വീട്ടിൽനിന്നു പാർലമെന്റിനകത്തേക്കുള്ള വഴി ഫേസ്ബുക്കിലിട്ട് ആപ് എംപി ആപ്പിലായി
വീട്ടിൽനിന്നു പാർലമെന്റിനകത്തേക്കുള്ള വഴി ഫേസ്ബുക്കിലിട്ട് ആപ് എംപി ആപ്പിലായി
Friday, July 22, 2016 12:49 PM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: പാർലമെന്റിനകത്തേക്കു സുരക്ഷാ സംവിധാനങ്ങളിലൂടെയുള്ള പ്രവേശനം മൊബൈൽ കാമറയിൽ പകർത്തി ഫേസ്ബുക്കിലിട്ട ആം ആദ്മി പാർട്ടി എംപി ഭഗവന്ത് മനെതിരേ പാർലമെന്റിൽ രൂക്ഷപ്രതിഷേധം. സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച എംപിക്കെതിരേ കർശന നപടിയെടുക്കുമെന്ന് ഇന്നലെ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ വ്യക്‌തമാക്കി. എംപിക്കെതിരേ ഡൽഹി പോലീസും കേസെടുത്തിട്ടുണ്ട്.

മനെതിരേ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടു പാർലമെന്റിന്റെ ഇരുസഭകളിലും വൻ പ്രതിഷേധമാണ് ഇന്നലെ ഉയർന്നത്. ലോക്സഭയും രാജ്യസഭയും ഭരണപക്ഷം സ്തംഭിപ്പിച്ചു. ബഹളത്തിനിടെ ഭഗവന്ത് മനെ സ്പീക്കർ വിളിച്ചു വിവരങ്ങളാരാഞ്ഞിരുന്നു. അറിവില്ലാതെ ചെയ്ത കാര്യമാണെന്നു വിശദീകരിച്ച് സംഭവത്തിൽ മൻ മാപ്പു പറഞ്ഞു. സ്പീക്കർക്കു നൽകിയ കത്തിലാണ് നിരുപാധികം മാപ്പപേക്ഷിച്ചത്. സഭയിൽ മാപ്പു പറയാൻ തയാറാണെന്നും അന്വേഷണത്തെ നേരിടാമെന്നും മൻ വ്യക്‌തമാക്കി.

എന്നാൽ, മാപ്പുകൊണ്ടു മാത്രം കാര്യമില്ലെന്നും എല്ലാ പാർട്ടിയംഗങ്ങളും വിഷയത്തിൽ അസ്വസ്‌ഥരാണെന്നും അന്വേഷണത്തിനു പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും സ്പീക്കർ സുമിത്ര മഹാജൻ പറഞ്ഞു. 2001 ഡിസംബർ 13നുണ്ടായ പാർലമെന്റ് ആക്രമണത്തിൽ 13 പേർക്കാണ് ജീവൻ നഷ്‌ടപ്പെട്ടതെന്ന് ഓർക്കണമെന്നും സ്പീക്കർ പറഞ്ഞു. മൻ പതിവായി പാർലമെന്റിൽ മദ്യപിച്ചാണ് വരുന്നതെന്ന പരാതിയിലും അന്വേഷണം നടത്തുമെന്നും സുമിത്ര മഹാജൻ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പഞ്ചാബിൽ നിന്നുള്ള ആം ആദ്മി പാർട്ടി എംപിയാണ് ഭഗവന്ത് മൻ. ദളിത് വിഷയങ്ങളിൽ പ്രതിപക്ഷം തുടർച്ചയായി ആഞ്ഞടിക്കുന്നതിനിടെ ഭരണപക്ഷത്തിനു വീണു കിട്ടിയ പിടിവള്ളിയായി മന്റെ വീഡിയോ വിഷയം.

ലോക്സഭ ഇന്നലെ ചേർന്ന ഉടൻ തന്നെ വിഷയം ഉന്നയിച്ച് ഭരണകക്ഷി പ്രതിഷേധം ആരംഭിച്ചു. ബിജെപി അംഗങ്ങളായ കിരിത് സോമയ്യയും മഹേഷ് ഗിരിയും ഭഗവന്ത് മനെതിരേ അച്ചടക്ക ലംഘനത്തിനു നോട്ടീസ് നൽകിയിരുന്നു. എംപിക്കെതിരേ നടപടിയാവശ്യപ്പെട്ടു ബിജെപി, ശിരോമണി അകാലിദൾ എംപിമാർ സഭയിൽ എഴുന്നേറ്റു നിന്നു.


ഇതിനിടെ ആർജെഡി, ജെഡിയു, സമാജ് വാദി പാർട്ടി എംപിമാർ മനെതിരേ നപടിയാവശ്യപ്പെട്ടു നടുത്തളത്തിലിറങ്ങി. ഇതോടെ സ്പീക്കർ 12 മണി വരെ സഭ പിരിച്ചുവിട്ടു.

എംപിയുടെ പ്രവൃത്തി അതീവ ഗുരുതരമാണെന്നും വിഷയം തന്റെ പരിഗണനയിലാണെന്നും സ്പീക്കർ വ്യക്‌തമാക്കി. ഫേസ്ബുക്കിലിട്ട 12 മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ എംപി തന്റെ വസതിയിൽ നിന്നു പുറപ്പെടുന്നതു മുതൽ പാർലമെന്റിനകത്തു കയറുന്നതു വരെയുള്ള ദൃശ്യങ്ങളാണുള്ളത്.

ശൂന്യവേളയിൽ ഉന്നയിക്കുന്നതിനുള്ള ചോദ്യങ്ങൾ ഉദ്യോഗസ്‌ഥർ തെരഞ്ഞെടുക്കുന്ന പ്രക്രിയയും മൻ ചിത്രീകരിച്ചിരുന്നു. നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കാര്യം കാണിച്ചുതരാം എന്ന കമന്ററിയോടെയാണു മാൻ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സംഭവം വിവാദമായപ്പോൾ താൻ ഇനിയും ഇതുപോലെ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കുമെന്ന മന്റെ പ്രതികരണം പ്രതിഷേധം കൂടുതൽ ആളിക്കത്തിച്ചു. തന്നെ വോട്ടു ചെയ്തു ജയിപ്പിച്ച പഞ്ചാബിലെ ജനങ്ങളെ പാർലമെന്റ് പ്രവർത്തന രീതികൾ കാണിച്ചു കൊടുക്കാനാണു വീഡിയോ ചിത്രീകരിച്ചു ഫേസ്ബുക്കിലിട്ടതെന്നായിരുന്നു മന്റെ വിശദീകരണം.

മനെ എംപി സ്‌ഥാനത്തുനിന്നു പുറത്താക്കണമെന്ന് ശിവസേന എംപി ആനന്ദറാവു ആവശ്യപ്പെട്ടു. എഐഎഡിഎംകെയും എംപിക്കെതിരേ നടപടിയാവശ്യപ്പെട്ടു. ഇതിനിടെ ആർജെഡിയും സമാജ് വാദി പാർട്ടിയും പ്ളാക്കാർഡുകളുമായി വീണ്ടും നടുത്തളത്തിലിറങ്ങിയതോടെ സ്പീക്കർ സഭ ഇന്നലത്തേക്കു പിരിച്ചുവിട്ടു.

ഭഗവന്ത് മനെതിരേ നടപടിയാവശ്യപ്പെട്ടു ബിജെപി രാജ്യസഭയിലും വൻ പ്രതിഷേധമുയർത്തി. ബഹളത്തെത്തുടർന്ന് സംഭവത്തിൽ ഉചിതമായ നടപടിയെടുക്കാമെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ ഉറപ്പു നൽകി. ബഹളത്തിൽ ഇന്നലെ ഉച്ചയ്ക്കു മുൻപ് രണ്ടുവട്ടം പിരിഞ്ഞ സഭ ഉച്ചയ്ക്കു ശേഷം ചേർന്നപ്പോഴും ഭരണപക്ഷം ബഹളം തുടർന്നു. ഇതോടെ സഭ തിങ്കളാഴ്ച ചേരുന്നതിനായി ഇന്നലെ പതിവിലും നേരത്തേ പിരിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.