എൻഐടി ഫീസ് കുത്തനെ വർധിപ്പിച്ചു
Saturday, June 25, 2016 10:55 AM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻഐടി) ഫീസ് നിരക്ക് കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ചു. ഐഐടികളിലെ ഫീസ് നിരക്ക് കുത്തനെ വർധിപ്പിച്ചതിനു പിന്നാലെയാണ് ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രങ്ങളായ എൻഐടിയിലെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് എഡ്യുക്കേഷൻ ആന്റ് റിസേർച്ചിലെയും (ഐഐഎസ്ഇആർ) ഫീസും ഗണ്യമായി വർധിപ്പിച്ചിരിക്കുന്നത്.

എൻഐടികളിൽ 79 ശതമാനവും ഐഐഎസ്ഇആറിൽ 127 ശതമാനവുമാണ് വർധന. നിലവിൽ 70,000 രൂപ വാർഷിക ഫീസ് നൽകുന്ന എൻഐടി വിദ്യാർഥികൾ ഇനി ഒന്നേകാൽ ലക്ഷം രൂപ ഫീസ് നൽകണം. ഐഐഎസ്ഇആറിൽ ഇരട്ട ഡിഗ്രി കോഴ്സിനു 25,000 രൂപ ഉണ്ടായിരുന്ന ഫീസ് വർധിപ്പിച്ച് ഒരു ലക്ഷത്തി പതിനായിരം രൂപയാക്കി.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു ഫീസ് വർധിപ്പിക്കാനുള്ള തീരുമാനമെടുത്തത്. ജനറൽ കാറ്റഗറി വിദ്യാർഥികൾക്ക് മാത്രമാണ് എൻഐടി ഫീസ് വർധന ബാധിക്കുക എന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു. പട്ടിക ജാതിവർഗ വിദ്യാർഥികൾ, ശാരീരിക വ്യതിയാനങ്ങളുള്ളവർ, സാമ്പത്തിക ദുർബല വിഭാഗക്കാർ എന്നിവർക്കു ട്യുഷൻ ഫീസ് പുർണമായും സൗജന്യമായിരിക്കും.


ഒരു ലക്ഷം രുപ വരെ വാർഷിക വരുമാനം ഉള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്കു പൂർണമായി ഇളവു നൽകുമ്പോൾ അഞ്ചു ലക്ഷം വരെ ഉള്ളവർക്കു മൂന്നിൽ രണ്ട് ഇളവു നൽകും. ഇതിനു പുറമെ വിദ്യാർഥികൾക്ക് വിദ്യാലക്ഷ്മി പദ്ധതി പ്രകാരം പലിശ രഹിത വായ്പയും ലഭിക്കും. രാജ്യത്ത് 31 എൻഐടികളും ആറ് ഐഐഎസ്ഇആറുകളുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.