കേരളത്തിലെ കോൺഗ്രസ് പ്രതിസന്ധി: ഹൈക്കമാൻഡ് ചർച്ച ജൂലൈ ഏഴിന്
കേരളത്തിലെ കോൺഗ്രസ് പ്രതിസന്ധി: ഹൈക്കമാൻഡ് ചർച്ച ജൂലൈ ഏഴിന്
Saturday, June 25, 2016 11:42 AM IST
<ആ>ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായുള്ള ഹൈക്കമാൻഡിന്റെ ചർച്ച ജൂലൈ ഏഴിന് ഡൽഹിയിൽ. സംസ്‌ഥാന കോൺഗ്രസിലെ നേതൃതല പുനഃസംഘടന അടക്കമുള്ള പ്രശ്നങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയും ഗ്രൂപ്പു വഴക്കുകളും രാഹുൽ ഗാന്ധിയുമായി അമ്പതോളം നേതാക്കൾ നടത്തുന്ന ചർച്ചയിൽ വിഷയമാകും.

തെരഞ്ഞെടുപ്പു പരാജയത്തിനു പ്രധാന ഉത്തരവാദി വി.എം. സുധീരനാണെന്ന വാദവുമായി എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ചു രംഗത്തെത്തിയതു മൂലമുള്ള പ്രതിസന്ധി പരിഹരിക്കണമെന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിർദേശിച്ചിട്ടുണ്ട്. സുധീരനെ വച്ചു മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ഇരു ഗ്രൂപ്പ് പ്രതിനിധികളും സോണിയയെ നേരിൽ കണ്ടു വ്യക്‌തമാക്കിയിരുന്നു. കെപിസിസി അധ്യക്ഷ പദവിയിൽ സുധീരനെ തുടരാൻ അനുവദിച്ചാൽ സംസ്‌ഥാനത്തു കോൺഗ്രസ് കൂടുതൽ ദുർബലമാകുമെന്ന പ്രധാന നേതാക്കളുടെ ഭീഷണിയും ഹൈക്കമാൻഡിനെ അലട്ടുന്നുണ്ട്.

പ്രതിപക്ഷ നേതൃസ്‌ഥാനവും യുഡിഎഫ് ചെയർമാൻ സ്‌ഥാനവും ഏറ്റെടുക്കാതെ ഉമ്മൻ ചാണ്ടി മാറി നിൽക്കുന്നത് സുധീരനെ തെറിപ്പിക്കാനുള്ള സമ്മർദം ശക്‌തമാക്കാനാണെന്നു സുധീരൻ അനുകൂലികൾ കരുതുന്നു. എന്നാൽ, ഗ്രൂപ്പുകളി ഇല്ലാതാക്കാനും പാർട്ടിയെ വിജയത്തിലേക്കു നയിക്കാനും നിയോഗിച്ച സുധീരൻ ചുമതലയേറ്റശേഷം സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കിയെന്നു എ, ഐ വിഭാഗങ്ങൾ ആരോപിച്ചു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു ചില കോൺഗ്രസ് നേതാക്കൾക്കെതിരേ പ്രതിപക്ഷം പോലും സ്വീകരിക്കാത്ത കടുത്ത നിലപാടുകളെടുത്തു പാർട്ടിയെയും മുന്നണിയെയും വെട്ടിലാക്കിയതു പൊറുക്കാനാകില്ലെന്നു അവർ പറയുന്നു.

കെപിസിസിയിലെ നേതൃമാറ്റം ഏഴിലെ ഡൽഹി ചർച്ചയുടെ ഔദ്യോഗിക അജൻഡയിൽ ഇല്ലെങ്കിലും ഇക്കാര്യം ഉന്നയിക്കാൻ പ്രമുഖ നേതാക്കൾ മടിക്കില്ല. സുധീരൻ മാറണമെന്നു വാശി പിടിക്കുന്നവർ തന്നെ, അദ്ദേഹത്തെ ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറിയായി മാറ്റുന്നതാണ് ഉചിതമെന്നും നിർദേശിക്കുന്നുണ്ട്.


ഉമ്മൻ ചാണ്ടി മന്ത്രിസഭയെ താഴെയിറക്കാനായി ഘടകകക്ഷികളുടെയും കോൺഗ്രസിന്റെയും മന്ത്രിമാർക്കെതിരേ രമേശ് ചെന്നിത്തല കരുക്കൾ നീക്കിയെന്നു എ വിഭാഗത്തിലെ ചിലർ ആരോപിക്കുന്നുണ്ട്. പ്രതിപക്ഷ നേതൃസ്‌ഥാനവും ഭാവിയിൽ മുഖ്യമന്ത്രിക്കസേരയും ലക്ഷ്യമിട്ടായിരുന്നു ഐ ഗ്രൂപ്പുകാരാനായ മന്ത്രി അടൂർ പ്രകാശിനെ കൂട്ടുപിടിച്ചുള്ള രമേശിന്റെ കള്ളക്കളിയെന്നു ഒരു പ്രമുഖ എ ഗ്രൂപ്പ് നേതാവ് സോണിയയെ നേരിട്ടുകണ്ട് അറിയിച്ചിരുന്നു. ബിജെപിയുമായി രഹസ്യബാന്ധവത്തിനു രമേശ് ശ്രമിച്ചോയെന്നുവരെയും സംശയിക്കുന്നുവെന്നും ഇദ്ദേഹം സോണിയയോടു പറഞ്ഞു. സംസ്‌ഥാനത്തെ ഏറ്റവും സമ്മതനായ ഉമ്മൻ ചാണ്ടി നേതൃത്വത്തിൽനിന്നു പൂർണമായി വിട്ടുനിൽക്കുന്നതിനു പിന്നിൽ സുധീരനും രമേശും പിന്നിൽനിന്നു കുത്തിയതാണെന്നും എ വിഭാഗം കുറ്റപ്പെടുത്തി.

വിവിധ നേതാക്കളുമായി ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും ചർച്ചകൾ നടത്തിയശേഷം സംഘടന പ്രവർത്തനം ശക്‌തമാക്കുന്നതിനുള്ള കർമരേഖ തയാറാക്കാനാണു ഡൽഹി ചർച്ചയുടെ പ്രധാന ആലോചന. മുതിർന്ന നേതാവ് എ.കെ. ആന്റണിയും സംസ്‌ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും സെക്രട്ടറി ദീപക് ബാബ്രിയയും ഡൽഹി ചർച്ചകളിൽ സജീവമായുണ്ടാകും. ഡൽഹിയിലേക്കു ക്ഷണിക്കേണ്ട നേതാക്കളുടെ പേരുകൾ ദിവസങ്ങൾക്കുള്ളിൽ എഐസിസി തീരുമാനിക്കും.

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.എം. സുധീരൻ എന്നീ ത്രയങ്ങളെ ആശ്രയിച്ചു മാത്രം ഭാവിയിൽ മുന്നോട്ടു പോകാനാകില്ലെന്നതാണു ഹൈക്കമാൻഡ് നിലപാട്. യുവനേതാക്കൾക്കു കേരളത്തിലെ പാർട്ടിയിലും പദവികൾ നൽകിയാലേ യുവതലമുറയെ ആകർഷിക്കാനാകൂ എന്നും ഹൈക്കമാൻഡ് കരുതുന്നു. നേതൃതലത്തിൽ അഴിച്ചുപണിയോടൊപ്പം സംഘടനാ തെരഞ്ഞെടുപ്പു നടത്തണമെന്നതാണു രാഹുലിന്റെ പദ്ധതി. രാജ്യവ്യാപകമായി ഡിസംബറിനു മുമ്പു സംഘടന തെരഞ്ഞെടുപ്പു ഘട്ടം ഘട്ടമായി പൂർത്തിയാക്കാനാണു എഐസിസിയുടെ ആലോചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.