: യുവതി അറസ്റ്റിൽ
Saturday, July 23, 2016 12:50 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹി മയൂർവിഹാർ എക്സ്റ്റൻഷനിലെ ഫ്ളാറ്റിൽ ആലുവ സ്വദേശിയായ പി.ബി. വിജയകുമാറിനെ (65) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ഡൽഹി പാലം സ്വദേശിനിയായ 26കാരിയാണ് അറസ്റ്റിലായത്. ഒന്നര വർഷമായി ജോലി വാഗ്ദാനം ചെയതു വിജയകുമാർ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ പ്രതികാരമായിട്ടാണു കൊല നടത്തിയതെന്നു യുവതി മൊഴി നൽകിയതായി കിഴക്കൻ ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഋഷിപാൽ സിംഗ് പത്രസമ്മേളനത്തിൽ അറിയിച്ചു. വിജയകുമാറിനൊപ്പം മറ്റു രണ്ടു പേരും തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, ഇവരുടെ വിവരങ്ങൾ കൂടുതൽ അന്വേഷണത്തിനുശേഷം വ്യക്‌തമാകുമെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ പേരോ മറ്റു വിശദവിവരങ്ങളോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഉത്തർ പ്രദേശിലെ ബസ്തി സ്വദേശിനിയും ബിരുദധാരിയുമായ യുവതി 2014ലാണ് ഡൽഹിയിലെത്തിയത്. ഈ വർഷം ജനുവരിയിൽ വിവാഹിതയാവുകയും ചെയ്തു.

ആലുവ ചൊവ്വര സ്വദേശിയും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽനിന്നും വിരമിച്ച ഉദ്യോഗസ്‌ഥനുമായ വിജയകുമാറിനെ ഇക്കഴിഞ്ഞ 20ന് ഉച്ചയ്ക്കാണ് സ്വന്തം ഫ്ളാറ്റിലെ കിടപ്പുമുറിയിൽ കുത്തേറ്റു മരിച്ച നലയിൽ കണ്ടെത്തിയത്. ആദായനികുതി വകുപ്പിലെ ഉദ്യോഗസ്‌ഥയായ ഭാര്യ വസുന്ധരാദേവി ഓഫീസിൽ പോയ സമയത്താണ് കൊലപാതകം നടന്നത്. ഫ്ളാറ്റിൽനിന്നും എൽസിഡി ടിവിയും മോഷ്‌ടിക്കപ്പെട്ടിരുന്നു. ടെലിവിഷൻ സെറ്റുമായി ഒരു യുവതി അപ്പാർട്ട്മെന്റിന്റെ ഗേറ്റ് കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ അന്നേദിവസംതന്നെ പോലീസിനു ലഭിച്ചിരുന്നു. ഇതു പിന്തുടർന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.


20ന് രാവിലെ പത്തു മണിയോടെയാണു ഫ്ളാറ്റിലെത്തിയ യുവതി രണ്ടു മണിക്കൂറിന് ശേഷമാണു പുറത്തേക്ക് പോയത്. ഇത് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്‌തമായിട്ടുണ്ട്. ടിവിയുമായി പോകുന്ന യുവതിയുടെ ദൃശ്യങ്ങൾ കുടുംബാംഗങ്ങളെ പോലീസ് കാണിച്ചെങ്കിലും അവർ പ്രതിയെ തിരിച്ചറിഞ്ഞിരുന്നില്ല. തുടർന്ന്, വിജയകുമാറിന്റെ മൊബൈൽ ഫോണിലെ നമ്പറുകളും കോൾ ലിസ്റ്റും ശേഖരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്.

2014 ഒക്ടോബറിൽ ഒരു സുഹൃത്ത് വഴിയാണു യുവതി വിജയകുമാറിനെ പരിചയപ്പെടുന്നത്. തുടർന്ന് കുടുംബാംഗങ്ങൾ വീട്ടിലില്ലാത്ത സമയത്ത് തന്നെ വിജയകുമാർ വീട്ടിലേക്കു വിളിച്ചുവരുത്തിയിരുന്നതായി യുവതി മൊഴി നൽകിയിട്ടുണ്ട്. ഏഴു തവണ സമാചാർ അപ്പാർട്ട്മെന്റിലെ ഫ്ളാറ്റിൽ ഇതിന് മുമ്പു വന്നിട്ടുണ്ട്. ഒരു തവണ ലോധി റോഡിൽ വച്ചും ഇരുവരും കണ്ടുമുട്ടിയിട്ടുണ്ട്. ജോലി തരപ്പെടുത്തി നൽകുമെന്ന് വാഗ്ദാനം നൽകിയിരുന്നതിനാലാണ് വിജയകുമാറുമായി ബന്ധം പുലർത്തിയിരുന്നതെന്നാണു യുവതി നൽകിയിട്ടുള്ള മൊഴി. വിജയകുമാറിനെ കൂടാതെ അദ്ദേഹത്തിന്റെ പ്രായത്തിലുള്ള മറ്റു രണ്ടുപേർകൂടി തന്നെ ചൂഷണം ചെയ്തിട്ടുണ്ടെന്നു യുവതി മൊഴി നൽകിയിട്ടുണ്ടെങ്കിലും ഇതിന്റെ സത്യാവസ്‌ഥ പോലീസ് അന്വേഷിച്ചുവരുകയാണ്. കൊലപാതകം നടന്ന ദിവസം വിജയകുമാർ വിളിച്ചുവരുത്തി തന്നെ ചൂഷണം ചെയ്തതിന്റെ വൈരാഗ്യത്തിലാണു കൃത്യം നടത്തിയത്. താനുമായുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് വിജയകുമാർ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.