കേന്ദ്രം ബില്ലുകൾ മടക്കി; പൂർണ സംസ്‌ഥാനത്തിനായി ഹിതപരിശോധനയെന്നു കേജരിവാൾ
കേന്ദ്രം ബില്ലുകൾ മടക്കി; പൂർണ സംസ്‌ഥാനത്തിനായി ഹിതപരിശോധനയെന്നു കേജരിവാൾ
Friday, June 24, 2016 1:25 PM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും കേന്ദ്ര–സംസ്‌ഥാന പോരാട്ടത്തിനു കളമൊരുങ്ങുന്നു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സർക്കാർ അംഗീകാരത്തിനായി അയച്ച 14 ബില്ലുകൾ കേന്ദ്ര സർക്കാർ മടക്കി. ഇതിനിടെ, ബ്രെക്സിറ്റ് മാതൃകയിൽ ഡൽഹിക്കു പൂർണ സംസ്‌ഥാന പദവി കിട്ടാൻ ഹിതപരിശോധന നടത്തുമെന്നു പ്രസ്താവിച്ചു കേജരിവാളും രംഗത്തെത്തി.

കഴിഞ്ഞ വർഷം ഡൽഹി സംസ്‌ഥാന സർക്കാർ കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയച്ച 14 ബില്ലുകളാണു നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചു മടക്കിയിരിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പു പ്രഖ്യാപനങ്ങളിലെ സുപ്രധാനമായ ലോക്പാൽ ബില്ലും ഇതിൽ ഉൾപ്പെടുന്നു.

എല്ലാ നിബന്ധനകളും നടപടിക്രമങ്ങളും പാലിച്ചു പത്തു തവണ അയച്ചിട്ടും ബില്ലുകൾ പാസാക്കാത്തതു കേന്ദ്രത്തിന്റെ താത്പര്യക്കുറവാണു വ്യക്‌തമാക്കുന്നതെന്നു കേജരിവാൾ പറഞ്ഞു. എല്ലാ രീതിയിലും ഡൽഹി സർക്കാരിനെ മുട്ടുകുത്തിക്കാനാണു കേന്ദ്രത്തിന്റെ ശ്രമം. ഡൽഹിയുടെ ഹെഡ്മാസ്റ്റർ എന്ന നിലയ്ക്കാണു കേന്ദ്ര സർക്കാർ ഇപ്പോൾ പെരുമാറുന്നതെന്നും കേജരിവാൾ വ്യക്‌തമാക്കി.

സംസ്‌ഥാന നിയമസഭയിൽ ബില്ലുകൾ അവതരിപ്പിക്കും മുമ്പു കേന്ദ്രത്തെ അറിയിച്ച് അംഗീകാരം നേടണമെന്നാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിെൻറ വാദം. മുൻ സർക്കാരുകളുടെ കാലത്തൊന്നും ഇത്തരം ഒരു നിബന്ധന നടപ്പാക്കിയിരുന്നില്ല. എന്നാൽ എഴുപതംഗ നിയമസഭയിൽ മൂന്നു ബിജെപി അംഗങ്ങൾ ഒഴികെ ബാക്കി എല്ലാവരും ആം ആദ്മി അംഗങ്ങൾ ആയതുകൊണ്ടു ഡൽഹിയിലെ ഓരോ ചലനവും കേന്ദ്രസർക്കാർ നിരീക്ഷിക്കുന്നുണ്ട്. സംസ്‌ഥാന സർക്കാരിന്റെ തീരുമാനങ്ങളും ബില്ലുകളും ലഫ്റ്റനന്റ് ഗവർണർ ഇടപെട്ട് തടയുന്നതും തള്ളുന്നതും പതിവു സംഭവമാണ്.


യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തുപോകാൻ ബ്രിട്ടൻ നടത്തിയ ഹിതപരിശോധനയുടെ ഫലം പുറത്തുവന്ന സാഹചര്യത്തിലാണു കേജരിവാൾ ഡൽഹിക്കു പൂർണ സംസ്‌ഥാന പദവിക്കായി ഹിതപരിശോധന നടത്തണമെന്ന ആവശ്യം ഉയർത്തിയത്.

ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരമേറ്റ ശേഷം സ്വതന്ത്ര സംസ്‌ഥാന പദവി വേണമെന്ന് ശക്‌തമായി ആവശ്യം ഉന്നയിച്ചിരുന്നു. പോലീസ്, ഭൂമി എന്നിങ്ങനെയുള്ള വകുപ്പുകൾ കേന്ദ്രസർക്കാരിനു കീഴിലാണ്.

കേജരിവാളിന്റെ നിർദേശത്തെ ഡൽഹി പിസിസി അധ്യക്ഷൻ അജയ് മാക്കൻ എതിർത്തു. ഹിത പരിശോധന നടത്തുന്നത് തെറ്റായ കീഴ്വഴക്കമാണ്. ഭരണഘടന ഒരു തരത്തിലുള്ള ഹിത പരിശോധനയ്ക്കും അനുവദിക്കുന്നില്ല. ഡൽഹി ഇത്തരത്തിൽ നീങ്ങിയാൽ ജമ്മു–കാഷ്മീർ ഉൾപ്പെടെയുള്ള പല സംസ്‌ഥാനങ്ങളും ഹിതപരിശോധന ആവശ്യം ഉന്നയിക്കുമെന്നും മാക്കൻ പറഞ്ഞു.

ഡൽഹിക്ക് പൂർണ സംസ്‌ഥാന പദവി നൽകുന്ന കരട് ബിൽ പൊതുജനങ്ങളുടെ അഭിപ്രായത്തിനായി സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനിൽ തുടരുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാൻ കഴിഞ്ഞ വർഷം ഗ്രീസ് ഹിത പരിശോധന നടത്തിയപ്പോഴും കേജരിവാൾ ഇക്കാര്യം ഉന്നയിച്ചിരുന്നു. 2013ൽ കോൺഗ്രസിന്റെ സഹകരണത്തോടെ സർക്കാർ രൂപീകരിക്കാൻ ആം ആദ്മി പാർട്ടി തീരുമാനമെടുത്തത് ഹിതപരിശോധന നടത്തിയാണെന്ന് പാർട്ടി അന്ന് അവകാശപ്പെട്ടിരുന്നു. വിവിധ മണ്ഡലങ്ങളിൽ യോഗങ്ങൾ നടത്തിയാണ് അന്ന് അതു സംബന്ധിച്ചു പാർട്ടി തീരുമാനമെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.